ജോസഫ് അലക്സിന്റെ 27 വര്‍ഷങ്ങള്‍; ആഘോഷമാക്കി മമ്മൂട്ടിയും ഷാജി കൈലാസും
1995 ലാണ് ദി കിംഗ് റിലീസ് ചെയ്തത്
11 Nov 2022 2:30 PM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ദി കിംഗ്'. ചിത്രത്തിലെ ജോസഫ് അലക്സ് ഐ എഎസ് എന്നും മമ്മൂട്ടിയുടെ ഹിറ്റ്ലിസ്റ്റിലുള്ള കഥാപാത്രമാണ്. ജോസഫ് അലകസ് ആയി മമ്മൂട്ടി ബിഗ് സ്ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിടുകയാണ്. സിനിമയുടെ വാര്‍ഷികത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷാജി കൈലാസിന്റെ ആഘോഷ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ 27-ാം വാര്‍ഷികം മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. രഞ്ജി പണിക്കര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം തങ്ങളെ ഫോണില്‍ വിളിച്ചുവെന്നും ഷാജി കൈലാസ് പറഞ്ഞു. രഞ്ജി പണിക്കരുടേതാണ് തിരക്കഥ.
'ഏറ്റവും ധീരനും അദമ്യവുമായ ബ്യൂറോക്രാറ്റായ ജോസഫ് അലക്സ് ഐ എ എസ് ബിഗ് സ്ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചു. ആല്വിന് ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി', ഷാജി കൈലാസ് കുറിച്ചു.
1995 ലാണ് ദി കിംഗ് റിലീസ് ചെയ്തത്. സിനിമ തിയേറ്ററുകലില്‍ വലിയ ഹിറ്റായിരുന്നു. ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത, നീതിക്ക് വേണ്ടി പോരാടുന്ന ധൈര്യശാലിയായ ജോസഫ് അലകസ് ഐഎഎസ് ആയി മമ്മൂട്ടി സ്ക്രീനില്‍ നിറഞ്ഞാടി. മമ്മൂട്ടിയ്ക്ക് പുറമെ ദേവന്, വാണി വിശ്വനാഥ്, മുരളി, സോമന് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് ഗോപിയും കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Story Highlights; Mammootty and Shaji Kailas celebrate 27 years of The King