Top

'ജന ഗണ മന' എത്തി; പ്രേക്ഷകർ കാത്തിരിക്കുന്ന ജൂണിലെ മലയാളം ഒ ടി ടി റിലീസുകൾ

സി ബി ഐ 5 , കെ ജി എഫ് 2 , എന്നിവയാണ് ഇനി വരാനിരിക്കുന്ന പ്രമുഖ ചിത്രങ്ങൾ

3 Jun 2022 5:01 AM GMT
ഫിൽമി റിപ്പോർട്ടർ

ജന ഗണ മന എത്തി; പ്രേക്ഷകർ കാത്തിരിക്കുന്ന ജൂണിലെ മലയാളം ഒ ടി ടി റിലീസുകൾ
X

തിയറ്ററുകളിൽ എന്ന പോലെ തന്നെ ഒ ടി ടി റിലീസിനെത്തുന്ന ഒരുപിടി ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ആസ്വാദകർ. തിയറ്ററുകളിൽ ആരവം തീർത്ത സിനിമകളാണ് ഈ മാസം ഒ ടി ടി റിലീസിനെത്തുന്നവയിൽ പലതും. ജന ഗണ മന, സി ബി ഐ 5 , കെ ജി എഫ് 2 എന്നിവയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന പ്രമുഖ ചിത്രങ്ങൾ.

ഇതിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം 'ജന ഗണ മന' ജൂൺ 2 ന് എത്തിക്കഴിഞ്ഞു. ടിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ്, സൂരജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് റിലീസിനെത്തിയിരിക്കുന്നത്. മംമ്ത മോഹൻദാസ്, ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി എന്നിവർ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം 50 കോടി ക്ലബ്ബിൽ കയറിയിരുന്നു.

കെജിഎഫ് 2/ ആമസോൺ പ്രൈം വീഡിയോ

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തിയ 'കെജിഎഫ് : ചാപ്റ്റര്‍ 2' പാൻ ഇന്ത്യ തലത്തിൽ ഏപ്രില്‍ 14നാണ് തിയറ്റർ റിലീസായെത്തിയത്. ജൂൺ 3 മുതൽ ചിത്രം ആമസോൺ പ്രൈം വരിക്കാർക്ക് സൗജന്യമായി കാണാം. മുൻപേ തന്നെ 199 രൂപ വാടക അടിസ്ഥാനത്തിൽ ചിത്രം ആമസോണ്‍ പ്രൈം വീഡിയോ ലഭ്യമാക്കിയിരുന്നു. പ്രൈം വരിക്കാര്‍ക്കും പ്രൈം വരിക്കാരല്ലാത്തവര്‍ക്കും ചിത്രം ലഭ്യമായിരുന്നു.യാഷിനൊപ്പം ബോളിവുഡ് നടൻ സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നോ വേ ഔട്ട്/ സൈന പ്ലസ്

രമേശ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നോ വേ ഔട്ട്' ജൂൺ 3 ന് ഒ ടി ടി റിലീസ് ചെയ്യും. സൈന പ്ലേയിലൂടെയാണ് ചിത്രം എത്തുന്നത്. ഇന്ത്യക്ക് അകത്ത് ആണ് സൈന പ്ലെയിലൂടെ ചിത്രം സ്ട്രീം ചെയ്യുക. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ്. നാല് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണ്. പിഷാരടിക്ക് പുറമെ ജൂൺ ഫെയിം രവീണ നായഡ, ധർമജൻ ബോൾഗാട്ടി, സംവിധായകൻ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്നലെ വരെ/ സോണി ലിവ്

ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഇന്നലെ വരെ' ജൂൺ 9 ന് ഒ ടി ടി റിലീസിനെത്തുന്നു. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ജിസ് ജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് 'ഇന്നലെ വരെ'. ഈ വിഭാഗത്തിൽ ജിസ് ജോയ് മുൻപ് ചിത്രങ്ങൾ ഒരുക്കിയിട്ടില്ല. ബോബി–സഞ്ജയ് യടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് ജിസ് ജോയ് തന്നെയാണ്.

21 ഗ്രാംസ്/ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന '21 ഗ്രാംസ്' ജൂൺ 10 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്. നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് അണിനിരക്കുന്നത്. ബിബിൻ കൃഷ്ണ തന്നെയാണ്‌ '21 ഗ്രാംസിന്‍റെ' രചന നിർവഹിച്ചിരിക്കുന്നത്.

സിബിഐ 5: ദ് ബ്രെയ്ൻ/ നെറ്റ്ഫ്ലിക്സ്

1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പിൽ ആരംഭിച്ച സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് 'സിബിഐ 5: ദ് ബ്രെയ്ൻ'. മെയ് ഒന്നിന് തിയറ്റർ റിലീസായി എത്തിയ ചിത്രം ജൂൺ 12 ന് നെറ്റ്ഫ്ലിക്സിൽ എത്തും. എസ് എൻ സ്വാമിയുടേതാണ് തിരക്കഥ. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷ്, സായ് കുമാര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. വാഹനാപകടത്തിലെ പരിക്കിനെ തുടർന്ന് വര്‍ഷങ്ങളായി അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതി ശ്രീകുമാർ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Story highlights: malayalam ott releases of june

Next Story