Top

'അൽഫോൻസേ ഒന്ന് ഉഷാറായിക്കേ'; 'ഗോൾഡി'നായുള്ള കട്ട വെയ്റ്റിംഗിലെന്ന് മേജര്‍ രവി

ട്രെയ്‌ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണുള്ളത്.

17 Sep 2022 5:30 AM GMT
ഫിൽമി റിപ്പോർട്ടർ

അൽഫോൻസേ ഒന്ന് ഉഷാറായിക്കേ; ഗോൾഡിനായുള്ള കട്ട വെയ്റ്റിംഗിലെന്ന് മേജര്‍ രവി
X

ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഗോൾഡി'നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഓണം റിലീസ് ആയി പ്രഖ്യാപിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മൂലം റിലീസ് നീട്ടിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായുള്ള തന്റെ കാത്തിരിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ മേജർ രവി.

അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് കവർ ചിത്രത്തിന് താഴെയാണ് മേജർ രവി തന്റെ കാത്തിരിപ്പ് അറിയിച്ചത്. 'അല്‍ഫോന്‍സേ കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ', എന്നാണ് മേജർ രവി കമന്റ് ചെയ്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് വൈകുന്നതിനെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞ വാക്കുകൾ വൈറലാണ്. സിജി, മ്യൂസിക്, കളറിംഗ് എന്നിങ്ങനെ കുറച്ച് വർക്കുകൾ തീരാനുള്ളതാണ് ഓണം റിലീസ് ആയി ചിത്രം എത്തിക്കാനാകാത്തതിന് കാരണം എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. 'ഓണമായിരുന്നു തിയേറ്ററിൽ നിന്ന് നിർദേശിച്ചത്. പക്ഷെ ജോലി തീർന്നില്ല, ഡേറ്റ് അറിയിച്ച ശേഷം റിലീസ് മാറ്റിയതിൽ ക്ഷമ ചോദിക്കുന്നതായുമാണ്' അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലെ പ്രേക്ഷകന്റെ കമൻ്റിന് മറുപടി നൽകുകയായിരുന്നു അൽഫോൻസ് പുത്രൻ.

ട്രെയ്‌ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണുള്ളത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ്‌ അവകാശം. ചിത്രത്തില്‍ ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

story highlights: major ravi expresses his waiting of gold to alphonse puthren

Next Story