Top

ആർ മാധവന്റെ 'റോക്കട്രി' ട്രെയ്‌ലര്‍ ടൈംസ് സ്ക്വയറിൽ; വീഡിയോ പങ്കുവച്ച് താരം

ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്

12 Jun 2022 8:36 AM GMT
ഫിൽമി റിപ്പോർട്ടർ

ആർ മാധവന്റെ റോക്കട്രി ട്രെയ്‌ലര്‍ ടൈംസ് സ്ക്വയറിൽ; വീഡിയോ പങ്കുവച്ച് താരം
X

ആർ മാധവൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ' ട്രെയ്‌ലര്‍ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു. ടൈംസ് സ്ക്വയറിലെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് പ്രദർശനം കാണുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നമ്പി നാരായണനേയും മാധവനൊപ്പം വീഡിയോയിൽ കാണാം. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നാസ്ഡാക്.

നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മാധവൻ തന്നെയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ഏറെ കൈയ്യടികൾ നേടിയിരുന്നു. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനായി നമ്പി നാരയണനും മാധവനും അമേരിക്കൻ പര്യടനത്തിലാണ്. അതിനിടെ ടെക്‌സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസ് 'ജൂണ്‍ 3' നമ്പി ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങളാണ് ലഭിക്കുന്നത്. അമേരിക്കൻ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം ഇരുവരും സുനിത വില്യംസിനെ കണ്ടിരുന്നു. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Story highlights: Madhavans Rocketry trailer launched at times square actor shares video

Next Story