Top

'മഹാവീര്യർ മികച്ച ആക്ഷേപഹാസ്യം'; അനീതികൾക്കെതിരെ സംസാരിക്കുന്നുവെന്ന് മാരി സെൽവരാജ്

ഫാന്റസിയോടൊപ്പം രാഷ്ട്രീയവും പറയുന്ന ചിത്രമാണ് 'മഹാവീര്യർ'.

8 Aug 2022 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

മഹാവീര്യർ മികച്ച ആക്ഷേപഹാസ്യം; അനീതികൾക്കെതിരെ സംസാരിക്കുന്നുവെന്ന് മാരി സെൽവരാജ്
X

എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യരെ' പ്രശംസിച്ച് സംവിധായകൻ മാരി സെൽവരാജ്. അടിച്ചമർത്തപ്പെട്ടവർക്ക് നേരെ നടക്കുന്ന അനീതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന ആക്ഷേപഹാസ്യമാണ് മഹാവീര്യരെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമയെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ചത്.

'സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അടിച്ചമർത്തപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായി സംസാരിക്കുന്ന മികച്ച ആക്ഷേപഹാസ്യമാണ് മഹാവീര്യർ. അണിയറ പ്രവർത്തകർക്ക് ആശംസകൾ', മാരി സെൽവരാജ് ട്വീറ്റ് ചെയ്തു.

അതേസമയം ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഫാന്റസിയോടൊപ്പം രാഷ്ട്രീയവും പറയുന്ന ചിത്രമാണ് 'മഹാവീര്യർ'. പ്രേക്ഷകർക്ക് അനുഭവപ്പെട്ട ആശയക്കുഴപ്പം മൂലം ക്ലൈമാക്‌സ് ഭാഗത്തിൽ മാറ്റങ്ങളോടെയാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്.

നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. എം മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കിയത് എബ്രിഡ് ഷൈൻ തന്നെയാണ്.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

story highlights: maari selvaraj praises mahaveeryar movie

Next Story