Top

'സിനിമയിലെ ആറാട്ടുപുഴ വേലായുധനാണ് വിനയന്‍'; 19ാം നൂറ്റാണ്ട് മലയാളി കാണേണ്ട ചിത്രമെന്ന് മാല പാര്‍വ്വതി

വിനയന് എതിരെ സിനിമയില്‍ ഒളിഞ്ഞും മറഞ്ഞും ആരോപണങ്ങള്‍ ഉയരുമ്പോളും സിനിമയെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ കണ്‍കണ്ട ദൈവമാണ് അദ്ദേഹമെന്ന് മാലാ പാര്‍വതി

10 Sep 2022 10:57 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയിലെ ആറാട്ടുപുഴ വേലായുധനാണ് വിനയന്‍; 19ാം നൂറ്റാണ്ട് മലയാളി കാണേണ്ട ചിത്രമെന്ന് മാല പാര്‍വ്വതി
X

സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമായെത്തിയ 'പത്തൊമ്പതാം നൂറ്റാണ്ടി'നെയും സംവിധായകന്‍ വിനയനെയും പ്രശംസിച്ച് നടി മാലാ പാര്‍വതി. മലയാളികള്‍ കണ്ടിരിക്കേണ്ട ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിന്റെയും അതിനെതിരെ നടന്ന ചെറുത്ത് നില്‍പ്പിന്റെയും കഥയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. ആറാട്ടുപുഴ വേലായുധപണിക്കാരായി എത്തിയ സിജു വില്‍സണിനെയും നങ്ങേലിയെ അവതരിപ്പിച്ച കയാദുവിന്റെയും പ്രകടനത്തെ നടി പ്രശംസിച്ചു.

വിനയന് എതിരെ സിനിമയില്‍ ഒളിഞ്ഞും മറഞ്ഞും ആരോപണങ്ങള്‍ ഉയരുമ്പോളും സിനിമയെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ കണ്‍കണ്ട ദൈവമാണ് അദ്ദേഹമെന്ന് മാലാ പാര്‍വതി അഭിപ്രായപ്പെട്ടു. മാറ്റി നിര്‍ത്തപ്പെടുന്നവന്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധന്റെ കഥ എന്തുകൊണ്ട് സിനിമയാക്കിയെന്ന് ചിത്രം കണ്ടശേഷം മനസിലായെന്നും സിനിമ മേഖലയിലെ ആറാട്ടുപുഴ വേലായുധനാണ് വിനയനെന്നും മാലാ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു

മാലാ പാര്‍വതിയുടെ കുറിപ്പ്

'പത്തൊമ്പതാം നൂറ്റാണ്ട്' കണ്ടു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ തമസ്‌ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തിന്റെ ഓരോ ആസ്പക്ടും എടുത്ത് പറയേണ്ടതാണ്. ആര്‍ട്ട് (അജയന്‍ ചാലിശ്ശേരി)കോസ്റ്റ്യൂം (ധന്യ ബാലകൃഷ്ണന്‍ ) മേക്കപ്പ് (പട്ടണം റഷീദ് )ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികള്‍ കണ്ടിരിക്കേണ്ട ഈഴവര്‍ തൊട്ട് താഴോട്ടുള്ള അധികൃതര്‍ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിന്റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നില്‍പ്പിന്റെ കഥ.

ആറാട്ടുപുഴ വേലായുധന്റെയും, നങ്ങേലിയുടെയും കഥ. ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണ്‍ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. കയാദു ലോഹര്‍ നങ്ങേലിയായും തിളങ്ങി സുദേവ് നായര്‍, അലന്‍സിയര്‍, സുനില്‍ സുഗത, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ ുടങ്ങി ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാം അവനവന്റെ റോളുകള്‍ കെങ്കേമമാക്കി.

എന്നാല്‍ ഈ കുറിപ്പ് എനിക്ക് എഴുതാന്‍ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടര്‍ വിനയന്‍ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകള്‍, ഗ്രൂപ്പ് പ്രശ്‌നങ്ങള്‍, തര്‍ക്കങ്ങള്‍ എല്ലാത്തിനും കാരണം ഡയറക്ടര്‍ വിനയന്‍ എന്ന് ഒളിഞ്ഞും തെളിഞ്ഞും ആള്‍ക്കാര്‍ പറയുമ്പോഴും. സിനിമയെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ കണ്‍കണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവര്‍മാര്‍, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെ കുറിച്ച് നൂറു നാവാണ്.

ഒരു വ്യക്തി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോള്‍ എനിക്കത് വ്യക്തമായി. മാറ്റി നിര്‍ത്തപ്പെടുന്നവന്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധന്റെ കഥ ഡയറക്ടര്‍ വിനയന്‍ എന്ത് കൊണ്ട് സിനിമയാക്കി എന്ന്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധന്‍മാരുണ്ട്. അതാത് കാലത്തെ നാടുവാഴികള്‍ക്കും, അവരുടെ പിണിയാളന്മാര്‍ക്കും എതിര്‍പ്പ് തോന്നിയാല്‍ അവര്‍ അങ്ങനെയുള്ളവരെ മാറ്റി നിര്‍ത്തും. ഒഴിവാക്കും, വിലക്കേര്‍പ്പെടുത്തും.

സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയന്‍ എന്ന് ഈ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നി. അത് പോലെ തന്നെ, തിളങ്ങി നില്‍ക്കുന്ന നായക നടന്മാരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി. തമസ്‌ക്കരിക്കപ്പെടാതെ കാത്തു. മണികണ്ഠന്‍ ആചാരിയെ പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിന്റെ ഭാഗമാക്കുന്നതിന്റെ രാഷ്ട്രീയവും വേറെ അല്ല. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിര്‍മ്മാതാവ് ശ്രീ ഗോകുലം ഗോപാലനും അഭിനന്ദനങ്ങള്‍.

Story Highlights; Maala Parvathi praises Pathonpatham Noottandu and director vinayan

Next Story