ഊഹാപോഹങ്ങൾക്ക് ഇനി സ്പേസ് ഇല്ല; ഇതാണ് 'നൻപകൽ നേരത്ത് മയക്ക'ത്തിന്റെ കഥ
ഐഎഫ്എഫ്കെയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് സിനോപ്സിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
12 Nov 2022 8:27 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമാ പ്രേമികൾ പ്രതീക്ഷവയ്ക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി - മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന 'നൻപകൽ നേരത്ത് മയക്കം'. പിടി തരാത്ത ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും സാമൂഹിക മാധ്യമങ്ങളിൽ പലവിധ ചർച്ചകൾക്കാണ് വഴിവച്ചത്. തകൃതിയായ ചർച്ചകൾക്കിടെ ഇപ്പോൾ ഔദ്യോഗികമായി ചിത്രത്തിന്റെ സിനോപ്സിസ് പുറത്ത് വന്നിരിക്കുകയാണ്.
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രത്തിൻ്റെ സിനോപ്സിസ് ഐഎഫ്എഫ്കെയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. "തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങളെല്ലാം നല്ലൊരു ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നു. ട്രൂപ്പിൻ്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിക്കുന്നു. ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവിൽ ജെയിംസ് വിലയം പ്രാപിക്കുന്നു. അതിൽ ഉൾപ്പെട്ട രണ്ട് കുടുംബങ്ങൾക്കും അയാൾ സുന്ദരം ആയി ജീവിക്കുന്നത് കണ്ട് നിൽക്കാനേ കഴിയുന്നുള്ളൂ. ജെയിംസിൻ്റെ ഉള്ളിൽ കുടികൊള്ളുന്നത് തൻ്റെ ആത്മാവ് ആണെന്ന സത്യം പതിയെ മനസ്സിലാവുമ്പോൾ സുന്ദരം ആകെ ആശങ്കാകുലനാകുന്നു..." എന്നാണ് ഐഎഫ്എഫ്കെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ വിശദീകരണം.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡിസംബറില്‍ തന്നെ ചലച്ചിത്ര മേള നടത്താനൊരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, പാലക്കാട്, തലശ്ശേരി, എറണാകുളം എന്നീ നാലിടങ്ങളിലായാണ് മേള സംഘടിപ്പിച്ചിരുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഈ വര്‍ഷം നടത്തുന്നതെന്ന് സാംസ്കാരിക മന്ത്രി വി എന്‍ വാസവന് അറിയിച്ചിരുന്നു. ഡിസംബര്‍ 9 മുതൽ 16 വരെയാണ് മേള നടക്കുന്നത്.
Story Highlights: Lijo Jose Pellissery - Mammootty movie 'Nanpakal Nerathu Mayakkam' synopsis