Top

ലാലേട്ടന്റെ 'പോ മോനെ ദിനേശാ'യും മമ്മൂട്ടിയുടെ 'ചാമ്പിക്കോ'യും; ആരാധകരെ കയ്യിലെടുത്ത് റോക്കി ഭായ്

മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് യഷ് പറഞ്ഞത്

8 April 2022 1:50 PM GMT
ഫിൽമി റിപ്പോർട്ടർ

ലാലേട്ടന്റെ പോ മോനെ ദിനേശായും മമ്മൂട്ടിയുടെ ചാമ്പിക്കോയും; ആരാധകരെ കയ്യിലെടുത്ത് റോക്കി ഭായ്
X

കെജിഎഫിന്റെ മലയാളി ആരാധകരെ ഏറെ ആവേശത്തിലാക്കികൊണ്ടാണ് ഇന്ന് കൊച്ചിയിൽ യഷ് എത്തിയത്. ഏപ്രിൽ 14ന് തിയേറ്ററുകളിൽ കെജിഎഫ് 2 കോളിളക്കം സൃഷ്ടിക്കാൻ തയാറെടുത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചി ലുലു മാളിൽ എത്തിയത്. പ്രേക്ഷകരെ കണ്ട യഷ് മലയാളത്തിലാണ് സംസാരിച്ചു തുടങ്ങിയത്. എല്ലാവർക്കും നമസ്കാരം, കൊച്ചിയിൽ വരൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങളെ കാണാൻ കഴിഞ്ഞതിലും വളരെ വളരെ സന്തോഷം എന്നാണ് യഷ് മലയാളത്തിൽ പറഞ്ഞത്. തുടർന്ന് കേരളത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് താരം നന്ദിയും അറിയിച്ചു. ഇപ്പോൾ ആരാധകർക്ക് വേണ്ടി യഷ് മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പ്രശസ്‌ത ഡയലോഗുകൾ പറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് യഷ് പറഞ്ഞത്. തുടർന്ന് മോഹൻലാലിന്റെ നീ പോ മോനെ ദിനേശാ എന്ന ഡയലോഗും ഭീഷ്മപർവത്തിലെ മമ്മൂട്ടിയുടെ ചാമ്പിക്കോ എന്ന ഡയലോഗും യഷ് പറഞ്ഞു. മലയാളത്തിൽ മോഹൻലാലിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ് എന്നും ദുൽഖർ, ടൊവിനോ, പൃഥ്വിരാജ് എന്നിവരുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. അതുകൊണ്ട് തന്നെ പൃഥ്വിരാജിന്റെ അഭാവത്തിൽ സുപ്രിയയാണ് ലുലു മാളിൽ എത്തിയത്.

2018ൽ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടർച്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ രവീണ ടണ്ടൺ, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഹോമബിൾ ഫിലിംസാണ്. കന്നഡ ഭാഷയിലെ ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 2.

കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകാന്താണ്. രവി ബസൂർ സംഗീതം. സിനിമയുടെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ്. ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും.

story highlights: Lalettan's 'Po Mone Dinesha' and Mammotty's 'Chambikko'; Rocky bhai with fans

Next Story