'ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനം';'കടുവ' റിലീസ് മാറ്റിയതിനെക്കുറിച്ച് പൃഥ്വിരാജ്
ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
27 Jun 2022 4:51 PM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കടുവ'യുടെ റിലീസ് മാറ്റി. ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രം ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചില അപ്രതീക്ഷിത കാരണങ്ങളാല്‍ റിലീസ് തിയതി മാറ്റുകയാണെന്ന് പൃഥ്വിരാജ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണ്. കടുവ റിലീസ് അപ്രതീക്ഷിതമായ കാരണത്താല്‍ മാറ്റിവച്ചു. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യും. ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രൊമോഷന് പ്രവര്‍ത്തനങ്ങളും തുടരും. നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും തുടരുമെന്ന് വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'. പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
Story Highlights; Kaduva movie release postponed