Top

'അംഗത്വമുള്ളവരുടെ പ്രശ്‌നങ്ങളേ സംഘടന പരിഹരിക്കൂ'; ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനാവില്ലെന്ന് ജോളി ചിറയത്ത്

ആയിരത്തില്‍ അധികം തൊഴിലാളികള്‍ ഉള്ള ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമൊന്നും ഒരു സംഘടനയില്‍ അംഗമല്ലെന്നും നടി ചൂണ്ടിക്കാട്ടി

12 Oct 2022 5:34 AM GMT
ഫിൽമി റിപ്പോർട്ടർ

അംഗത്വമുള്ളവരുടെ പ്രശ്‌നങ്ങളേ സംഘടന പരിഹരിക്കൂ; ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനാവില്ലെന്ന് ജോളി ചിറയത്ത്
X

സിനിമ സംഘടനകളില്‍ അംഗത്വം ഇല്ലാത്തവരുടെ പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുകയാണെന്ന് നടി ജോളി ചിറയത്ത്. സംഘടനയില്‍ അംഗത്വം ഉള്ളവരുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് പരിഹരിക്കപ്പെടുന്നതെന്നും എന്നാല്‍ ആയിരത്തില്‍ അധികം തൊഴിലാളികള്‍ ഉള്ള ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമൊന്നും ഒരു സംഘടനയില്‍ അംഗമല്ലെന്നും നടി ചൂണ്ടിക്കാട്ടി. സംഘടയില്‍ അഞ്ഞൂറ് പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും ജോലി ഉണ്ടാകണമെന്നില്ല. മലയാളം ഇന്‍ഡസ്ട്രി ഒരുപാട് വലുതല്ല. പുതിയ ആളുകള്‍ വന്നുകൊണ്ടിരിമ്പോള്‍ എപ്പോഴും തൊഴില്‍ ഉണ്ടാകണമെന്നില്ല. തൊഴില്‍ പ്രതിസന്ധി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നടി പറഞ്ഞു. 'വിചിത്രം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജോളിയുടെ പ്രതികരണം.

താന്‍ ഒരു സംഘടനയുടേയും അംഗമല്ലെന്നും നിലവില്‍ ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സാധ്യതയില്ലെന്നും ജോളി പറഞ്ഞു. ഒന്നര ലക്ഷം കൊടുക്കാന്‍ ഉണ്ടെങ്കിലും അതിന്റെ ക്രൈറ്റീരികള്‍ മറികടക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. മലയാളം ഇന്‍ഡസ്ട്രിയിലാണ് ഏറ്റവും അവസാനം ഒരു യൂണിയന്‍ ഉണ്ടായത്. ആദ്യം ഇതൊക്കെ ഉണ്ടായത്, ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയാണ്. അവിടെ പറയാന്‍ തുടങ്ങിയതിന് ശേഷമാണ് ഇവിടെ അക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഒരു തുടക്കക്കാരിയാണ്. ഒരു അഞ്ചോ ആറോ വര്‍ഷത്തെ എക്‌സിപീരിയന്‍സ് വച്ച് ഒരു ഇന്‍ഡസ്ട്രിയെ വിലയിരുത്താന്‍ പറ്റില്ല. ഞാന്‍ മനസിലാക്കുന്നത്, ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ പഴയകാലം എന്തായിരിക്കുമെന്ന് യാഥാര്‍ത്ഥ്യ ബോധത്തിലാണ് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. സിനിമ മേഖല എന്ന് മാത്രമല്ല ഒരു പൊതുവെ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ പ്രശ്‌നമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സംഘടനയില്‍ അംഗത്വമുള്ളവരുടെ പ്രശ്‌നങ്ങളെ അവര്‍ക്ക് പരിഹരിക്കേണ്ടതുള്ളൂ. ഇന്‍ഡസ്ട്രിയില്‍ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുമ്പോള്‍ ഇത്രയും ആളുകള്‍ക്ക് അംഗത്വമുള്ളൊരു സംഘടനയില്ല. അങ്ങനെയൊരു തൊഴില്‍ യൂണിയന്‍ ഇല്ല. നമ്മുടെ ഇന്‍ഡസ്ട്രിയിലാണ് ഏറ്റവും അവസാനം ഒരു യൂണിയന്‍ ഉണ്ടായത്. ആദ്യം ഇതൊക്കെ ഉണ്ടായത്, ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയാണ്. അവിടെ പറയാന്‍ തുടങ്ങിയതിന് ശേഷമാണ് നമ്മള്‍ അക്കാര്യം ശ്രദ്ധിക്കാന്‍ തന്നെ തുടങ്ങിയത് എന്നുള്ളതാണ്.

പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കണം എന്നുള്ള അവബോധം ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും ഉണ്ടായില്ല. ഇപ്പോള്‍ എല്ലാ മേഖലയിലും ഒരു യൂണിയന്‍ ഉണ്ട്. അതുകൊണ്ട് തൊഴില്‍ പ്രശ്‌നം ഉന്നയിക്കാനുള്ള ഒരു വേദിയെങ്കിലും ഉണ്ട്. അംഗത്വം ഇല്ലാത്തവരുടെ പ്രശ്‌നം ഇപ്പോഴും അവിടെ ബാക്കി നില്‍ക്കുകയാണ്. ഞാന്‍ സംഘടയില്‍ അംഗമല്ല. എനിക്കിപ്പോള്‍ നിലവില്‍ ഒന്നര ലക്ഷം കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സാധ്യതയില്ല. ഒന്നര ലക്ഷം കൊടുക്കാന്‍ ഉണ്ടെങ്കിലും അതിന്റെ ക്രൈറ്റീരിയകള്‍ മറികടക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. ഞാന്‍ എന്തായാലും ആ വഴിക്ക് പോയിട്ടില്ല. സ്വാഭാവികമായും ഒരു സംഘടന ഉണ്ടാകുമ്പോള്‍ അതിനകത്തുള്ളവരുടെ പ്രശ്‌നങ്ങളേ അതില്‍ ഉന്നയിക്കാന്‍ പറ്റൂ. സംഘടയില്‍ അഞ്ഞൂറ് പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും ജോലി ഉണ്ടാകണമെന്നില്ല. മറ്റൊരു പ്രശ്‌നം, മലയാളം ഇന്‍ഡസ്ട്രി ഒരുപാട് വലുതല്ല. പുതിയ പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എല്ലാവര്‍ക്കും എപ്പോഴും തൊഴില്‍ ഉണ്ടാകണമെന്നില്ല. തൊഴില്‍ പ്രതിസന്ധി ഉണ്ടാകുന്നത് സ്വാഭാവികമാണ്' ജോളി പ്രതികരിച്ചു.

Story Highlights; Jolly chirayth on union in malayalam cinema industry

Next Story