Top

'ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന നടീ-നടന്മാര്‍ക്ക് വേതനം കുറവ്'; ഏറെ ബുദ്ധിമുട്ടുന്ന പുരുഷന്‍മാരുമുണ്ടെന്ന് ജോളി ചിറയത്ത്

അതൊരു വ്യവസ്ഥ ഇല്ലാത്തതിന്റെ പ്രശ്‌നമാണ്

12 Oct 2022 3:33 AM GMT
ഫിൽമി റിപ്പോർട്ടർ

ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന നടീ-നടന്മാര്‍ക്ക് വേതനം കുറവ്; ഏറെ ബുദ്ധിമുട്ടുന്ന പുരുഷന്‍മാരുമുണ്ടെന്ന് ജോളി ചിറയത്ത്
X

സിനിമ മേഖലയിലെ വേതന ചര്‍ച്ചകളില്‍ പ്രതികരിച്ച് നടി ജോളി ചിറയത്ത്. സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രശ്‌നമല്ല ഇതെന്നും കാര്യക്ട് റോള്‍ ചെയ്യുന്ന പുരുഷന്മാരും ബുദ്ധിമുട്ടുന്നുണ്ടെന്ന് നടി പറഞ്ഞു. അതൊരു വ്യവസ്ഥ ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. ഒരു തൊഴില്‍ ഘടനയില്ലാത്ത പല സ്ഥലത്തും കാര്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഉണ്ടാകില്ല. ഇവിടെ ഒരു തൊഴില്‍ ഘടനയാണ് ആവശ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു. 'വിചിത്രം' സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോളിയുടെ പ്രതികരണം.

'അര്‍ഹിക്കുന്ന വേതനം എന്നത് മാത്രമല്ല. പൊതുവേ ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേതനം കുറവാണ്. അങ്ങനെയൊരു പ്രശ്‌നം ഉണ്ട്. ഒരു സ്ത്രീ ആയത്‌കൊണ്ട് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടെന്നല്ല ഞാന്‍ മനസിലാക്കിയത്. സ്ത്രീകളേക്കാള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന പുരുഷന്മാരുണ്ട്. അതൊരു സ്ട്രക്ചറിന്റെ പ്രശ്‌നമാണ്. ഇന്‍ഡസ്ട്രി എന്ന് പറയുമ്പോള്‍ തന്നെ അതിനൊരു സ്ട്രക്ചര്‍ ഇല്ല. ഒരു വ്യവസ്ഥ ഉണ്ടെങ്കിലാണ് അതിനകത്ത് നിന്ന് എന്തെങ്കിലും ആവശ്യപ്പെടാന്‍ പറ്റൂ. ഒരു തൊഴില്‍ ഘടനയില്ലാത്ത പല സ്ഥലത്തും പല കാര്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റില്ല. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാണം.

സമൂഹത്തിന്റെ തന്നെ വികാസത്തിന്റെ ഭാഗമായിട്ടേ അതൊക്കെ ഉണ്ടാകൂ. ഇതിനേക്കുറിച്ചുള്ള ചോദ്യം ഉയരുന്നത് തന്നെ എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെയെയുള്ള ചോദ്യങ്ങളില്‍ നിന്നാണ് അതിനേക്കുറിച്ച് പറയാനും ചിന്തിക്കാനും സാധ്യതതയുണ്ടാകുന്നുള്ളൂ. അത് ഇന്‍ഡസ്ട്രിക്ക് അകത്ത് നില്‍ക്കുന്നവരാണെങ്കിലും പുറത്തുള്ളവര്‍ക്കാണെങ്കിലും. ഇപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. എത്രയാണ് ആവശ്യപ്പെടുന്നതെന്ന് ചോദ്യം ഉണ്ടാകുന്നുണ്ട്. അല്ലെങ്കില്‍ അങ്ങനെയായിരുന്നില്ല. ഇത്രയാണ് നിങ്ങള്‍ക്കുള്ളത് എന്ന് പറയുകയാണ്. ഇപ്പോള്‍ ഡിമാന്‍ഡ് ചെയ്യാനുള്ള അവസരമുണ്ട്', ജോളി വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'വിചിത്രം' 14ന് തിയേറ്ററുകളില്‍ എത്തും. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

Story Highlights; Jolly Chirayat on actors remuneration Malayalam cinema industry

Next Story