Top

ഇന്നസെന്റ് ചിരിയരങ്ങില്‍ തകര്‍ക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട്; പകരക്കാരനില്ലാത്ത അഭിനയശൈലി

1972-ല്‍ പുറത്തിറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തുന്നത്

11 Sep 2022 7:06 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്നസെന്റ് ചിരിയരങ്ങില്‍ തകര്‍ക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട്; പകരക്കാരനില്ലാത്ത അഭിനയശൈലി
X

ഇന്നസെന്റ് എന്ന നടന്‍ മലയാള സിനിമയില്‍ അരങ്ങ് തകര്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ഈ അമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ മറക്കാനാവാത്ത ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. 1972-ല്‍ പുറത്തിറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തുന്നത്. പ്രേം നസീര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകനായി ആയിരുന്നു ആദ്യം ചിത്രം. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് 'ഇളക്കങ്ങള്‍' എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷവും. പിന്നീട് ഹാസ്യ നടനായും സഹനടനായും വില്ലനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്ത എത്രയോ കഥാപാത്രങ്ങള്‍. അദ്ദേഹം അടയാളപ്പെടുത്തിയ ഡയലോഗുകള്‍ ആവര്‍ത്തിക്കാത്ത മലയാളി പ്രേക്ഷകര്‍ ഉണ്ടാകില്ല.
സിനിമയുടെ ആദ്യ കാലയളവില്‍ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് ചെറിയ അദ്ദേഹം തെളിയിച്ചിരുന്നു. അദ്ദേഹത്തെ എന്നും അടയാളപ്പെടുത്താനാകുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കാബൂളിവാല'. സിനിമയിലെ കന്നാസും കടലാസും ഇന്നും ഓര്‍ത്തിരിക്കുന്നതാണ്. കടലാസായി ജഗതി നിറഞ്ഞാടിയപ്പോള്‍ കന്നാസായി ഇന്നസെന്റും കട്ടയ്ക്ക് പിടിച്ചു നിന്നു. 'മണിച്ചിത്രത്താഴ്', 'മനസിനക്കരെ', 'മാന്നാര്‍ മത്തായി സ്പീക്കിങ്', 'ഗോഡ്ഫാദര്‍', 'കല്യാണ രാമന്‍', 'ക്രോണിക് ബാച്ചിലര്‍', 'ഇഷ്ടം', 'ചന്ദ്രലേഖ' തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു. 'ദേവാസുരം', 'രാവണപ്രഭു', അനിയത്തി പ്രാവ്', 'തുറുപ്പുഗുലാന്‍', 'ഹിറ്റ്‌ലര്‍', 'വേഷം' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചു.
ഹാസ്യ നടനായും സഹ നടനായും അരങ്ങ് തകര്‍ത്ത ഇന്നസെന്റ് വില്ലന്‍ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കി. 'മഴവില്‍ കാവടി'യിലെ ശങ്കരന്‍കുട്ടി മേനോനും 'കേളി'യിലെ ലാസറും 'പൊന്‍മുട്ടയിടുന്ന താറാവി'ലെ പണിക്കരും അങ്ങനെ ചില എണ്ണപ്പെട്ട വില്ലന്‍ കഥാപാത്രങ്ങള്‍. കാലങ്ങളായി മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തെ പൊളിക്കാന്‍ സാധിച്ച ഒരു വില്ലന്‍ ആയിരുന്നു ഇന്നസെന്റ്. മസിലും പെരുപ്പിച്ച് നായകനൊപ്പം കട്ടയ്ക്ക് പിടിച്ചു നില്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും അല്‍പ്പം മാറി, ചെറിയ തമാശകൾ കാണിച്ച് പ്രേക്ഷകരില്‍ അല്‍പ്പം ദേഷ്യമുണ്ടാക്കുന്ന ദുഷ്ടനായ വില്ലനായി ഇന്നസെന്റ് അരങ്ങ് തകർത്തു. അത്തരത്തിലൊരു വില്ലന്‍ കഥാപാത്രമാണ് 'തസ്‌കരവീരനി'ലെ ഈപ്പച്ചന്‍. മമ്മൂട്ടിയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു വില്ലന്‍ കഥാപാത്രത്തെ അനായാസമായി അദ്ദേഹം അവതരിപ്പിച്ചു. 'കഥപറയുമ്പോളി'ലെ ഈപ്പച്ചന്‍ മുതലാളിയും ക്രൂരനല്ലാത്ത ദുഷ്ടനായ ഒരു വില്ലന്‍ ആണ്. പലിശയ്ക്ക് പണം കൊടുത്ത് സാധാരണക്കാരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്ന നെഗറ്റീവ് കഥാപാത്രം ഇന്നസെന്റിനെ കൊണ്ടുമാത്രം കഴിയുന്നതാണ്.
നടനായാണ് സിനിമയിലേക്കെത്തിയതെങ്കിലും ഇന്നസെന്റ് സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചു. തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും, പിന്നണി ഗായകനായും സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു. 'പാവം ഐ എ ഇവാച്ചന്‍', 'കീര്‍ത്തനം' എന്നീ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കി. 'വിട പറയും മുന്‍പേ', 'ഇളക്കങ്ങള്‍', 'ഓര്‍മ്മയ്ക്കായ്','ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. അഞ്ച് സിനിമകളില്‍ പിന്നണി ഗായകനായും ഇന്നസെന്റ് പ്രവര്‍ത്തിച്ചു. 'മഴവില്‍ കാവടി' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് 2009 ലെ കേരള സ്റ്റേറ്റ് ക്രിട്ടിക് അവാർഡും അദ്ദേഹം നേടി.

Story Highlights; It's been half a century since actor Innocent in Malayalam cinema

Next Story