Top

'തല്ലുമാല'യ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്; ഇർഷാദ് പരാരിയുടെ സംവിധാനത്തിൽ 'അയൽവാശി'

ചിത്രീകരണം നവംബർ 14ന് ആരംഭിക്കും.

12 Nov 2022 7:00 AM GMT
ഫിൽമി റിപ്പോർട്ടർ

തല്ലുമാലയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്; ഇർഷാദ് പരാരിയുടെ സംവിധാനത്തിൽ അയൽവാശി
X

'ലൂസിഫർ', 'കുരുതി' എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായകനായിരുന്ന ഇർഷാദ് പരാരി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം 'അയൽവാശി' തുടങ്ങുന്നു. സൗബിനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയുടെ സഹോദരനാണ് ഇർഷാദ്. റിപ്പോർട്ടർ ടിവിയുടെ 'വാർത്താപൂക്കളം' പരിപാടിയിലായിരുന്നു ഇർഷാദ് സ്വതന്ത്ര സംവിധായകൻ ആകുന്ന വാർത്ത മൂഹ്സിൻ പങ്കുവച്ചത്.

ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 8 മണിക്ക് അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. ചിത്രീകരണം നവംബർ 14ന് ആരംഭിക്കും. 'തല്ലുമാല'യുടെ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമിക്കുന്നത്. മുഹസിൻ പരാരി നിർമാണ പങ്കാളിയാണ്. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, ജഗദീഷ് , നസ്ലൻ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകൻമാരാക്കി ഇർഷാദ് പരാരി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് അയൽവാശി. പിന്നീട് കാസ്റ്റ് സൗബിനിലേക്കും ഷൈനിലേയ്ക്കും എത്തുകയായിരുന്നു. സജിത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റർ: സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ: ബാദുഷ , പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷാര്‍ ഹംസ. മാർക്കറ്റിങ്: ഒബ്സ്‌ക്യുറ ,ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Story highlights: Irshad Parari Soubin Shahir Shine Tom Chacko movie 'Ayalvaashi' go on floors on November 14

Next Story