Top

'കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു'; ഹരീഷ് പേരടി

കാർത്തിയെ നായകനാക്കി ലോകേഷ് മുമ്പ് ചെയ്ത കൈതിയിലും ഹരീഷ് പേരടി അഭിനയിച്ചിരുന്നു.

8 Jun 2022 11:38 PM GMT
ഫിൽമി റിപ്പോർട്ടർ

കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു; ഹരീഷ് പേരടി
X

കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്ന് നട‍ൻ ഹരീഷ് പേരടി. വിക്രമിൽ എന്തുകൊണ്ട് ചെറിയ വേഷത്തിൽ അഭിനയിച്ചുവെന്ന ചോദ്യങ്ങൾക്ക് മറുപടിയായി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നടന്റെ പ്രതികരണം. ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ട്. ഉലകനായകൻ കമൽ ഹാസന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന തന്റെ ഒടുങ്ങാത്ത ആഗ്രഹമാണ് വിക്രമിലൂടെ പൂവണിഞ്ഞത് എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

നിരവധി തമിഴ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഹരീഷ് പേരടി വിക്രമില്‍ ചെറിയ വേഷത്തിലാണ് എത്തിയത്. കാർത്തിയെ നായകനാക്കി ലോകേഷ് മുമ്പ് ചെയ്ത കൈതിയിലും ഹരീഷ് പേരടി അഭിനയിച്ചിരുന്നു. ഹരീഷ് പേരടിയെ കൂടാതെ മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങൾ. അതിഥി വേഷത്തിൽ തമിഴ് താരം സൂര്യയും എത്തുന്നു.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു..തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് വിക്രമിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്..വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല...കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം...ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം...പിന്നെ "മദനോത്സവം" ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്..കമലഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും..കോയമ്പത്തൂരിൽ വെച്ച് ഇന്നാണ് സിനിമ കണ്ടത്...Seat Edge Experience…എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം...കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട്..

STORY HIGHLIGHTS: Hareesh Peradi Says About His Small Role in Vikram Movie

Next Story