Top

'ഇടവേള ബാബുവിന്റെ 'ക്ലബ്' എന്ന പരാമർശം തിരുത്തിയില്ല'; മോഹൻലാലിനെതിരെ ഗണേഷ് കുമാർ

'അമ്മ' ക്ലബ് ആയെങ്കിൽ അംഗമായിരിക്കാൻ താല്പര്യമില്ല എന്ന് ഗണേഷ് കുമാർ

27 Jun 2022 9:08 AM GMT
ഫിൽമി റിപ്പോർട്ടർ

ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമർശം തിരുത്തിയില്ല; മോഹൻലാലിനെതിരെ ഗണേഷ് കുമാർ
X

താരസംഘടന 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ നടനും എംഎൽഎയുമായ ഗണേഷ് കുമാർ. ഇടവേള ബാബു അങ്ങനൊരു പ്രസ്താവന നടത്തിയിട്ടും സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ അത് തിരുത്തിയില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു. ഇടവേള ബാബു തന്റെ പ്രസ്താവന പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം, 'അമ്മ' ക്ലബ് ആയെങ്കിൽ താൻ രാജിവയ്ക്കും. ഒരു ക്ലബ്ബിലും അംഗമായിരിക്കാൻ താല്പര്യമില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.

സാധാരണ ക്ലബ്ബുകളിൽ കാണുന്നത് പോലെ ചീട്ടുകളിക്കാനുള്ള സൗകര്യവും ബാറിനുള്ള സൗകര്യവും 'അമ്മ'യിൽ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്. തന്റെ അറിവിൽ 'അമ്മ' ഒരു ചാരിറ്റബിൾ സംഘടനയാണ്. രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചാരിറ്റബിൾ സംഘടനായി ആണ് ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ഇടവേള ബാബുവും 'അമ്മ'യുടെ പ്രസിഡന്റ് മോഹൻലാലും വ്യക്തമാക്കണം എന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്.

'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം കേട്ടപ്പോൾ വളരെ വേദന തോന്നി. 'അമ്മ'യിൽ പ്രവർത്തിക്കുന്ന ആളുകൾ വാർദ്ധക്യത്തിൽ കഷ്ടപ്പെടാൻ പാടില്ല, അവർക്കൊരു സഹായവും താങ്ങും തണലും ആകണം എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടനാ തുടങ്ങിയത്. ആ സാഹചര്യത്തിൽ ഈ സംഘടനാ ക്ലബ് ആക്കിയിട്ടില്ലങ്കിൽ ഇടവേള ബാബു തന്റെ പരാമർശം പിൻവലിച്ച് 'അമ്മ'യിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പ് പറയണം.' ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന 'അമ്മ'യുടെ വാർഷിക പൊതുയോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് ഇടവേള ബാബു പ്രസ്താവന നടത്തിയത്.

Story highlights: Ganesh Kumar against Mohanlal; 'Idavela Babu's reference to AMMA as a' club 'was not correct'

Next Story