Top

മലയാള സിനിമ കണ്ട തിയേറ്റർ ബോക്സോഫീസ് ഹിറ്റുകൾ; 'ഗോഡ്ഫാദർ' മുതൽ 'കിലുക്കം' വരെ ഓടിയത് വർഷങ്ങൾ

ഇന്നും മലയാളികൾ നെഞ്ചോടു ചേർത്തുവെയ്ക്കുന്ന അത്തരം സിനിമകൾ ഒരുകാലത്ത് തിയേറ്ററിൽ ഓടിത്തകർത്തത് പല മാസങ്ങളോളമാണ്. ചിലത് ഒരു വർഷത്തിൽ കൂടുതൽ വരെ നിറഞ്ഞ സദസ്സോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

25 Nov 2021 3:30 PM GMT
ഫിൽമി റിപ്പോർട്ടർ

മലയാള സിനിമ കണ്ട തിയേറ്റർ ബോക്സോഫീസ് ഹിറ്റുകൾ; ഗോഡ്ഫാദർ മുതൽ കിലുക്കം വരെ ഓടിയത് വർഷങ്ങൾ
X

മലയാളത്തിൽ എക്കാലവും പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കപ്പെടുന്ന സിനിമകളുടെ കണക്കെടുത്താൽ തീരില്ല. എത്ര തവണ കണ്ടാലും വീണ്ടും ടെലിവിഷനിൽ ആ ചിത്രം പ്രത്യക്ഷപ്പെടുമ്പോൾ ആ സിനിമ ആദ്യമായി കാണുന്ന അതെ പ്രതീതിയാണ് ലഭിക്കുന്നത്. 'മണിച്ചിത്രത്താഴും', 'കിലുക്കവും', 'കിരീടവും' ഒക്കെ അതിനുദാഹരണങ്ങളാണ്. എന്നാൽ ഇന്ന് അത്തരം ചിരകാലപ്രതിഷ്ഠ നേടിയ സിനിമകൾ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ഇന്ന്, അല്ലെങ്കിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ താരാരാധന കൊണ്ട് പല ചിത്രങ്ങളും തിയേറ്ററിൽ കൂടുതൽ ദിവസം ഓടിയിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ മാസം കൊണ്ട് അത് തീരും. രണ്ടു മൂന്ന് തവണ കാണുന്നതോടു കൂടി സിനിമയോടുള്ള താല്പര്യവും നഷ്ടപ്പെടും. എന്നാൽ ഇന്നും മലയാളികൾ നെഞ്ചോടു ചേർത്തുവെയ്ക്കുന്ന അത്തരം സിനിമകൾ ഒരുകാലത്ത് തിയേറ്ററിൽ ഓടിത്തകർത്തത് പല മാസങ്ങളോളമാണ്. ചിലത് ഒരു വർഷത്തിൽ കൂടുതൽ വരെ നിറഞ്ഞ സദസ്സോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ലക്ഷങ്ങൾ മുടക്കി കോടികൾ വാരിയ സിനിമകൾ.

മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ മറ്റൊരു സിനിമയ്ക്കും തകർക്കാനാകാത്ത വിധം ഹിറ്റുകൾ സമ്മാനിച്ച സിനിമയാണ് 1991ൽ പുറത്തിറങ്ങിയ 'ഗോഡ്ഫാദർ'. അന്ന് തിയേറ്ററുകളിൽ 404 ദിവസം ഓടിയ ചിത്രത്തെ പിന്തള്ളാൻ ഒരു മലയാള സിനിമയ്ക്കും ഇന്നുവരെ സാധിച്ചിട്ടില്ല. സിദ്ദിഖ്- ലാൽ കോമ്പിനേഷനിൽ പിറന്ന സിനിമ 30 വയസ്സിലേക്ക് കടക്കുമ്പോൾ അഞ്ഞൂറാനും ആനപ്പറ അച്ചാമ്മയും ഒക്കെ ഇന്നും മലയാളികളുടെ മനസ്സിൽ അനശ്വരരായി മാറുന്നു. 'ഗോഡ്ഫാദറിലെ' അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെ പേര് പോലും വളരെ നിർണായകമായിരുന്നു. ആ പേര് ലഭിച്ചതിന് പിന്നിലും ഒരു കഥ പറയാനുണ്ട് സംവിധായകന്. ശബ്ദതാരാവലികൾ സ്ഥിരമായി വായിക്കുന്ന സംവിധായകൻ സിദ്ദിഖിന് അതിൽ നിന്ന് ലഭിച്ച പേരാണ് അഞ്ഞൂറാൻ. 'അഞ്ഞൂട്ടിക്കാർ' എന്ന വാക്കിൽ നിന്ന് (സെന്റ് തോമസിനാൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറി കേരളത്തിലേക്ക് വന്ന ആദ്യ 500 കുടുംബങ്ങളെയാണ് അഞ്ഞൂട്ടിക്കാർ എന്ന് വിളിക്കുന്നത് ) ലഭിച്ച പേരാണ് 'അഞ്ഞൂറാൻ' എന്ന് പിന്നീട് മാറ്റിയത്. മലയാള സിനിമയിൽ എക്കാലവും മാറ്റി നിർത്താൻ സാധിക്കാത്ത സിനിമകളിൽ 'ഗോഡ്ഫാദറും' 'അഞ്ഞൂറാനും' ഉണ്ടാകും എന്നതിൽ സംശയമില്ല.

'ഗോഡ്ഫാദർ' സിനിമയ്ക്കും മുൻപ് 1988ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മോഹൻലാൽ രഞ്ജിനി താരജോഡികളിൽ പിറന്ന പ്രിയദർശൻ സംവിധാനം ചെയ്ത 'ചിത്രം'. ഒരു വർഷമാണ് സിനിമ തിയേറ്ററിൽ പ്രദർശനം നടത്തിയത്. അഡ്വക്കേറ്റ് പുരുഷോത്തമ കൈമൾ എന്ന കഥാപാത്രത്തിലൂടെ നെടുമുടി വേണുവിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രം കൂടി ശ്രദ്ധേയമായി മാറിയത് 'ചിത്ര'ത്തിലൂടെയാണ്. മണി രത്‌നത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയിൽ 'ചിത്രം' ഇടം നേടിയിട്ടുണ്ട്. വെറും 44 ലക്ഷം രൂപ ബഡ്ജറ്റിൽ തീർത്ത സിനിമ ബോക്സോഫീസിൽ വാരിക്കൂട്ടിയത് 3.5 കോടിയാണ്. ചിത്രം വിജയിച്ചതോടെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലേക്കും ചിത്രം സജീവമായി പ്രദർശിപ്പിച്ചു. ഇന്നും സിനിമയിൽ ക്ലൈമാക്സ് രംഗം ഒരു വിങ്ങലോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല.

പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയെയും ചതിയൻ ചന്തുവിനെയും മറ്റൊരു തലത്തിലാക്കി എം ടിയുടെ കലാഭാവനയിൽ പിറന്ന കഥ. അത്രെയും നാളും ചന്തു ചതിയനാണ് എന്ന് കേട്ട നാടിനോട്, ചന്തു ചതിക്കപ്പെട്ടവനാണ് എന്ന് പറഞ്ഞു തന്നത് ഒരു പക്ഷെ എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത 'ഒരു വടക്കൻ വീരഗാഥ'യിലൂടെയാണ്. ചിത്രം തിയേറ്ററിൽ 300 ദിവസമാണ് പ്രദർശനം നടത്തിയത്. അന്നുവരെ കണ്ട ചരിത്രമായിരുന്നില്ല തിയേറ്ററിൽ പിന്നീടങ്ങോട്ട് കണ്ട ചരിത്രം. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത വേഷങ്ങളിൽ എന്നും ചന്തു ഉണ്ട്. 1.5 കോടിയുടെ ബഡ്ജറ്റിൽ പൂത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ നേടിയെടിത്തത് 6.78 കോടിയാണ്. ചന്തുവിനെ രൂപപ്പെടുത്തിയെടുക്കാൻ വേണ്ടി മമ്മൂട്ടി കുതിര സവാരി പഠിച്ചതും കളരി അഭ്യാസങ്ങൾ പഠിച്ചതും ഒക്കെ ശ്രദ്ധേയമായിരുന്നു. കൂടാതെ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്, ഇതിലെ ഗാനങ്ങളും വസ്ത്രാലങ്കാരവുമായിരുന്നു. ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിന് ദേശിയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

ഇന്നും തിയേറ്ററിൽ പ്രദർശനം നടത്തിയാൽ ഹൗസ് ഫുൾ ആകാൻ സാധ്യതയുള്ള സിനിമകളുടെ പട്ടികയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത സിനിമയിൽ 'മണിച്ചിത്രത്താഴ്' മാറ്റിനിർത്താൻ സാധിക്കില്ല. ചിത്രം തിയേറ്ററിൽ 314 ദിവസമാണ് പ്രദർശനം നടത്തിയത്. ഹൊറർ സിനിമ എന്നതിൽ നിന്നും വ്യത്യസ്തമായി സൈക്കോളജിക്കൽ ഹൊറർ സിനിമ എന്ന നിലയിൽ മാടമ്പള്ളിയിലെ മാനസിക രോഗിയുടെ കഥപറഞ്ഞ, മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മാനസിക രോഗാവസ്ഥ എന്ത് എന്ന് കാണിച്ചു തന്ന സിനിമ. മികച്ച നടിക്കുള്ള നാഷണൽ അവാർഡ്, സംസ്ഥാന അവാർഡ്, മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന അവാർഡ്, മികച്ച സിനിമയ്ക്കുള്ള അവാർഡുകളും ചിത്രത്തിന് ലഭിച്ചു. ചടുലമായ അഭിനയം കൊണ്ട് പ്രേക്ഷകാരെ മുൾമുനയിൽ നിർത്തിയ ചിത്രം ഇപ്പോഴും കാണുമ്പോൾ അതെ ആകാംഷ കാണികൾക്ക് നൽകുന്നുണ്ട് എന്നത് ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്.

മമ്മൂട്ടിയുടെ മറ്റൊരു ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ഒരു കോമഡി-ഡ്രാമ ചിത്രമാണ് 1996ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ, 300 ദിവസത്തോളം തിയേറ്ററിൽ പ്രദർശനം നടത്തിയ ചിത്രം എഴുതി സംവിധാനം ചെയ്തത് സിദ്ദിക്കാണ്. ഇന്നും ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രത്തെ ഓർക്കാത്തവരായി ആരുമുണ്ടാകില്ല. ചിത്രത്തിലെ പല കോമഡി രംഗങ്ങളും ഇന്നും പ്രേക്ഷക പ്രീതി നേടുന്നുണ്ട് എന്നതും ചിത്രത്തിന്റെ വിജയം തന്നെയാണ്.

മോഹൻലാൽ ജഗതി കോമ്പിനേഷനിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചിത്രമാണ് 1991ൽ ഇറങ്ങിയ 'കിലുക്കം'. 30 വർഷം പിന്നിട്ട കിലുക്കം ഇന്നും പുതുമ നഷ്ടപ്പെടാതെ തുടരുന്നു. 300 ദിവസമാണ് ചിത്രം ബിഗ്‌സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്. 60 ലക്ഷം ബഡ്ജറ്റിൽ തീർത്ത ചിത്രം അക്കാലത്ത് ബോക്സോഫീസിൽ നേടിയത് ഒരു കോടിയിലധികം ആണ്. മലയാളത്തിലെ ഹിറ്റ്ലിസ്റ്റിൽ 100ൽ കൂടുതൽ ദിവസങ്ങൾ ഓടി വിജയം നേടിയ സിനിമകൾ ഇനിയും ഉണ്ട്. ആ പട്ടികയിൽ 'ജീവിതനൗക', 'ആകാശദൂത്', 'പപ്പയുടെ സ്വന്തം അപ്പൂസ്', 'തേന്മാവിൻ കൊമ്പത്ത്', 'കിരീടം', 'ഇരുപതാം നൂറ്റാണ്ട്', 'ന്യൂ ഡൽഹി', 'വാത്സല്യം', 'അനിയത്തിപ്രാവ്', സാമ്രാജ്യം, 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'തെങ്കാശിപ്പട്ടണം'എന്നീ സൂപ്പർഹിറ്റ് സിനിമകളും ഉൾപ്പെടുന്നു. കാലം എത്രകഴിഞ്ഞാലും മാറ്റിനിർത്താൻ കഴിയാത്ത സിനിമകൾ തിയേറ്ററിൽ മാത്രമല്ല അണ്ടർറേറ്റഡ് എന്ന പേരിൽ ചുരുങ്ങി പോയി, തഴയപ്പെട്ട നിരവധി സിനിമകളും മലയാളത്തിൽ ഉണ്ട്.

Next Story

Popular Stories