Top

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഒരുപോലെ ചോദിക്കാനുള്ളത് എന്ത്; ദുല്‍ഖറിന്റെ മറുപടി

1 March 2022 11:05 AM GMT
ഫിൽമി റിപ്പോർട്ടർ

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഒരുപോലെ ചോദിക്കാനുള്ളത് എന്ത്; ദുല്‍ഖറിന്റെ മറുപടി
X

നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ചോദിക്കാനുള്ള കാര്യം തുറന്നു പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. എങ്ങനെയാണ് പുതുമ നിലനിര്‍ത്തുന്നത് എന്നാണ് മമ്മൂട്ടിയോടുള്ള ദുല്‍ഖറിന്റെ ചോദ്യമെങ്കില്‍ കഴിവിന് പിന്നിലെ രഹസ്യത്തെക്കുറിച്ചാണ് മോഹന്‍ലാലിനോട് ചോദിക്കാനുള്ളത്. തന്റെ പുതിയ ചിത്രമായ 'ഹേയ് സിനാമിക'യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'സിനിമയിലെത്തിയിട്ട് അമ്പത് വര്‍ഷമായി, എങ്ങനെയാണ് ഇങ്ങനെ പുതുമ നിലനിര്‍ത്തുന്നത്. ഇപ്പോഴും അദ്ദേഹം പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു, ലുക്ക് മാറ്റുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ'. മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞു.

അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിന് പിന്നിലെ രഹസ്യമെന്താണെന്നാണ് മോഹന്‍ലാലിനോടുള്ള ദുല്‍ഖറിന്റെ ചോദ്യം. ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആ കഴിവ് അദ്ദേഹത്തിന് മാത്രം ഉള്ളതാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

അതേസമയം, ദുല്‍ഖറിന്റെ പുതിയ ചിത്രം 'ഹേയ് സിനാമിക' മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ്വ'ത്തിന്റെയും റിലീസ് അന്ന് തന്നെയാണ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ഹേയ് സിനാമിക റലീസ് ചെയ്യും. കാജല്‍ അഗര്‍വാളും അദിതി റാവുവുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവര്‍ ചേര്‍ന്നാണ് ഹേയ് സിനാമിക നിര്‍മ്മിച്ചിരിക്കുന്നത്.

Story Highlights; Dulquer Salmaan about mammootty and mohanlal

Next Story