Top

'ഇതേ ആളുകൾ മൈക്കൽ ബേയെ പരിഗണിക്കുമോ?'; ആർആർആറിന് അറ്റ്ലാന്റ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചതിൽ ഡോൺ പാലത്തറ

ആർആർആർ കണ്ട ശേഷം, വലതുപക്ഷ പ്രോപഗണ്ട തുറന്നുകാണിക്കുന്ന സിനിമ എങ്ങനെ ജനങ്ങൾ സ്വീകരിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഡോൺ പ്രതികരിച്ചിരുന്നു.

7 Dec 2022 6:53 AM GMT
ഫിൽമി റിപ്പോർട്ടർ

ഇതേ ആളുകൾ മൈക്കൽ ബേയെ പരിഗണിക്കുമോ?; ആർആർആറിന് അറ്റ്ലാന്റ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചതിൽ ഡോൺ പാലത്തറ
X

അമേരിക്കൻ സിനിമ പ്രേമികൾ 'ആർആർആർ' ഇഷ്ടപ്പെടുന്നത് ഒരു സർക്കസ് ഇഷ്ടപ്പെടുന്നത് പോലെ എന്ന് സംവിധായകൻ ഡോൺ പാലത്തറ. ആർആർആറിനെ ക്രിട്ടിക്സ് അവാർഡിനായി പരിഗണിച്ച അവർ അമേരിക്കൻ സംവിധായകൻ മൈക്കൽ ബേയെ പുരസ്കാരത്തിനായി പരിഗണിക്കുമോ എന്നും ഡോൺ ചോദിച്ചു. അമേരിക്കൻ പ്രേക്ഷകർക്ക് ഇന്ത്യൻ സിനിമയ്ക്കുമേൽ പരിമിതമായ അറിവും കാഴ്ചയുമാണ് ഉള്ളത്. അവരുടെ മനസിലെ മാതൃകയിലുള്ള ഇന്ത്യൻ സിനിമ മാത്രമാണ് ആർആർആർ എന്നും ഡോൺ അഭിപ്രായപ്പെട്ടു.

ഡോൺ പാലത്തറയുടെ പോസ്റ്റ്

'പാശ്ചാത്യ സിനിമാ പ്രേമികൾ, പ്രത്യേകിച്ചും അമേരിക്കക്കാർ ആർആർആറിനെ ഇത്രമാത്രം മികച്ചതായി കണക്കാക്കുന്നത് എന്തിനാകുമെന്നതിൽ എൻ്റെ ചിന്ത ഇതാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമകൾക്ക് മേൽ വളരെ കുറഞ്ഞ അറിവും കാഴ്ചയുമാണ് ഉള്ളത്. അവർക്ക് ഇന്ത്യൻ സിനിമ എന്നാൽ ഒരു ഴോണർ ആണ്. ഡാൻസും പാട്ടും രണ്ട് പുരുഷന്മാർ തമ്മിലുള്ള ബന്ധവും (സ്വാന്തന്ത്ര്യ) സമരങ്ങളും ഉൾപ്പെടുന്ന കൃത്യമായ മാതൃകയിൽ ഉള്ള ഇന്ത്യൻ സിനിമയാണ് അവർക്ക് ആർആർആർ.

ഒരു ഇന്ത്യൻ സിനിമ സംസാരിക്കപ്പെടുന്നത് നല്ല കാര്യമാണ്', എന്ന തങ്ങളുടെ പക്ഷപാതപരമായ ചിന്ത മറച്ചുവെക്കാൻ പോലും അവർ മെനക്കെടുന്നില്ല എന്നതാണ് തമാശ. എന്നാൽ ഞാൻ കേൾക്കുന്നത്, 'നിങ്ങളുടെ സർക്കസ് ഞങ്ങളെ രസിപ്പിച്ചതിൽ നന്ദിയുള്ളവരായിരിക്കുക, തുടർന്നും അത് ചെയ്യുക' എന്നാണ്. ഇതേ ആളുകൾ മൈക്കൽ ബേയെ ക്രിട്ടിക്സ് അവാർഡിന് പരിഗണിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല, കാരണം അവർക്ക് അമേരിക്കയിൽ കൂടുതൽ സങ്കീർണ്ണമായ തീമുകൾ കൈകാര്യം ചെയ്യുന്ന മികച്ച ചലച്ചിത്ര പ്രവർത്തകരുണ്ട്,' ആർആർആറിനെ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിൽ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ലഭിച്ച പശ്ചാത്തലത്തിലാണ് ഡോൺ തന്റെ അഭിപ്രായം പങ്കുവച്ചത്.

ആർആർആർ കണ്ട ശേഷം ഇത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് എന്നായിരുന്നു ഡോൺ അഭിപ്രായപ്പെട്ടത്. വലതുപക്ഷ പ്രോപഗണ്ട തുറന്നുകാണിക്കുന്ന സിനിമ എങ്ങനെ ഇത്രയും ജനങ്ങൾ സ്വീകരിച്ചു എന്ന് മനസിലാകുന്നില്ല. വളരെ മോശം സിനിമാ അനുഭവം എന്നായിരുന്നു ഡോണിന്റെ പ്രതികരണം.

ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഫാമിലി' 2023 ലെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയറിനായി ഒരുങ്ങുകയാണ്. വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, നില്‍ജ കെ ബേബി, അഭിജ ശിവകല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ശവം', 'വിത്ത്', '1956 മധ്യതിരുവിതാംകൂര്‍', 'എവരിത്തിങ്ങ് ഈസ് സിനിമ', 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രം കൂടിയാണ് ഫാമിലി.

Story Highlights: Don Palathara on RRR winning Atlanta film critics

Next Story