Top

അവിചാരിത സംഭവത്തിന്റെ പേരിൽ വിലയിരുത്തേണ്ട, അവൾ ഇപ്പോഴും നടിയാണ്; ബീന പോൾ

'നമുക്ക് ഭാവനയെ പ്രോത്സാഹിപ്പിക്കണം, മികച്ച പിന്തുണ തന്നെ നൽകണം'

16 March 2022 6:48 AM GMT
ഫിൽമി റിപ്പോർട്ടർ

അവിചാരിത സംഭവത്തിന്റെ പേരിൽ വിലയിരുത്തേണ്ട, അവൾ ഇപ്പോഴും നടിയാണ്; ബീന പോൾ
X

ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷമറിയിച്ച് ചലച്ചിത്ര പ്രവർത്തക ബീനാ പോൾ. ഇത് ഒട്ടും അതിശയകരമായ കാര്യമല്ല, മറിച്ച് സ്ത്രീകൾക്ക് പ്രചോദനം നൽകുന്നതാണ്. ഭാവനയുടെ പോരാട്ടവും അതിനു കാരണം കൂടിയാണ്. മാറ്റി നിർത്തപ്പെടേണ്ട ഒരാളല്ല ഭാവനയെന്നും ബീന പോൾ പറഞ്ഞു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന ഭാവനയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ റിപ്പോർട്ടർ ടി വിയോട് പ്രതികരിക്കുകയായിരുന്നു ബീന പോൾ.

ഒട്ടും അതിശയമില്ലാത്ത കാര്യമാണ്. വളരെ കഴിവുള്ള ഒരു നടിയാണ് ഭാവന. നിരവധി മലയാള സിനിമയിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഭാവനയെ മാറ്റി നിർത്തേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഭാവന വരുന്നതിൽ വളരെ സന്തോഷമുണ്ട്. ഇതൊരു പ്രചോദനം കൂടിയാണ്. അത് സിനിമ കൊണ്ട് മാത്രമല്ല. ഭാവനയുടെ എല്ലാ കാര്യങ്ങളിലും, അവരുടെ പോരാട്ടങ്ങളെല്ലാം വലിയ പ്രചോദനം തന്നെയാണ്. ഇത് ഒരു നല്ല സിനിമയാണെങ്കിൽ തീർച്ചയായും ജനങ്ങൾ അതിനെ സ്വീകരിക്കുക തന്നെ ചെയ്യും. ഭാവനയ്ക്ക് നിർഭാഗ്യകരമായ ഒരു സംഭവം നടന്നു. എന്ന് കരുതി അവർക്ക് ഒരു ഒരു മാറ്റവും വന്നിട്ടില്ല. അവിചാരിത സംഭവത്തിന്റെ പേരിൽ അവളെ വിലയിരുത്തുകയും ചെയ്യരുത്. ഇപ്പോഴും ഭാവന ഒരു നല്ല അഭിനേത്രിയാണ്. പിന്നെന്തുകൊണ്ട് നമുക്ക് ആ രീതിയിൽ അവരുടെ സിനിമയെ കണ്ടുകൂടാ? നമുക്ക് ഭാവനയെ പ്രോത്സാഹിപ്പിക്കണം, മികച്ച പിന്തുണ തന്നെ നൽകണം.

അഞ്ചര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ പുതിയ മലയാള ചലച്ചിത്രം.സിനിമയുടെ പോസ്റ്റർ നടൻ മമ്മൂട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭാവനയ്‌ക്കൊപ്പം ഷറഫുദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ആദിൽ മയ്മാനാഥ് അഷ്‌റഫാണ്. നിർമ്മാണം റെനീഷ് അബ്ദുൾ ഖാദർ. കന്നഡ, തമിഴ് ഭാഷകളിൽ സജീവമായി തുടർന്നു. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.

Story highlights: Do not judge by the name of the unforeseen event, she is still an actress; Beena Paul

Next Story