Top

'വേലായുധ പണിക്കരേയും നങ്ങേലിയേയും കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം ഞാനെടുത്തു'; 'പത്തൊമ്പതാം നൂറ്റാണ്ട്' സ്വപ്നസാക്ഷാത്കാരമെന്ന് വിനയൻ

"എന്റെ കൊച്ചുനാൾ തൊട്ടു കേട്ട വീരനായകനാണ് വേലായുധ പണിക്കർ. ചരിത്ര നായകന്മാർ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നൽകിയിട്ടില്ല."

11 Sep 2022 5:07 PM GMT
ഫിൽമി റിപ്പോർട്ടർ

വേലായുധ പണിക്കരേയും നങ്ങേലിയേയും കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം ഞാനെടുത്തു; പത്തൊമ്പതാം നൂറ്റാണ്ട് സ്വപ്നസാക്ഷാത്കാരമെന്ന് വിനയൻ
X

പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ട് കഥാപാത്രങ്ങളെ തമ്മിൽ കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം താനെടുത്തു എന്നും ചിത്രം തൻ്റെ സ്വപ്നമായിരുന്നുവെന്നും സംവിധായകൻ വിനയൻ. 'പത്തൊമ്പതാം നൂറ്റാണ്ട്' ജനം സ്വീകരിച്ചു എന്നതിൽ ഏറെ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ കൊച്ചുനാൾ മുതൽ കേട്ട വീരനായകനാണ് വേലായുധ പണിക്കർ, എന്നാൽ ചരിത്ര നായകന്മാർ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നും വിനയൻ പറഞ്ഞു. "ഞാൻ അമ്പലപ്പുഴകാരനാണ്, ആറാട്ടുപുഴ എന്നത് എന്റെ തൊട്ടടുത്ത ഗ്രാമമാണ്. എന്റെ കൊച്ചുനാൾ തൊട്ടു കേട്ട വീരനായകനാണ് വേലായുധ പണിക്കർ. ചരിത്ര നായകന്മാർ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നൽകിയിട്ടില്ല. ശ്രീനാരായണ ഗുരുവിന് പോലും പ്രചോദനമായ ധീരനായ നവോത്ഥാന നായകനാണ് അദ്ദേഹം. അദ്ദേഹം ഒരു ആക്ഷൻ ഹീറോ ആയിരുന്നു അന്ന്. വായിൽ വെള്ളി കരണ്ടിയുമായി ജനിച്ച അദ്ദേഹം തന്റെ സഹജീവികൾക്കായി ബുദ്ധിമുട്ടുകൾ അറിഞ്ഞ് പ്രമാണികളുമായി ഏറ്റുമുട്ടാൻ ഇറങ്ങിയത്."

"അതേപോലെ ഞാൻ കേട്ടിട്ടുള്ള കെട്ടുകഥയാണ് നങ്ങേലിയുടേത്. ഈ കഥകൾ പാറയുമ്പോഴും അവിടെ ഒരു മുലച്ചി പറമ്പുണ്ട്. അവിടെ ഞാൻ പോയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ കഥാപാത്രങ്ങളെ തമ്മിൽ കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം എടുത്തു കൊണ്ട് തന്നെയാണ് അവശ വിഭാഗങ്ങളുടെ ജീവിതങ്ങളുടെ നേർചിത്രം വരയ്ക്കാൻ ശ്രമിച്ചത്. അത് എന്റെ സ്വപ്നമായിരുന്നു," വിനയൻ പറഞ്ഞു.

"വേലായുധ പണിക്കരെ പറ്റി മാത്രമാണ് അദ്ദേഹം ജനിച്ച തീയതി വ്യക്തമായുള്ളത്. ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് അത്തരമൊരു തീയതിയില്ല. ചില പുസ്തകങ്ങളിൽ പറയുന്നുണ്ട് വേലായുധ പണിക്കരാണ് കൊച്ചുണ്ണിയെ പിടിച്ചത് എന്നും ജയിലിൽ ആക്കുന്നത് എന്നും ജയിലിൽ കിടന്നാണ് അദ്ദേഹം മരിക്കുന്നത് എന്നും. അഡ്വ. ഇ രാജന്റെ 'മാറുമറയ്ക്കൽ സമര ചരിത്രം 'എന്ന പുസ്തകത്തിൽ വ്യക്തമായി പറയുന്നുണ്ട് നങ്ങേലി ജീവിച്ചിരുന്നത് വേലായുധ പണിക്കരുടെ കാലഘട്ടത്തിലാകാം എന്ന്. ഞാൻ ആ പുസ്തകം ആണ് റെഫർ ചെയ്‍തത്. പല പുസ്തകങ്ങളും പല തരത്തിലാണ് പറയുന്നത്. നങ്ങേലി പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് മാത്രമാണ് പറയുന്നത്. പദ്മനാഭസ്വാമിയുടെ സാളഗ്രാമം മോഷ്ടിച്ചത് കായംകുളം കൊച്ചുണ്ണിയാണെന്നും അദ്ദേഹം കൊച്ചുണ്ണിയെ പിടിച്ചുവെന്നും അങ്ങനെ അദ്ദേഹത്തിന് പണിക്കർ പട്ടം കിട്ടിയെന്നും വിക്കിപ്പീഡിയയിൽ പോലും എഴുതിയിട്ടുണ്ട്." വിനയൻ കൂട്ടിച്ചേർത്തു.

വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പല പ്രേക്ഷകരും 'പത്തൊമ്പതാം നൂറ്റാണ്ടിനെ'ക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പിരിയോഡിക് ഡ്രാമയെന്നും അഭിപ്രായമുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കരായി എത്തിയ സിജു വിൽസൺ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

Story highlights: Director Vinayan says 'Pathonpatham Noottandu' is his dream come true.


Next Story