Top

'മൂന്ന് സിനിമകളില്‍ യേശുദാസിന്റെ പാട്ടുകള്‍ വേണ്ടെന്ന് വച്ചു, നാലാം സിനിമയില്‍ പാടി'; കാരണം പറഞ്ഞ് സിദ്ദിഖ്

വിയറ്റ്‌നാം കോളനിയിലാണ് അദ്ദേഹം പാടുന്നത്

22 Sep 2022 3:21 PM GMT
ഫിൽമി റിപ്പോർട്ടർ

മൂന്ന് സിനിമകളില്‍ യേശുദാസിന്റെ പാട്ടുകള്‍ വേണ്ടെന്ന് വച്ചു, നാലാം സിനിമയില്‍ പാടി; കാരണം പറഞ്ഞ് സിദ്ദിഖ്
X

ഒരേ കാലഘട്ടത്തില്‍ സിനിമയില്‍ ആയിരുന്നിട്ടും യേശുദാസിനൊപ്പം ഒരു പാട്ട് ചിത്രീകരിക്കാന്‍ കാലതാമസം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് സംവിധായകന്‍ സിദ്ദിഖ്. ആദ്യ മൂന്ന് സിനിമകളില്‍ യേശുദാസ് പാടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നാലാമത്തെ സിനിമയിലൂടെയാണ് അത് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രതികരണം.

അക്കാലത്ത് യേശുദാസിന്റെ ഉടമസ്ഥതയിലുള്ള റെക്കോര്‍ഡ് കമ്പനിയായ തരംഗണിക്ക് തന്നെ പാട്ടിന്റെ അവകാശം കൊടുക്കണമായിരുന്നു. അപ്പോള്‍ പാട്ടിന് പ്രതിഫലം വാങ്ങില്ല. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അത് ലാഭകരമല്ലാത്തതിനാല്‍ അത് പറ്റില്ലായിരുന്നു. ലാഭത്തിന്റെ ഒരു വിഹിതം മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കൂ എന്നതൊക്കെ യേശുദാസിനൊപ്പം സിനിമ ചെയ്യുന്ന വൈകാനുള്ള കാരണമായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. പിന്നീട് തരംഗണി ഇല്ലാതാവുകയും ദാസേട്ടന്‍ പ്രതിഫലം വാങ്ങി പാടാനും ആരംഭിച്ചതോടെയാണ് തന്റെ സിനിമകളില്‍ പാടി തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാനും ലാലും ദാസേട്ടനും ഒരേ കാലഘട്ടില്‍ സിനിമയില്‍ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ഒരു പാട്ട് ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. അതിന് ഭാഗ്യമുണ്ടായത് ഒന്നാമത്തെ സിനിമയിലോ രണ്ടാമത്തേതിലോ മൂന്നാമത്തേതിലോ അല്ല നാലാമത്തെ സിനിമയിലാണ്. റാംജിറാവുവിലും ഹിഹര്‍ നഗറിലും ഗോഡ്ഫാദറിലും ദാസേട്ടന്‍ പാടിയിട്ടില്ല. വിയറ്റ്‌നാം കോളനിയിലാണ് അദ്ദേഹം പാടുന്നത്. നമ്മുക്ക് ആഗ്രഹം ഇല്ലാത്തത്‌ കൊണ്ട് ആയിരുന്നില്ല. ആ സാഹചര്യത്തില്‍ അത് പറ്റില്ലായിരുന്നു'.

'ദാസേട്ടന്‍ പാട്ട് പാടണമെങ്കില്‍ കാസറ്റ് തരംഗണിക്ക് കൊടുക്കണമായിരുന്നു. അങ്ങനെയായാല്‍ നിര്‍മ്മാതാക്കള്‍ക്ക് പണം കിട്ടില്ല. ലാഭത്തിന്റെ ഒരു വിഹിതം മാത്രമേ ലഭിക്കൂ. ദാസേട്ടന് പാടുന്നതില്‍ പണം കൊടുക്കണ്ട എന്നായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പാട്ട് നിര്‍ബന്ധമുളളവര്‍ അങ്ങനെ തന്നെ പാടിക്കുമായിരുന്നു. പക്ഷേ ഈ സിനിമകളൊക്കെ ചെറിയ ബജറ്റ് സിനിമകളാണ്. ഓഡിയോ കാസറ്റില്‍ നിന്നും വീഡിയോ കാസ്റ്റില്‍ നിന്നും വരുന്നതൊക്കെ ഞങ്ങളെ സംബന്ധിച്ച് വരവായിരുന്നു. ദാസേന്റെ ആ ബിസിനസില്‍ ഓഡിയോയില്‍ നിന്നുള്ള വരുമാനം ഉണ്ടാകില്ല. അപ്പോള്‍ ദാസേട്ടന്‍ ഇല്ലാതെ തന്നെ സിനിമ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. പിന്നീട് തരംഗണി ഇല്ലാതാവുകയും ദാസേട്ടന്‍ പ്രതിഫലം വാങ്ങി പാടാനും ആരംഭിച്ചു' സിദ്ദിഖ് പ്രതികരിച്ചു.

Next Story