Top

'എനിക്കിത് പുതിയ വാര്‍ത്തയാണ്'; മരക്കാര്‍ ഒടിടി റിലീസില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍

ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ പറ്റിയ ആളുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആയിരിക്കുമെന്നും സംവിധായന്‍

22 Oct 2021 7:34 AM GMT
ഫിൽമി റിപ്പോർട്ടർ

എനിക്കിത് പുതിയ വാര്‍ത്തയാണ്; മരക്കാര്‍ ഒടിടി റിലീസില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍
X

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസായി എത്തിയേക്കില്ല എന്ന സൂചന നല്‍കി ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം ഒടിടി റിലീസായി എത്തുമെന്നത് തനിക്ക് പുതിയൊരു വാര്‍ത്തയാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും പ്രിയദര്‍ശന്‍ ഒടിടി പ്ലേയിനോട് പറഞ്ഞു. ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ പറ്റിയ ആളുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആയിരിക്കുമെന്നും സംവിധായന്‍ പ്രതികരിച്ചു.

ചിത്രം ഒടിടി റലീസായി എത്തുമെന്നും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ റിപ്പോർട്ടർ ടി വി യോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ആ സമയം സംവിധായകൻ പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് പ്രയദർശന്‍ ഒടിടി പ്ലേയിനോട് പ്രതികരിച്ചത്.

ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. ആറ് മാസം കൂടി കാത്തിരിക്കേണ്ടി വന്നാലും ചിത്രം തീയേറ്ററില്‍ തന്നെയായിരിക്കും പ്രദര്‍ശനത്തിന് എത്തുകയെന്ന് പ്രിയദര്‍ശന്‍ മുമ്പ് പറഞ്ഞിരുന്നു. ഇന്നലെയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായി ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തും എന്ന വാര്‍ത്തകള്‍ വന്നിരുന്നത്. മുംബൈയില്‍ ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ സിനിമ കണ്ടുവെന്ന് സൂചനയുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് രണ്ട് തവണയായി മാറ്റി വെച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

Next Story

Popular Stories