Top

ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ദൃശ്യം 3'; ജോർജുകുട്ടി വീണ്ടും വരുമോ എന്ന് ആരാധകർ

സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

14 Aug 2022 10:04 AM GMT
ഫിൽമി റിപ്പോർട്ടർ

ട്വിറ്ററിൽ ട്രെൻഡിങ്ങായി ദൃശ്യം 3; ജോർജുകുട്ടി വീണ്ടും വരുമോ എന്ന് ആരാധകർ
X

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. 'ദൃശ്യം 3' എന്ന ഹാഷ്ടാഗും ട്വിസ്റ്ററിൽ ട്രെൻഡിങ് ആണ്.




നേരത്തെ ജീത്തു ജോസഫ് സിനിമയുടെ ക്ലൈമാക്സ് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. 'ദൃശ്യം 2' റിലീസിന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മുൻപ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മോഹൻലാലിനും മൂന്നാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ടെന്നും ജീത്തു ജോസഫുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിൽ 'റാം' ആണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാൽ ഒരു വലിയ പാൻ ഇന്ത്യൻ താരം സിനിമയുടെ ഭാഗമാകും എന്നും സൂചനകളുണ്ട്.

തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. 'ഹേയ് ജൂഡി'നു ശേഷം തൃഷ എത്തുന്ന മലയാള ചിത്രം കൂടിയാണിത്.ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

story highlights: dhrishyam 3 trending in twitter after the rumours about the announcement of the movie

Next Story