Top

'ക്ലൈമാക്‌സ് ഒറിജിനലാണ്'; അഭിനേതാക്കള്‍ തുറന്നുപറഞ്ഞത് അവരുടെ അനുഭവങ്ങളെന്ന് 'വുമന്‍ വിത്ത് എ മൂവി ക്യാമറ' സംവിധായകന്‍

'സ്ത്രീകളുടെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം അവസാനം വിജയമാണ് കാണിക്കുന്നത്'

6 April 2022 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

ക്ലൈമാക്‌സ് ഒറിജിനലാണ്; അഭിനേതാക്കള്‍ തുറന്നുപറഞ്ഞത് അവരുടെ അനുഭവങ്ങളെന്ന് വുമന്‍ വിത്ത് എ മൂവി ക്യാമറ സംവിധായകന്‍
X

അടൽ കൃഷ്‌ണൻ എന്ന യുവ സംവിധായകന്റെ ആദ്യ ചിത്രമാണ് 'വുമൺ വിത്ത് എ മൂവി ക്യാമറ'. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കടന്നു പോകുന്ന ഒരു ദിവസം. ആ ദിവസം ഉണ്ടാകുന്ന ചില സംഭവങ്ങളും ചർച്ചകളും തുറന്നു പറച്ചിലുമൊക്കെയാണ് ഒരു ചിത്രത്തിലൂടെ കാണിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന ഐഎഫ്എഫ്കെയിലും കഴിഞ്ഞ ദിവസം നടന്ന കൊച്ചി റീജിയണൽ ഐഎഫ്എഫ്കെയിലും മികച്ച പ്രേക്ഷക പ്രതികരണവുമായി കയ്യടി വാങ്ങിയ ചിത്രമാണ് 'വുമൺ വിത്ത് എ മൂവി ക്യാമറ'. എന്നാൽ സിനിമയിലെ പല രംഗങ്ങളും റിയലിസ്റ്റിക് ആയ അനുഭവങ്ങളാണ് തുറന്നു പറഞ്ഞത് എന്നും ചിത്രം എല്ലാവരിലേക്കും എത്തുക എന്നതാണ് ആഗ്രഹമെന്നും പറയുകയാണ് സംവിധായകൻ അടൽ കൃഷ്‌ണൻ.

സ്ത്രീകളുടെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം അവസാനം വിജയമാണ് കാണിക്കുന്നത്, എന്ത് സംഭവിച്ചാലും അതിനെയൊക്കെ തരണം ചെയ്ത്, വിജയം കൈവരിക്കുന്നതാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാത്തവരും ഉണ്ട്. അതാണ് ഇവിടെ തുറന്നു കാണിക്കാൻ ശ്രമിച്ചത് എന്നും അടൽ കൂട്ടിച്ചേർത്തു. കൊച്ചി റീജിയണൽ ഐഎഫ്എഫ്കെയിലെ അവസാന ദിവസമായ ഇന്നലെ 'വുമൺ വിത്ത് എ മൂവി ക്യാമറ' പ്രദർശിപ്പിച്ച ശേഷം പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു സിനിയമയുടെ അണിയറപ്രവർത്തകർ.

ആതിര (നായിക) അവർക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ ഇതൊരു സിനിമയാക്കണം എന്നല്ല ആദ്യം വിചാരിച്ചത്. ഇത് കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കണം എന്നാണ്. അതിനു വേണ്ടി പല മാധ്യമങ്ങളും ഞങ്ങൾ നോക്കി. വെബ് സീരീസിലൂടെ, യൂട്യൂബ് വീഡിയോയിലൂടെയൊക്കെ. ഏറ്റവും ജനകീയമായ മാധ്യമമാണ് ഞങ്ങൾ അധികവും നോക്കിയത്. അവസാനമാണ് സിനിമ എന്നതിലേക്ക് എത്തുന്നത്. ഇതിന്റെ സ്ക്രിപ്റ്റ് പടിപടിയായാണ് ഞങ്ങൾ ആരംഭിക്കുന്നത്. അടൽ പറഞ്ഞു

'ഉയരെ' പോലെയുള്ള സിനിമകളിൽ പറയുന്നതും സ്ത്രീകൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ അത്തരം സിനിമകളുടെ അവസാനം എല്ലാം അതിജീവിച്ച് വിജയത്തിലാണ് അവസാനിക്കുന്നത്. എന്ത് പ്രശ്നം ഉണ്ടായാലും അതിൽ നിന്നും പൊരുതി വിജയിക്കുക എന്നതാണ് എല്ലാ സിനിമയും കാണിക്കുന്നത്. എന്നാൽ ജീവിതത്തിൽ വിജയിക്കാത്തവരും നമ്മുടെ ഇടയിൽ നിരവധി ഉണ്ട്. അവരുടെ കഥയും അറിയണം. സിനിമയുടെ 75 ശതമാനവും ഞങ്ങൾ റിഹേഴ്സൽ നടത്തിയാണ് എടുത്തിരിക്കുന്നത്. എന്നാൽ സിനിമയുടെ അവസാനഭാഗങ്ങൾ ഒന്നും തന്നെ റിഹേഴ്സൽ നടത്തിയിട്ടില്ല. അതൊക്കെ ഒറിജിനൽ ആണ്. എല്ലാം അവരുടെ സ്വന്തം അനുഭവങ്ങളാണ് പറയുന്നത്. അടൽ വ്യകത്മാക്കി.

ഇത് സിനിമയാകുമോ എന്നൊന്നും അറിയില്ല, ഞങ്ങൾ ഒരുപക്ഷെ ഈ അനുഭവങ്ങൾ പങ്കുവച്ചത് അതിന്റെ ഭീകരത കൊണ്ടാകും. ഞങ്ങളുടെ അനുഭവം ഇനി എങ്കിലും ആവർത്തിക്കരുത് എന്ന വലിയ ആഗ്രഹം കൊണ്ടാകാം ഞങ്ങൾ സിനിമയിലൂടെ പറഞ്ഞത്. ആതിര പറഞ്ഞു.

ഒരു ഡോക്യൂമെന്ററിയുടെ ഭാഗമായി സുഹൃത്തായ ആതിരയുടെ ജീവിതത്തിലെ ഒരു ദിവസം പകർത്താൻ മാധ്യമ വിദ്യാർത്ഥിനിയായ മഹിത ആതിരയുടെ വീട് സന്ദർശിക്കുന്നതാണ് ചിത്രം. മഹിതയുടെ കയ്യിലുള്ള ക്യാമറയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആതിരയുടെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള പഠനം കേരളത്തിലെ സ്ത്രീകളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സങ്കീർണതകൾ അനാവരണം ചെയ്യുകയാണ്. ആതിരയുടെ ഭയം മുതൽ അവളുടെ കുടുംബബന്ധങ്ങളിലെ സങ്കീർണ്ണതകൾ വരെ മഹിതയുടെ ക്യാമറയിലൂടെ ചിത്രീകരിക്കപ്പെടുന്നു.

Story highlights: "We are surrounded not only by women who have overcome problems, but also by survivors"; Says Atal Krishnan

Next Story