അടുത്ത 'തീപ്പൊരി ബെന്നി'; അർജുൻ അശോകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
'തുറമുഖം' എന്ന ചിത്രത്തിലാണ് അർജുൻ അശോകൻ അവസാനമായി അഭിനയിച്ചത്
19 March 2023 5:31 AM GMT
ഫിൽമി റിപ്പോർട്ടർ

അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ചിത്രീകരണം ആരംഭിച്ചു. മിന്നൽ മുരളിയിൽ നായികയായി എത്തിയ ഫെമിന ജോർജാണ് ഇതിൽ നായിക. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് മാസങ്ങളായി നിരവധി റിലീസുകൾ നടത്തിയ അർജുൻ അശോകൻ ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾ എല്ലാം വിജയം നേടുകയാണ്. 'തുറമുഖം' എന്ന ചിത്രത്തിലാണ് അർജുൻ അശോകൻ അവസാനമായി അഭിനയിച്ചത്. അടുത്തിടെ സൂപ്പർഹിറ്റായ 'രോമാഞ്ചം', 'പ്രണയ വിലാസം' എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജേഷ് മോഹനും ജോജി തോമസും ചേർന്നാണ്. 'വെള്ളിമൂങ്ങ', 'ജോണി ജോണി യെസ് അപ്പ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. തീപ്പൊരി ബെന്നി നിർമ്മിക്കുന്നത് ഷെബിൻ ബക്കറാണ്. അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണവും ശ്രീരാഗ് സജി സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് സൂരജ് ഇഎസ്, പ്രൊഡക്ഷൻ ഡിസൈനർ മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാർ.
STORY HIGHLIGHTS: Arjun Ashokans next titled Theepori Benny