Top

'ഞാൻ ഊഹിച്ചതിനും മേലെ ആയിരുന്നു ഇതിന്റെ ക്ലൈമാക്സ്'; '21 ഗ്രാംസിനെ'ക്കുറിച്ച് അനൂപ് മേനോൻ

'അത് തന്നെയാണ് ആ സ്ക്രിപ്റ്റിന്റെ ഭംഗിയും. നമ്മൾ ഊഹിക്കുന്നതിനപ്പുറമാണ് ആ ക്ലൈമാക്സ്'

15 March 2022 7:46 AM GMT
ഫിൽമി റിപ്പോർട്ടർ

ഞാൻ ഊഹിച്ചതിനും മേലെ ആയിരുന്നു ഇതിന്റെ ക്ലൈമാക്സ്; 21 ഗ്രാംസിനെക്കുറിച്ച് അനൂപ് മേനോൻ
X

ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് '21 ഗ്രാംസ്'. സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്നത് ക്ലൈമാക്സ് ആണെന്ന് അനൂപ് മേനോൻ. തിരക്കഥ വായിക്കുന്ന സമയത്ത് ക്ലൈമാക്സിനെക്കുറിച്ച് പല ഊഹങ്ങൾ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാം അപ്പുറമായിരുന്നു ക്ലൈമാക്സ് എന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏതൊരു കുറ്റാന്വേഷണ പശ്ചാത്തലത്തിലുള്ള സിനിമയും കാണുമ്പോൾ പ്രേക്ഷകർ ആര് ചെയ്തു, എന്തിനു ചെയ്തു എന്ന് ഊഹിക്കാൻ തുടങ്ങും. കുടുംബങ്ങൾക്കും ഈ ഒരു ഗസ്സിങ് ഗെയിമിൽ ഭാഗമാകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒന്നിച്ചിരുന്നു ബെറ്റ് ഒക്കെ അടിച്ച് ഇരുന്നു കാണാം സാധിക്കും. ഈ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞെട്ടി എന്ന് പറയാം. ഒരുപാട് തിരക്കഥകൾ വായിക്കുന്നത് കൊണ്ട് നമുക്ക് സ്വാഭാവികമായും തിരക്കഥ വായിക്കുമ്പോൾ ഊഹിക്കാൻ പറ്റുമല്ലോ. ഞാൻ ഊഹിച്ചതിനും മേലെ ആയിരുന്നു ഇതിന്റെ ക്ലൈമാക്സ്. എനിക്ക് പ്രവചിക്കാൻ പറ്റിയില്ല. അത് തന്നെയാണ് ആ സ്ക്രിപ്റ്റിന്റെ ഭംഗിയും. നമ്മൾ ഊഹിക്കുന്നതിനപ്പുറമാണ് ആ ക്ലൈമാക്സ്', അനൂപ് മേനോൻ പറഞ്ഞു.

മാർച്ച്‌ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സസ്‌പെൻസ് നിറഞ്ഞ, ഹോളിവുഡ്‌ ശൈലിയിൽ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇത് എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു കൊലപാതകം അതന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക്ക്, ഓപ്പറേഷൻ ജാവ എന്നേ സിനിമകൾക്ക് ശേഷം ഈ ജോണറിൽ ഒരുങ്ങുന്ന സിനിമയാണ് 21 ഗ്രാംസ് എന്ന പ്രത്യേകത കൂടിയുണ്ട്.

ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

story highlights: anoop menon talks about 21 grams movie

Next Story