Top

'അങ്കമാലി ഡയറീസ് പ്രേക്ഷക തൃപ്തിക്ക് വേണ്ടി ചെയ്ത പടമല്ല'; ലിജോ ജോസ് പെല്ലിശ്ശേരി

'ഡബിൾ ബാരൽ' എന്ന ചിത്രത്തിന് ശേഷം 'അങ്കമാലി ഡയറീസ്' പോലൊരു സിനിമ ചെയ്തത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയായാണോ എന്നായിരുന്നു ലിജോ നേരിട്ട ചോദ്യം

22 March 2022 12:55 PM GMT
ഫിൽമി റിപ്പോർട്ടർ

അങ്കമാലി ഡയറീസ് പ്രേക്ഷക തൃപ്തിക്ക് വേണ്ടി ചെയ്ത പടമല്ല; ലിജോ ജോസ് പെല്ലിശ്ശേരി
X

വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകൻ', 'സിറ്റി ഓഫ് ഗോഡ്', 'ആമേൻ', 'ഡബിൾ ബാരൽ', 'അങ്കമാലി ഡയറീസ്' തുടങ്ങി 'ജല്ലിക്കട്ട്', 'ചുരുളി', 'നൻപകൽ നേരത്ത് മയക്കം' എന്നിങ്ങനെ ലിജോ ജോസ് പല പരീക്ഷണങ്ങളിലൂടെയും കടന്നു പോകുകയാണ്. ഡബിൾ ബാരൽ എന്ന സാമ്പത്തിക പരാജയം നേരിട്ട സിനിമയ്ക്ക് ശേഷമായിരുന്നു അങ്കമാലി ഡയറീസിലൂടെയുളള എൽജെപിയുടെ തിരിച്ചു വരവ്. എന്നാൽ അങ്കമാലി ഡയറീസ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടി എടുത്ത ഒരു മാസ് സിനിമയല്ല എന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

ഐഎഫ്എഫ്കെ വേദിയിൽ പ്രേക്ഷകരുമായി സംവദിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഡബിൾ ബാരൽ' എന്ന ചിത്രത്തിന് ശേഷം 'അങ്കമാലി ഡയറീസ്' പോലൊരു സിനിമ ചെയ്തത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയായാണോ എന്നായിരുന്നു ലിജോ നേരിട്ട ചോദ്യം. എന്നാൽ രണ്ടു സിനിമകൾക്കുമിടയിൽ തനിക്കുണ്ടായ മാറ്റമാണ് അങ്കമാലി ഡയറീസിൽ കാണാൻ സാധിച്ചത് എന്നും അത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല എന്നും ലിജോ മറുപടി നൽകി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ

ഒരു സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്കുള്ള യാത്രയ്ക്കിടയിലും സാധാരണമായി നമുക്ക് മാറ്റങ്ങൾ ഉണ്ടാകും. ആ സമയത്ത് നമ്മൾ കാണുന്ന സിനിമകളോ നമുക്ക് ഉണ്ടായ അനുഭവങ്ങളോ ഒക്കെ ചേർന്നാകും മാറ്റം ഉണ്ടാകുക. അഞ്ച് വർഷം മുൻപ് നമ്മൾ എടുത്ത ഒരു തീരുമാനം ഇന്ന് നമ്മൾ ആലോചിക്കുമ്പോൾ അത് ഏറ്റവും ബാലിശമായ ഒരു തീരുമാനമായി തോന്നാറില്ലേ. അതുപോലെയാണ് സിനിമയുടെ കാര്യത്തിലും. ഒരു സിനിമയിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റം രണ്ട് സിനിമയിലുമുണ്ടാകും.

അതല്ലാതെ അങ്കമാലി ഡയറീസ് പ്രേക്ഷകരുടെ തൃപ്തിക്ക് വേണ്ടി ചെയ്തതാണോ എന്ന് ചോദിച്ചാൽ അല്ല എന്നേ എനിക്ക് പറയാൻ കഴിയുകയുള്ളു. എന്നെ സംബന്ധിച്ച് 'അങ്കമാലി ഡയറീസ്' എന്റെ പിടിവള്ളിയായിരുന്നു. ഒരു ആഡംബരവും നേട്ടവും പ്രതീക്ഷിക്കാതെ ഒരു സിനിമ എടുക്കാൻ കഴിയുമെന്ന് എനിക്ക് പ്രൂവ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ ഈ സ്ഥലത്ത്, ഈ സ്ഥാനത്ത് നിൽക്കേണ്ട ആളല്ല എന്നെനിക്ക് തോന്നി. അതുകൊണ്ടാണ് പിന്നീട് ബാക്കി എല്ലാ സിനിമകളും ചെയ്യാൻ അവസരം കിട്ടിയത്.

നമുക്ക് എന്താണ് പറയാനുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും ഒരു സിനിമ. നിങ്ങൾക്കൊരു കാര്യം പ്രേക്ഷകരോട് പറയാനുണ്ടെങ്കിൽ, സന്ദേശം അവതരിപ്പിക്കാനുണ്ടെങ്കിൽ അത് ഏതു രീതിയിൽ, എങ്ങനെ വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളുടേതായ രീതിയിൽ തന്നെ അത് ആവിഷ്കരിച്ചാൽ മതി.

പറയാനുള്ള കഥകളൊക്കെ വലിയ രൂപത്തിൽ തന്നെ അത് തിരശീലയിലേക്ക് കൊണ്ടുവരണം എന്നുള്ള എന്റെ വലിയ ആഗ്രഹമാണ് എന്നെ ഇവിടെ, ഈ മേഖലയിൽ എത്തിക്കാനുള്ള കാരണം. പിന്നീട് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മുന്നോട്ടു പോകുകയായിരുന്നു. ഒരു അന്താരാഷ്ട്ര രീതിയിൽ ചിത്രങ്ങൾ ചെയ്യാൻ പറയുന്നതിനേക്കാൾ നല്ല സിനിമകൾ ചെയ്യാനെ ഞാൻ യുവ തലമുറയോട് പറയുകയുള്ളൂ, അവരെ പ്രേരിപ്പിക്കുകയൊള്ളു.

Story Highlights: 'Angamaly Diaries is not a film made for the satisfaction of the audience'; Lijo Jose Pellissery

Next Story