Top

ഓണത്തിന് 'ഗോള്‍ഡ്' ഇല്ല; പൃഥ്വിരാജ്- നയൻതാര ചിത്രത്തിന്റെ റിലീസ് മാറ്റുന്നതായി അല്‍ഫോണ്‍സ് പുത്രന്‍

ഓണത്തിന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല

1 Sep 2022 6:40 PM GMT
ഫിൽമി റിപ്പോർട്ടർ

ഓണത്തിന് ഗോള്‍ഡ് ഇല്ല; പൃഥ്വിരാജ്- നയൻതാര ചിത്രത്തിന്റെ റിലീസ് മാറ്റുന്നതായി അല്‍ഫോണ്‍സ് പുത്രന്‍
X

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന 'ഗോള്‍ഡ്' ഓണത്തിന് റിലീസ് ചെയ്യില്ല. ഓണം കഴിഞ്ഞാകും ചിത്രം റിലീസ് ചെയ്യുകയെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

'ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ 'ഗോള്‍ഡ്' ഓണം കഴിഞ്ഞ് റിലീസ് ചെയ്യും ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോള്‍ഡ് റിലീസ് ചെയ്യുമ്പോള്‍ ഈ കാല താമസം നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'. അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

ഓണത്തിന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല. പൃഥ്വിരാജും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്'. ട്രെയ്ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണുള്ളത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

ചിത്രത്തില്‍ ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും


STORY HIGHLIGHTS: Alphonse puthren inform prithviraj movie gold releasing after onam

Next Story