Top

'ലവി'നും 'തല്ലുമാല'ക്കും ശേഷം അടുത്ത ഹിറ്റിന്; പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും

25 Oct 2022 2:23 AM GMT
ഫിൽമി റിപ്പോർട്ടർ

ലവിനും തല്ലുമാലക്കും ശേഷം അടുത്ത ഹിറ്റിന്; പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും
X

മലയാളത്തിലെ ഒരു ഹിറ്റ് കോംബോ ആവുകയാണ് സംവിധായകന്‍ ഖാലിദ് റഹ്മാനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും. 'ലവ്' ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യ ചിത്രം. പിന്നീട് 'തല്ലുമാല'യിലൂടെ വീണ്ടും ഒന്നിച്ചു. തല്ലുമാലയുടെ വമ്പന്‍ വിജയത്തിന് ശേഷം ആ കോംബോ വീണ്ടും ഒന്നിക്കുകയാണ്.

പുതിയ സിനിമ ഒരുങ്ങുന്ന കാര്യം ആഷിഖ് ഉസ്മാന്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും' ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് ഉസ്മാന്‍ കുറിച്ചു.

ഖാലിദ് റഹ്മാന്റെ ലവില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍. സുധി കോപ്പ, ജോണി ആന്റണി എന്നിവരും ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നു. ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുകയാണ്.

സിനിമയുടെ മേക്കിങ്ങും ക്യാമറയും മുതല്‍ ലൈറ്റിലും എഡിറ്റിംഗിലും നോണ്‍ ലീനിയര്‍ രീതിയിലുള്ള കഥപറച്ചിലിലും വരെ കൊണ്ടുവന്ന വ്യത്യസ്തതകളുള്ള ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷന്‍ 47.30 കോടിയാണ്. കേരളത്തില്‍ നിന്നും മാത്രം 27 കോടി നേടിയ ചിത്രം കര്‍ണാടകയില്‍ നിന്നും 1.15 കോടി കളക്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 18 കോടിക്ക് അടുത്താണ് തല്ലുമാല സ്വന്തമാക്കിയത്.

Story Highlights; After love and Thallumala Khalid Rahman and Ashiq Usman with next movie

Next Story