Top

'' ആ ജാതി ആയതുകൊണ്ട് പോലീസ് എനിക്ക് നേരെ കേസ് എടുത്തു''; സലിം കുമാർ

''ഒരു ചാരിറ്റി എന്ന രീതിയിലാണ് ഈ കാസറ്റ് ചെയ്തത്. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റിൽ കൃഷ്ണൻകുട്ടി നായർ ഏത് ജാതിയിൽ പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു''

15 Jan 2022 5:31 AM GMT
ഫിൽമി റിപ്പോർട്ടർ

 ആ ജാതി ആയതുകൊണ്ട് പോലീസ് എനിക്ക് നേരെ കേസ് എടുത്തു; സലിം കുമാർ
X

ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങി ഹാസ്യ താരം എന്ന നിലയിലും സഹനടനായും പിന്നീട് നടനായും ദേശിയ പുരസ്കാരം വരെ ലഭിച്ച മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് സലിം കുമാർ. 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിക്കൊണ്ട് സലിം കുമാർ മലയാള സിനിമയുടെ മുൻനിരയിലേക്ക് കടന്നു വരികയായിരുന്നു. ഇപ്പോൾ തനിക്കു നേരെ ഉണ്ടായ ഒരു കേസിനെ കുറിച്ച് പറയുകയാണ് താരം. ഒരാളെ സഹായിക്കാൻ വേണ്ടി ചെയ്ത കാസറ്റിൽ ഉള്ളാടൻ ജാതിയുടെ പേര് പറഞ്ഞതിന് വർഷങ്ങൾക്ക് ശേഷം തനിക്കെതിരെ വന്ന ഒരു കേസും തുടർന്നുണ്ടായ പ്രേശ്നങ്ങളെയും രസകരമായി പറയുകയാണ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം.

''വർഷങ്ങൾക്ക് മുമ്പ് കലാഭവൻ ജയൻ എന്ന സുഹൃത്ത്, അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാൻ വേണ്ടി ഒരു കാസറ്റ് ഇറക്കാൻ തീരുമാനിക്കുകയും ചെയ്തു. മണിയും, ഞാനും, ജയനും, സജീവും ചേർന്ന ഞങ്ങളുടെ ഒരു ഗാങ് ആണ് അതിന് മുന്നിട്ടിറങ്ങിയത്. ഒരു ചാരിറ്റി എന്ന രീതിയിലാണ് ഈ കാസറ്റ് ചെയ്തത്. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റിൽ കൃഷ്ണൻകുട്ടി നായർ ഏത് ജാതിയിൽ പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ച് താൻ ഉള്ളാടൻ എന്നാണ് പറയേണ്ടത്. പരിപാടി കഴിഞ്ഞു കാസറ്റ് കച്ചവടം ചെയ്തു.''

''അന്ന് അമ്പതിനായിരം രൂപയോളം കാസറ്റ് വിറ്റ് കിട്ടി. വർഷങ്ങൾക്ക് ശേഷം, താൻ സിനിമാ നടൻ ആയിക്കഴിഞ്ഞ് എന്റെ വീടിന് മുന്നിൽ പൊലീസുകാർ എത്തി. അറസ്റ്റ് വാറണ്ട് ഉണ്ട് എന്നാണ് പൊലീസുകാർ പറഞ്ഞത്. ഞാൻ ശെരിക്കും പേടിച്ചു. ഉള്ളാട മഹാസഭയാണ് കേസ് കൊടുത്തത്. പണ്ട് ആ കാസറ്റിൽ കൃഷ്ണൻകുട്ടി നായരുടെ ജാതി ഉള്ളാടൻ എന്നു പറഞ്ഞതിനാണ് കേസ് എടുത്തത്. മണിയും സജീവും ഉള്ളാടൻ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദളിതർ ആയതുകൊണ്ട് അവർക്കെതിരെ കേസ് വന്നില്ല. പക്ഷേ ഞാൻ ഈഴവനായത് കൊണ്ട് എനിക്കെതിരെ കേസ് വന്നു. അവർ ദളിതരായത് കൊണ്ട് അവർക്ക് അവരുടെ ജാതി പറയാം. പക്ഷെ എനിക്ക് പറ്റില്ല എന്നാണ്. തുടർന്ന് നിരന്തരം കോടതി കയറി ഇറങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാനൊക്കെ ശ്രമം നടത്തിയെങ്കിലും ഫലമൊന്നും കണ്ടില്ല. എന്നെ എറണാകുളം ഹൈക്കോടതിയിലാണ് ഹാജരാക്കിയത്. ഹരിശ്രീ വേണു എന്ന സുഹൃത്തിന്റെ ജാമ്യത്തിൽ പിന്നീട് എന്നെ വിട്ടു. എന്നിട്ടും സ്ഥിരം കോടതി കയറി ഇറങ്ങലായി. പിന്നീട് ആ കേസ് തള്ളിപ്പോയി'' എന്നും സലിം കുമാർ പറയുന്നു.

Next Story

Popular Stories