ബ്രോക്കര്‍മാര്‍ക്കെതിരെ നടപടി, സ്ത്രീധനം നല്കുന്നവര് പ്രതികളല്ല, ഇരകള്‍; സര്‍ക്കാരിന് മുന്നില്‍ എട്ട് നിര്‍ദ്ദേശങ്ങളുമായി ഫാത്തിമ തഹ്ലിയ
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ചെയ്യേണ്ട നടപടികളുടെ നിര്‍ദ്ദേശവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. സ്ത്രീധനത്തില്‍ നിന്നും പണം പറ്റി വിവാഹം നടത്തുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക, വിവാഹ മോചനക്കേസുകള്ക്കായി കൂടുതല്‍ കുടുംബ കോടതികള്‍, ഗാര്‍ഹിക പീഡനമേറ്റ സ്ത്രീകള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ തുടങ്ങി എട്ടിന നിര്‍ദ്ദേശങ്ങളാണ് ഫാത്തിമ തഹ്ലിയ മുന്നോട്ട് വെച്ചത്. നിര്‍ദ്ദേശങ്ങള്‍ ഭര്‍ത്താവില്‍ നിന്നും പീഡനമേല്‍ക്കുന്ന സ്ത്രീ ആ ബന്ധത്തില്‍ […]
27 Jun 2021 2:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ചെയ്യേണ്ട നടപടികളുടെ നിര്‍ദ്ദേശവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. സ്ത്രീധനത്തില്‍ നിന്നും പണം പറ്റി വിവാഹം നടത്തുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക, വിവാഹ മോചനക്കേസുകള്ക്കായി കൂടുതല്‍ കുടുംബ കോടതികള്‍, ഗാര്‍ഹിക പീഡനമേറ്റ സ്ത്രീകള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ തുടങ്ങി എട്ടിന നിര്‍ദ്ദേശങ്ങളാണ് ഫാത്തിമ തഹ്ലിയ മുന്നോട്ട് വെച്ചത്.
നിര്‍ദ്ദേശങ്ങള്‍
ഭര്‍ത്താവില്‍ നിന്നും പീഡനമേല്‍ക്കുന്ന സ്ത്രീ ആ ബന്ധത്തില്‍ നിന്നും ഒഴുവാകുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവില്‍ ഒരു ജില്ലയില്‍ ഒന്നോ രണ്ടോ കുടുംബകോടതികള്‍ മാത്രമാണുള്ളത്. വിവാഹ മോചനക്കേസുകള്ക്കായി കൂടുതല്‍ കുടുംബ കോടതികള്‍ സ്ഥാപിക്കുക എന്നതാണ് പരിഹാരം. ഓരോ താലൂക്കിലും കുടുംബ കോടതികള്‍ സ്ഥാപിക്കണം.
ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005 ല്‍ തന്നെ പാസാക്കിയിട്ടുണ്ട്. ഈ നിയമ പ്രകാരം ഹര്‍ജി സമര്‍പ്പിക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയിലാണ്. വളരെ തിരക്കേറിയ കോടതികളാണ് കേരളത്തിലെ മജിസ്ട്രേറ്റ് കോടതികള്‍. കേസുകളുടെ ബാഹുല്യം മൂല്യം മജിസ്ട്രേറ്റ് കോടതികളിലും സ്ത്രീകള്‍ക്ക് നീതി വൈകുകയാണ്. ഇതിന് പരിഹാരമായി ഗാര്‍ഹിക പീഡന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക മജിസ്ട്രേറ്റ് കോടതികള്‍ രൂപീകരിക്കണം.
വിവാഹബന്ധം മോചിപ്പിച്ചതിനു ശേഷം വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഭയന്നാണ് പലരും ബന്ധം വേര്‍പെടുത്താത്തത്. ഗാര്‍ഹിക പീഢനത്തിരയാവുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായവും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പലിശ രഹിത വായ്പയും നല്‍കേണ്ടതാണ്.
സംരഭകരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികള്‍ അവരെ മുന്നില്‍ നിര്‍ത്തി വീട്ടിലുള്ള പുരുഷന്മാര് കൈക്കലാക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് തടയാന്‍ വേണ്ട ഭരണപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. നിവൃത്തികേടു കൊണ്ട് സ്ത്രീധനം നല്‍കേണ്ടി വരുന്ന കുടുംബത്തിനും ക്രിമിനില്‍ കുറ്റം നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഈ നിയമം മാറ്റണം. സ്ത്രീധനം കൊടുക്കേണ്ടി വന്ന കുടുംബത്തെ ഇരയായി പ്രഖ്യാപിക്കണം. അവര്‍ ക്രിമിനല്‍ കേസ് നേരിടുന്ന സാഹചര്യം ഒഴിവാക്കണം.
സ്ത്രീധനത്തില്‍ നിന്നും കമ്മീഷന് വാങ്ങി വിവാഹം നടത്തുന്ന വിവാഹ ബ്രോക്കര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ സ്രീധന വിരുദ്ധ നയം സ്വീകരിക്കാന്‍ ആവശ്യപ്പെടണം. സ്ത്രീധനം ആവശ്യപ്പെടുന്ന പ്രൊഫൈലുകളെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സംവിധാനം ഈ വെബ്സൈറ്റുകളില്‍ ഉണ്ടാവണം. സ്ത്രീധന നിരോധന നിയമപ്രകാരം നിയമിക്കേണ്ട ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ സംവിധാനം കേരളത്തില്‍ കാര്യക്ഷമമാക്കണം.