Top

മനുഷ്യന്റെ ബുദ്ധിമുട്ടുകളിൽ താങ്ങായി ഒരു പാർട്ടിയും സംവിധാനവും ഉണ്ടെന്നത് ജനങ്ങൾ സ്വാഗതം ചെയ്യും: ഫാ. പോൾ തേലക്കാട്ട് അഭിമുഖം

4 Jan 2021 4:05 AM GMT
എം വി നികേഷ് കുമാർ 

മനുഷ്യന്റെ ബുദ്ധിമുട്ടുകളിൽ താങ്ങായി ഒരു പാർട്ടിയും സംവിധാനവും ഉണ്ടെന്നത് ജനങ്ങൾ സ്വാഗതം ചെയ്യും: ഫാ. പോൾ തേലക്കാട്ട് അഭിമുഖം
X

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം ഉയർത്തിയിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങളെ വോട്ടാക്കുന്നതില്‍ യുഡിഎഫിന് സമാനതകളില്ലാത്ത വീഴ്ച സംഭവിച്ചുവെന്നും എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങൾക്കൊരു സർക്കാരുണ്ടെന്ന ചിന്ത ജനങ്ങൾക്ക് പകരാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി തന്നെയാണ് ഈ പോരാട്ടത്തിലെ നായകനെന്നും മുഖപ്രസംഗം പറയുന്നു. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടുമാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ 'ലീഗ് ഗ്രഹണം' ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണവും ലേഖനം മുന്നോട്ടുവെക്കുന്നു.

ഈ വിഷയത്തിൽ എം വി നികേഷ് കുമാർ കേരള കാത്തലിക് ബിഷപ് കൗൺസിൽ വക്താവും സത്യദീപം മുൻ എഡിറ്ററുമായ ഫാദർ പോൾ തേലക്കാട്ടുമായി സംസാരിക്കുന്നു:

ചോദ്യം: ഈ മുഖപ്രസംഗത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?

ഉത്തരം: തീർച്ചയായും യോജിക്കുന്നു.

ചോ: ലൗ ജിഹാദ്, ന്യൂനപക്ഷ ക്ഷേമാവകാശ വിതരണത്തിലെ 80:20 അസന്തുലിതത്വം, തുടങ്ങിയ വിഷയങ്ങളിൽ സഭാ നേതൃത്വം തന്നെ നിലപാട് പരസ്യമാക്കിയിരുന്ന സന്ദർഭത്തിലാണ് യുഡിഎഫ് വെൽഫെയർ ബന്ധത്തിന് മുതിർന്നത്. ഇതിലൂടെ കോൺഗ്രസിന്റെ മതേതര മുഖം നഷ്ടപ്പെടുത്തുന്നുവെന്ന രാഷ്ട്രീയവിഷയം പ്രതിപാദിച്ചിട്ടുണ്ട് ഈ ലേഖനത്തിൽ. ലൗ ജിഹാദിന്റെ കാര്യത്തിലും ന്യൂനപക്ഷ ക്ഷേമാവകാശ അസന്തുലിതത്വത്തിന്റെ കാര്യത്തിലും മറ്റും യുഡിഎഫിന് കൃത്യമായ റോൾ ഉണ്ടെന്നാണോ ഫാദർ അടക്കമുള്ളവർ വിശ്വസിക്കുന്നത്?

ഉ: യുഡിഎഫ് വളരെ മതനിരപേക്ഷമായ നിലപാടെടുത്ത പാരമ്പര്യമുള്ള പാർട്ടിയാണ്. അത് തന്നെയാണ് ഇപ്പോഴും അവർ ഉൾക്കൊള്ളുന്നത് എന്നാണ് ഞാൻ കരുതുന്നത്. അതിൽ നിന്നും വ്യത്യസ്‍തമായി ആളുകൾ ചിന്തിക്കാനിടയായ നടപടികൾ ഉണ്ടായിട്ടുണ്ടോയെന്ന് യുഡിഎഫിന്റെ ഉള്ളിലാണ് ചർച്ച ചെയ്യേണ്ടത്. എല്ലാ മത വിഭാഗങ്ങളെയും ഒരുപോലെ കാണുന്ന ഒരു കാഴ്ച്ചപ്പാട് കോൺഗ്രസ് തുടർന്നുകൊണ്ട് പോകും എന്ന വിശ്വാസം തന്നെയാണ് ഞങ്ങൾക്കുള്ളത്.

ചോ: പികെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃസ്ഥാനം വീണ്ടും ഏറ്റെടുക്കുന്നു. അതിന് ശേഷം അദ്ദേഹം സന്ദർശിക്കുന്നത് മുഴുവൻ ക്രൈസ്‌തവ ആരാധനാലയങ്ങളും ക്രൈസ്‌തവ സഭാ കേന്ദ്രങ്ങളുമൊക്കെയാണ്. ഇക്കാര്യത്തിൽ ഒരു മുറിവുണക്കൽ എന്തായാലും മുസ്‌ലിം ലീഗിനെയാണ് യുഡിഎഫ് ഏൽപ്പിച്ചിരിക്കുന്നത് എന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ഗുണമുണ്ടാകുമോ?

ഉ: എല്ലാവരും പരസ്‌പരം ബന്ധപ്പെടുകയും ആശയ സംവേദനത്തിലേർപ്പെടുകയും ചെയ്യേണ്ടത് രാഷ്ട്രീയത്തിന്റെയും ആവശ്യമാണ്. അങ്ങനെ എല്ലാവർക്കും സ്വീകാര്യമായ പാർട്ടികളും എല്ലാവരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംവിധാനങ്ങളും നമുക്കുണ്ടാകേണ്ടതാണ്. അതില്ലാതെപോകുന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി. അത് കുഞ്ഞാലിക്കുട്ടിയാകട്ടെ, കോൺഗ്രസ് നേതാക്കളാകട്ടെ ആരുതന്നെ ചെയ്‌താലും സ്വാഗതാർഹമാണ്.

ചോ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണം ഫലം കണ്ടു എന്നാണ് സത്യദീപം പറയുന്നത്? വീണ്ടും കുഞ്ഞാലിക്കുട്ടിയെ തന്നെ നേതൃത്വം ഏൽപ്പിച്ചുകൊടുക്കുന്നത് കൂടുതൽ സംശയത്തിന് ഇടയാക്കുകയല്ലേ ചെയ്യുക? അത് അകൽച്ച വർധിപ്പിക്കില്ലേ?

ഉ: തീർച്ചയായിട്ടും, ഈവക കാര്യങ്ങളെക്കുറിച്ച് ഒരു ചിന്ത എല്ലാ പാർട്ടികൾക്കിടയിലും ഉണ്ടാകണം. പാർട്ടികൾ എല്ലാവരെയും ഉൾക്കൊള്ളുന്നവരാകണമെന്നും മതമൗലികവാദത്തിന് ആരും കീഴ്‌പ്പെട്ട് പോകരുതെന്നുമുള്ള കാഴ്‌ചപ്പാടും അങ്ങനെ ഒരു നിർദേശവുമാണ് ആ എഡിറ്റോറിയൽ പറയുന്നത്.

ചോ: അപ്പോൾ യുഡിഎഫ് മാറണം. ജോസ് കെ മാണി വിഭാഗത്തിന്റെ പിന്മാറ്റംകൊണ്ട് മാത്രമല്ല യഥാർത്ഥത്തിൽ വോട്ടുമാറ്റം സംഭവിച്ചിരിക്കുന്നത്. യുഡിഎഫ് മാറിചിന്തിച്ചാൽ മാത്രമായിരിക്കും ഒരുപക്ഷെ ക്രിസ്‌തീയ വോട്ടുകൾ തിരിച്ചുകിട്ടുക?

ഉ: എൽഡിഎഫിന് അനുകൂലമായ ചില സാഹചര്യങ്ങൾ ഉണ്ടായിരുന്നു. നിസാരമായ കാര്യങ്ങളാണെന്ന് നമുക്ക് തോന്നാമെങ്കിലും സാധാരണ ജനങ്ങളെ സ്വാധീനിക്കുന്ന പല കാര്യങ്ങളും അവർ ചെയ്‌തു എന്നുള്ള ഒരു ചിന്ത സാധാരണക്കാരായ ജനങ്ങൾകിടയിൽ ഉണ്ടായിട്ടുണ്ട് എന്ന യാഥാർഥ്യം നമ്മൾ പരിഗണിക്കേണ്ടതാണ്.

ചോ: ഈ കോവിഡ് കാലത്തെ ക്ഷേമ പെൻഷനുകളും, ഭക്ഷ്യ കിറ്റുകളും, റേഷനരി മുടക്കമില്ലാതെ നൽകിയതും ഒക്കെയാണോ താങ്കൾ ഉദ്ദേശിച്ചത്?

ഉ: തീർച്ചയായിട്ടും അതെ. മനുഷ്യന്റെ ബുദ്ധിമുട്ടുകളിൽ ഒരു പാർട്ടിയും സംവിധാനവും ഉണ്ടെന്ന് വരുന്നത് ആളുകൾ എപ്പോഴും സ്വാഗതം ചെയ്യുന്നതാണ്. ഞാൻ നാട്ടിലൊക്കെ പോകുമ്പോൾ സാധാരണക്കാരുടെ പ്രതികരണങ്ങളിൽ നിന്നും അവയൊക്കെ വലിയ അളവിൽ സ്വാധീനിച്ചു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അവർ പാർട്ടിക്കാരോ പ്രത്യയശാസ്ത്രക്കാരോ ഒന്നുമല്ല, സാധാരണക്കാരായ ജനങ്ങൾ ഇങ്ങനെയുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചത് എനിക്കനുഭവമുണ്ട്.

ചോ: അപ്പോൾ സ്വാഭാവികമായിട്ടും ഇപ്പോൾ ക്രിസ്‌തീയ വോട്ടുകൾ, സത്യദീപം പറയുന്നതുപോലെ, എൽഡിഎഫിലേക്ക് ഷിഫ്റ്റ് ചെയ്‌തു എന്നാണോ?

ഉ: അത് യുഡിഎഫും എൽഡിഎഫും മനസിലാക്കേണ്ട ഒരു കാര്യമാണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസിലാകും. തെരഞ്ഞെടുപ്പ് റിസൾട്ടിനെ സൂചിപ്പിക്കുന്നത് അതാണ്. അത് മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും യുഡിഎഫിനുണ്ടാകും എന്ന് ഞാൻ കരുതുന്നു.

ചോ: യുഡിഎഫ് വിചാരിക്കുന്നത് ജോസ് കെ മാണി പോയതുകൊണ്ട് കുറച്ച് വോട്ട് പോയി എന്നാണ്. അങ്ങനെയല്ല എന്നാണ് സത്യദീപം പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുന്നത്.

ഉ: അതൊരു വ്യക്തിയുടെ മാത്രം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് ആളുകൾക്ക് പൊതുവായി ഉണ്ടായ ചില താൽപര്യങ്ങളും ഒക്കെ വോട്ടുമാറ്റത്തിൽ ഉണ്ടാകാം എന്നതാണ് സൂചിപ്പിക്കുന്നത്. അത് എല്ലാവരും കണ്ണുതുറന്ന് വായിച്ചെടുക്കണം എന്നാണ് ഞാൻ പറഞ്ഞതിന്റെ അർഥം.

ചോ: താങ്കൾക്ക് പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുണ്ടല്ലോ, മാണിസാർ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴോ, കേരള കോൺഗ്രസുകളുടെ കൂടുമാറ്റത്തിന് അപ്പുറത്തായി ആദ്യമായിട്ടായിരിക്കുമോ, പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാതെ, ക്രിസ്ത്യൻ വോട്ടുകൾ എൽഡിഎഫിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത്? സഭക്ക് സ്വാധീനിക്കാൻ കഴിയുന്ന വോട്ടുകൾക്ക് ഇടതുപക്ഷ മുന്നണി ഒരു ആദ്യ പരിഗണന ആയിരുന്നില്ലലോ? ഇപ്പോൾ ആദ്യമായാണോ ക്രിസ്ത്യൻ വോട്ടുകൾ ഒരു ഫസ്റ്റ് പ്രിഫറൻസ് എന്ന നിലയിൽ എൽഡിഎഫിനെ കാണുന്നത്?

ഉ: അങ്ങനെ ഒരു സ്ഥിരമായ പടലമാറ്റമാണ് ഉണ്ടായതെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ അത് കാണേണ്ടകാര്യമാണ്. ആളുകളിൽ നല്ല താത്പര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് മുന്നോട്ടുപോകുമോ ആ വിധത്തിൽ തുടരുമോ എന്നകാര്യമൊക്കെ നമുക്ക് കണ്ടറിയേണ്ടതാണ്. അതൊരു സ്ഥിരമായ മാറ്റമാണോ അതോ താത്കാലികമായ മാറ്റമാണോ എന്നുള്ളതാണ് ചിന്തിക്കേണ്ടത്. സ്ഥിരമായ മാറ്റമായിരിക്കും എന്നുറപ്പിച്ചുപറയാൻ ഞാൻ ആളല്ല.

Next Story