Top

അച്ഛനും പിന്നാലെ മകനും ഗോള്‍ നേടി; യൂറോ കപ്പില്‍ അപൂര്‍വ ചരിത്രം കുറിച്ച് ചിയേസ

ഫുട്‌ബോള്‍ താരമായ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും മികച്ച താരമായ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. സെസാര്‍ മാള്‍ഡീനി-പൗളോ മാള്‍ഡീനി, പിയറി ഔബമയേങ്-പിയറി എമിറിക് ഔബയേങ്, ഇയാന്‍ റൈറ്റ് – ഷോണ്‍, ബ്രാഡ്‌ലി, യൊഹാന്‍ ക്രൈഫ്-യോര്‍ഡി ക്രൈഫ് തുടങ്ങി ഒട്ടേറേ ഉദാഹരണങ്ങള്‍ ഉണ്ട്. സിദാന്റെയും റൊണാള്‍ഡോയുടെയുമൊക്കെ പിന്മുറക്കാര്‍ രാജ്യാന്തര ശ്രദ്ധയിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ എല്ലാം മുന്‍പന്തിയില്‍ ഉള്ളത് മാള്‍ഡീനി കുടുംബമാണ്. ഇറ്റലിയ്ക്കായും എ.സി. മിലാനായും ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ വിയര്‍പ്പാഴുക്കുന്ന മൂന്നു തലമുറയുടെ […]

26 Jun 2021 11:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ഛനും പിന്നാലെ മകനും ഗോള്‍ നേടി; യൂറോ കപ്പില്‍ അപൂര്‍വ ചരിത്രം കുറിച്ച് ചിയേസ
X

ഫുട്‌ബോള്‍ താരമായ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും മികച്ച താരമായ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. സെസാര്‍ മാള്‍ഡീനി-പൗളോ മാള്‍ഡീനി, പിയറി ഔബമയേങ്-പിയറി എമിറിക് ഔബയേങ്, ഇയാന്‍ റൈറ്റ് – ഷോണ്‍, ബ്രാഡ്‌ലി, യൊഹാന്‍ ക്രൈഫ്-യോര്‍ഡി ക്രൈഫ് തുടങ്ങി ഒട്ടേറേ ഉദാഹരണങ്ങള്‍ ഉണ്ട്. സിദാന്റെയും റൊണാള്‍ഡോയുടെയുമൊക്കെ പിന്മുറക്കാര്‍ രാജ്യാന്തര ശ്രദ്ധയിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതില്‍ എല്ലാം മുന്‍പന്തിയില്‍ ഉള്ളത് മാള്‍ഡീനി കുടുംബമാണ്. ഇറ്റലിയ്ക്കായും എ.സി. മിലാനായും ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ വിയര്‍പ്പാഴുക്കുന്ന മൂന്നു തലമുറയുടെ കഥയുണ്ട് അതിന്. സെസാര്‍ മാള്‍ഡീനിയില്‍ തുടങ്ങി മകന്‍ പൗളോയിലൂടെ ഇപ്പോള്‍ കൊച്ചുമകന്‍ ഡാനിയേലില്‍ എത്തിനില്‍ക്കുന്ന കഥ ഏവര്‍ക്കും അറിയാം.

ഇപ്പോള്‍ അവരുടെ അതേ രാജ്യത്തു നിന്ന് വന്ന് യൂറോപ്പില്‍ അപൂര്‍വമായ ഒരു റെക്കോഡ് നേടിയ മറ്റു രണ്ടുപേരാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇതിഹാസങ്ങളായ സെസാര്‍ മാള്‍ഡീനിക്കും പൗളോ മാള്‍ഡീനിക്കും സാധിക്കാത്ത കാര്യം.

ഇന്നലെ നടന്ന യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ പോരാട്ടവീര്യത്തിനു മുന്നില്‍ പകച്ചു വിയര്‍ത്തു നിന്ന ഇറ്റലിക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കിയത് ഫെഡ്രിക്കോ ചിയേസയെന്ന യുവതാരമാണ്.

മത്സരത്തിന്റെ 94-ാം മിനിറ്റില്‍ ചിയേസ ഗോള്‍ നേടിയപ്പോള്‍ യുറോ കപ്പ് ചരിത്രത്തില്‍ പിറന്നത് ഒരപൂര്‍വ റെക്കോഡാണ്. യൂറോയില്‍ ഒരു ടീമിനു വേണ്ടി ഗോള്‍ നേടുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോഡ്. ഫെഡ്രിക്കോയുടെ ഇന്നലത്തെ ഗോളിന് കൃത്യം 26 വര്‍ഷം മുമ്പ് അച്ഛന്‍ എന്റ്‌റിക്കോ ചിയേസയും യൂറോയില്‍ ഇറ്റലിക്കായി പന്ത് വലയില്‍ എത്തിച്ചിരുന്നു.

1996 യൂറോയില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് അച്ഛന്‍ ചിയേസ ഇറ്റലിക്കായി ഗോള്‍ നേടിയത്. അന്നു പക്ഷേ 1-2 എന്ന സ്‌കോറില്‍ ഇറ്റലി തോല്‍ക്കുകയായിരുന്നു. പുറമേ മൂന്നു മത്സരങ്ങളില്‍ ഒന്നു മാത്രം ജയിച്ച അവര്‍ ആദ്യ റൗണ്ടില്‍ പുറത്താകുകയും ചെയ്തു.

പക്ഷേ ഇത്തവണ മകന്‍ ചിയേസ ഗോള്‍ നേടിയപ്പോള്‍ ഇറ്റലി 2-1 എന്ന സ്‌കോറില്‍ ജയിക്കുകയും ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ഏതാണ്ട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ നേടിയ ഗോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിന്റെ ഗതി തന്നെ മാറ്റി.

ചരിത്രത്തില്‍ ആദ്യമായാണ് യൂറോ കപ്പില്‍ ഒരു അച്ഛനും പിന്നീട് മകനും ഗോളുകള്‍ നേടുന്നത്. 1996 ല്‍ ആന്‍ഫീല്‍ഡില്‍ അച്ഛന്‍ ഇറ്റലിക്ക് ആയി ഗോള്‍ നേടുമ്പോള്‍ 23 കാരനായ മകന്‍ ഫെഡ്രിക്കോ ജനിച്ചിട്ടു കൂടിയുണ്ടായിരുന്നില്ല. ഇംഗ്ലണ്ടില്‍ ആണ് അച്ഛനും മകനും യൂറോയില്‍ ഗോള്‍ നേടിയത് എന്നതും അപൂര്‍വത ആയി.

നിലവില്‍ ഫിയോറന്റീനയില്‍ നിന്നു യുവന്റസിനായി വായ്പ അടിസ്ഥാനത്തില്‍ കളിക്കുന്ന ഫെഡ്രിക്കോ പകരക്കാരനായി ഇറങ്ങിയാണ് ഗോള്‍ നേടിയത്. 2018-ല്‍ അരങ്ങേറിയ താരം ഇതുവരെ 29 തവണ ഇറ്റലിക്കായി ബൂട്ടണിഞ്ഞു. തന്റെ രണ്ടാം രാജ്യാന്തര ഗോളാണ് ഇന്നലെ കുറിച്ചത്. അച്ഛന്‍ എന്റ്‌റിക്കോ ഇറ്റലിക്കായി 22 മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുഒകള്‍ നേടിയിട്ടുണ്ട്.

Next Story

Popular Stories