മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ വരുന്ന ചിത്രം; ഹോളിവുഡ് ആക്ഷൻ ക്ലാസിക് ‘ഫേസ് ഓഫ്’ മലയാളത്തിലൊരുക്കാൻ ആലോചനയെന്ന് ഫാസിൽ

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് സംവിധായൻ ഫാസിൽ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹമുള്ളതായി സംവിധായകൻ ഫാസിൽ റിപോർട്ടർ ലൈവിനോട് പറഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞു എന്ന സിനിമ നിർമ്മിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. നിർമ്മാതാവ്, അഭിനേതാവ്, സംവിധായകൻ തുടങ്ങിയ മേഖലകളിൽ സജീവമായിക്കൊണ്ടിരിക്കുന്ന ഫാസിൽ തന്റെ സിനിമാ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവുമായി പങ്കുവെച്ചു.

ഒരു ഇടവേളയ്ക്കു ശേഷമാണ് സിനിമ നിർമ്മിയ്ക്കുന്നത്. എന്തായിരുന്നു ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയിൽ ആകർഷിച്ച ഘടകം?
സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും തമ്മിലുള്ള ഒരു പ്രോജക്റ്റായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. അതിനിടയിലാണ് മഹേഷ് നാരായണൻ എഴുതിയ കഥയുമായി ഫഹദ് ഫാസിൽ സമീപിയ്ക്കുന്നത്. കഥ ഇഷ്ടമായപ്പോൾ നിർമ്മിക്കുവാൻ തീരുമാനിച്ചു. ദിലീഷും ശ്യാം പുഷ്കരനും തമ്മിലുള്ള പ്രോജെക്ട് അടുത്ത വർഷം അവസാനത്തോടെ ആരംഭിയ്ക്കും.

പാച്ചിക്ക നല്ലൊരു ആക്ടറാണെന്നാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. എങ്കിലും ലൂസിഫറിൽ അഭിനയിക്കുവാൻ തുടക്കത്തിൽ അല്പം മടിയുണ്ടായിരുന്നല്ലോ?

‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിനുശേഷം എനിയ്ക്ക് തന്നെ ഒരു കൺഫ്യൂഷൻ ആയിരുന്നു. അഭിനയിക്കണോ, സംവിധാനം ചെയ്യണോ, അതോ ബാലചന്ദ്രമേനോനെപ്പോലെ എല്ലാം ചെയ്യണമോ എന്ന കാര്യത്തിൽ എനിയ്ക്ക് തന്നെ ഒരു ഉറപ്പില്ലാതായി. ലൂസിഫറിൽ അഭിനയിക്കണമെന്ന് പൃഥ്വിരാജ് നിർബന്ധിച്ചിരുന്നു. സിനിമ സംവിധാനം ചെയ്യുമ്പോൾ എങ്ങനെ അഭിനയിക്കണമെന്ന് ഞാൻ അഭിനേതാക്കൾക്ക് ആക്ട് ചെയ്തു കാണിയ്ക്കാറുണ്ട്. അങ്ങനെ എന്നിൽ ഒരു അഭിനേതാവുണ്ടെന്നു സിനിമ മേഖലയിൽ ഉള്ള എല്ലാവർക്കും അറിയാം. പൃഥ്വി പറയുന്നത് പോലെ അഭിനയിച്ചപ്പോൾ അയാൾ എന്നോട് നന്ദി പറഞ്ഞു. സൂക്ഷ്മതയുള്ള സംവിധായകനാണ് പൃഥ്വിരാജ്. അത്തരം സൂക്ഷമത എന്നിൽ നിന്നും കിട്ടിയത് കൊണ്ടായിരിയ്ക്കും എന്നോട് നന്ദി പറഞ്ഞത്. പലരും അഭിനയിക്കുവാൻ വിളിക്കുന്നുണ്ട്. എന്നാൽ അഭിനയത്തോട് വല്യ താത്പര്യമില്ല. എനിയ്ക്ക് കംഫർട്ട് ആയ ആളുകൾ വിളിക്കുമ്പോൾ ഞാൻ അഭിനയിക്കും .

മലയാളികൾ തുടർച്ചയായി യാതൊരു മടുപ്പുമില്ലാതെ കാണുന്ന ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. ഒരു സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയ്ക്ക് ഹിന്ദിയിലും തമിഴിയിലുമൊക്കെ റീമേക്കുകൾ വന്നിട്ടുണ്ട്. ത്രില്ലർ സ്വഭാവത്തിലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിനു ലഭിച്ച സ്വീകാര്യത മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ല. ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമ ഫാസിൽ എന്ന സംവിധായകനിൽ നിന്നും വീണ്ടും പ്രതീക്ഷിക്കാമോ?

ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. പക്ഷെ അതിനു പറ്റിയ ഒരു സബ്ജക്ട് എനിയ്ക്കു കിട്ടുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ പത്ത് വർഷമായി ഞാൻ സിനിമകൾ കാണുന്നുണ്ട്. പ്രേക്ഷകന്റെ അഭിരുചിയിൽ കാര്യമായ മാറ്റം വന്നതായി എനിയ്ക്കു തോന്നുന്നില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ കച്ചവട ചേരുവകൾ ചേർന്ന റിയലിസ്റ്റിക് സിനിമയാണ്. എന്നാൽ അത്തരം സിനിമകൾ ഒരു ട്രെൻഡ് ആണ് എന്ന ധാരണ തെറ്റാണ്. അയ്യപ്പനും കോശിയും ഒരു കച്ചവട സിനിമയാണ്. സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയക്കഥ’ എന്ന സിനിമ അദ്ദേഹത്തിന്റെ ശൈലിയിൽ ഉള്ള ചിത്രമാണ്. ആ ചിത്രവും ബോക്സോഫിസിൽ വിജയമായിരുന്നു. പ്രേക്ഷകന് അധികം മുഷിച്ചിൽ തോന്നാത്ത പോസിറ്റീവ് ഫീൽ തരുന്ന ഒരു റിയലിസ്റ്റിക് സബ്ജക്ട് കിട്ടണമെന്നാണ് എന്റെ ആഗ്രഹം

പ്രേക്ഷകന്റെ അഭിരുചിയിൽ മാറ്റമുണ്ടായിട്ടില്ല എന്ന് സൂചിപ്പിച്ചു. താങ്കളുടെ മിക്ക സിനിമയിലെയും പ്രമേയം പ്രണയമായിരുന്നു. ഇപ്പോൾ സിനിമയിൽ പ്രണയത്തെ അവതരിപ്പിക്കുന്ന രീതിയെ എങ്ങനെ കാണുന്നു?

കാലഘട്ടം ഉണ്ടാക്കിയ മാറ്റങ്ങളുണ്ട്. അത് പ്രണയത്തിലും നിഴലിച്ചിട്ടുണ്ട്. ‘അനിയത്തിപ്രാവ്’ എന്ന സിനിമ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ അതൊരു പരാജയമായിരിക്കും. നാണം എന്ന ഘടകത്തിന് വംശനാശം വന്ന സമയത്തിന് മുമ്പേയാണ് അനിയത്തിപ്രാവ് റിലീസ് ചെയ്തത്. സിനിമയിൽ ശാലിനി അവതരിപ്പിച്ച കഥാപാത്രത്തിന് അല്പം നാണം അവശേഷിയ്ക്കുന്നുണ്ടായിരുന്നു. സിംഹവാലൻകുരങ്ങന് വംശനാശം സംഭവിച്ചത് പോലെ പ്രണയത്തിൽ ലജ്ജ എന്ന ഘടകത്തിനും വംശനാശം സംഭവിച്ചിരിയ്ക്കുന്നു. ഞാൻ സിനിമയിൽ വന്ന സമയത്ത് എന്റെ വയസ്സിനു താഴെയുള്ളവരുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. സിനിമകളെക്കുറിച്ച് മുതിർന്നവരുമായി അധികം ചർച്ച ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമയുടെ കഥ രൂപപ്പെടുമ്പോൾ എന്റെ ഇളയ മകനോടായിരിക്കാം ഞാൻ ചർച്ച ചെയ്യുക. ചെറുപ്പക്കാരുമായുള്ള ആശയവിനിമയം നല്ലതാണ്. ഒരു കഥാപാത്രത്തെയുണ്ടാക്കി കഴിഞ്ഞാൽ ആ കഥാപാത്രത്തിന്റെ വഴിയേ നമ്മൾ സഞ്ചരിയ്ക്കണം. ഓടുന്ന സിനിമകൾ ഏതൊക്കെയാണെന്ന് നിരീക്ഷിക്കണം.

മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു സിനിമ ഇനി പ്രതീക്ഷിക്കാമോ?

‘ഫേസ് ഓഫ്’ എന്ന ഹോളിവുഡ് സിനിമ കണ്ടതിനു ശേഷം അതുപോലെയുള്ള ഒരു സിനിമ മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് എടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഹോളിവുഡിലെ മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മിൽ മുഖം മാറുന്നതാണ് സിനിമയുടെ പ്രമേയം. അതുകൊണ്ടു തന്നെ സിനിമയിൽ ഒരു നായകനോ വില്ലനോ ഉണ്ടാകുന്നില്ല. അതിനാൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫാൻസിനും വല്യ പ്രശ്നമുണ്ടാകില്ല. ഞാൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയിൽ അഭിനയിക്കും. ഫേസ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്നു ഞാൻ ആലോചിയ്ക്കുന്നുണ്ട്.

ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടോവിനോ, നിവിൻ പോളി തുടങ്ങിയ യുവ നായകന്മാരിൽ ആരാണ് ഏറ്റവും മികച്ച നടൻ ?

മോഹൻലാലും, കുഞ്ചാക്കോ ബോബനും, ഫഹദ് ഫാസിലുമാണ് ഞാൻ കൊണ്ട് വന്ന നടന്മാർ. മോഹൻലാൽ മികച്ച നടനാണെന്ന് തെളിയിച്ചു കഴിഞ്ഞു. വൈറസിനും, അഞ്ചാം പാതിരയും കണ്ടതിനു ശേഷമാണ് കുഞ്ചാക്കോ ബോബനിലെ മികച്ച നടനെ എനിയ്ക്കു ബോധ്യപ്പെട്ടത്. അതുപോലെ തന്നെ ദുൽഖറും , പൃഥ്വിരാജും ടോവിനോയും നല്ല നടന്മാരാണെന്നു എപ്പോഴൊക്കെയോ നമ്മൾ പറഞ്ഞിട്ടുണ്ട്. ഇനിയും പറയേണ്ടി വരും. ഫഹദ് ഫാസിൽ മറ്റെല്ലാവരെക്കാൾ മികച്ച നടനാണെന്ന് അച്ഛനും സംവിധായകനുമെന്ന നിലയിൽ ഞാൻ പറയില്ല. എന്നാൽ ഫഹദ് വളരെ ബുദ്ധിപരമായിട്ടാണ് ചിന്തിയ്ക്കുന്നത്.

മോഹൻലാലും മമ്മൂട്ടിയും ആക്ടേഴ്‌സുമാണ് സൂപ്പർ സ്റ്റാറുകളുമാണ്. സ്റ്റാർ വാല്യൂ കൊണ്ട് മാത്രം ഒരു നടന് മലയാള സിനിമയിൽ നിലനിൽക്കുവാൻ സാധിയ്ക്കുമെന്നു വിശ്വസിയ്ക്കുന്നുണ്ടോ?

തീർച്ചയായും സാധിയ്ക്കും . ലോക സിനിമയിൽ അങ്ങനെ സംഭവിയ്ക്കുന്നുണ്ട്. മലയാളത്തിൽ അങ്ങനെ സ്റ്റാർ വാല്യൂ കൊണ്ട് മാത്രം നില നിൽക്കുന്ന നടന്മാരുണ്ട്. അവരുടെ പേര് ഞാൻ പറയുന്നില്ല. ബോളിവുഡിൽ അനിൽ കപൂറും, ഷമ്മി കപൂറും, ജിതേന്ദ്രയുമൊക്കെ സ്റ്റാറുകളായിരുന്നു. അവർ സ്റ്റാർഡം കൊണ്ടാണ് സിനിമയിൽ പിടിച്ച് നിന്നത്.

അവസാനം സംവിധാനം ചെയ്ത സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രേക്ഷകരുടെ മാറിക്കൊണ്ടിരിക്കുന്ന ചില അഭിരുചികൾക്കൊപ്പം പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ?

പ്രേക്ഷകന്റെ അഭിരുചികളെക്കുറിച്ച് അപ്ഡേറ്റ് ആകണമെന്ന് ആഗ്രഹമുണ്ട്. സംവിധാനത്തിൽ ഏഴു വർഷത്തെ ഗ്യാപ് വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ താത്പര്യങ്ങൾ ഞാൻ വിട്ടു പോയിട്ടുണ്ടോ എന്ന് നിശ്ചയമില്ല. രണ്ടു മൂന്നു സിനിമകൾ നിർമ്മിച്ചതിനു ശേഷം എന്റെ കർമ്മ മേഖലയായ സംവിധാനത്തിലേക്ക് കടക്കുവാനാണ് തീരുമാനം.

Latest News