Farmers Protest

കര്‍ഷകരുടെ ഈ വിലാപം മറ്റേതുരാജ്യത്തിന്റേയും മനസലിയിച്ചേനെ; ബാദല്‍ രാഷ്ട്രപതിക്ക് അയച്ച കത്ത് പൂര്‍ണരൂപം

ബഹുമാന്യനായ രാഷ്ട്രപതി ജി,

എന്റെ പദ്മവിഭൂഷന്‍ പുരസ്‌കാരം തിരികെ നല്കുകയാണ് എന്നറിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമാധാന പരവും ജനാധിപത്യ പരവുമായ പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ഞെട്ടിപ്പിക്കുന്ന അവഗണനയോടും നിസംഗതയോടും ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തുകയുമാണ്. അതിന്റെ ഭാഗമായാണ് എനിക്ക് ലഭിച്ച പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ പുരസ്‌കാരം ഞാന്‍ തിരിച്ചുനല്‍കുന്നത്.

പുതിയ കര്‍ഷിക ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാരിനെ വിശ്വസിക്കൂ എന്ന് ഞാന്‍ കര്‍ഷകരോട് പറയുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വാക്ക് മാറ്റുന്നത് കണ്ട് ഞാന്‍ തന്നെ ഞെട്ടുകയാണ് ഉണ്ടായത്.

എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റം വേദനാജനകവും നാണക്കേട് തോന്നിയതുമായ നിമിഷമായിരുന്നു അത്. ഞാനപ്പോള്‍ കടന്ന് പോകേണ്ടി വന്ന മാനസീക സംഘര്‍ഷത്തിന്റെ തോത് എനിക്ക് പറഞ്ഞവതരിപ്പിക്കാന്‍ കഴിയുന്നതല്ല. ഈ ഗവണ്‍മെന്റിന് എങ്ങനെയാണ് കര്‍ഷകരോട് ഇത്ര മനസാക്ഷിയില്ലാതെയും നിര്‍വികാരമായും പെരുമാറാന്‍ സാധിക്കുന്നന്നത് എന്നോര്‍ത്ത്‌ എനിക്ക് അത്ഭുതമാണ് തോന്നുന്നത്.

ജനസംഖ്യയില്‍ 70 ശതമാനവും കര്‍ഷകരുള്ള ഒരു രാജ്യത്തിന്റെ അധികാരിക്കാണ് ഈ കത്തയക്കുന്നത് എന്ന ബോധ്യത്തോട് തന്നെയാണ് ഞാന്‍ ഇതെഴുതുന്നത്. കഴിഞ്ഞ 70 വര്‍ഷക്കാലമായി ഈ കര്‍ഷകരാണ് സ്വന്തം കയ്യും മെയ്യും മറന്ന് നമ്മുക്ക് അന്നം നല്‍കുന്നത്.

തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഇവിടുത്തെ കര്‍ഷകരോടുള്ളത്. അറുപതുകളില്‍ നമ്മുടെ രാജ്യം പട്ടിണിയും അപമാനവും പേറി നടന്നപ്പോള്‍, ആഹാരത്തിനായി മുതലാളിത്ത രാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മുക്ക് അപേക്ഷിക്കേണ്ടി വന്നു. അതില്‍ നിന്നും കരകയറാനായി ഗവണ്‍മെന്റ് നേരെ തിരിഞ്ഞത് കര്‍ഷകരുടെ നേര്‍ക്കായിരുന്നു. അവര്‍ സന്തോഷത്തോടെ മൂന്ന് വര്‍ഷമാണ് ചോദിച്ചത്. അങ്ങനെ പട്ടിണിയിലായിരുന്നു രാജ്യത്തെ ഭക്ഷണം കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റിയത് ഇവിടുത്തെ കര്‍ഷകരാണ്‌. ഹരിതവിപ്ലവത്തിലൂടെ ഈ പ്രതിസന്ധി മറികടന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് പഞ്ചാബാണ്. ആ പ്രകൃയയില്‍ പ്രകൃതിദത്താല്‍ അവര്‍ക്കുണ്ടായിരുന്ന സമ്പാദ്യമായിരുന്ന ഫലഭൂഷ്ടമായ മണ്ണും ജലവും അതും അവര്‍ക്ക് തൃജിക്കേണ്ടി വന്നു.

എന്നാല്‍ ഇന്ന് അതേ കര്‍ഷകരാണ് അവരുടെ ജീവിക്കുക എന്ന മൗലീകാവകാശത്തിനായി പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ തലയ്ക്ക് മീതെ വീഴ്ത്തിയ ഇടിത്തീയാണ് ഈ മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങള്‍.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പതിനായിരത്തോളം കര്‍ഷകരാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് നിന്നുകൊണ്ട് ഒറ്റ സ്വരത്തില്‍ നീതിക്കുവേണ്ടി കരയുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കര്‍ഷകരുടെ വേദനയോടും അമര്‍ഷവും മനസിലാക്കുമവാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ദൃശ്യമാകുന്നേയില്ല. രാജ്യത്തിന്റെ പ്രഥമ പൗരന്‍ എന്ന നിലയില്‍ ഈ സംഭവങ്ങളില്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാകാം ഒരുപക്ഷെ ഈ വിഷയത്തില്‍ താങ്കള്‍ എന്നെ പോലെ അതീവ ഉദ്കണ്ഠവാനുമായിരിക്കാം.

കേന്ദ്ര സര്‍ക്കാര്‍ ഈ കാര്‍ഷിക നിയമം പാസാക്കുന്നതിന് മുമ്പ് തന്നെ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയായിരുന്നു രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍. കൃഷി ഒരിക്കലും നമ്മുടെ രാജ്യത്ത് ഒരു ആദായകരമായ മേഖലയായിരുന്നില്ല. പലപ്പോഴും മുടക്ക് മുതല്‍ പോലും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ കുറച്ച് വര്‍ഷക്കാലമായി കര്‍ഷകരുടെ പ്രതിസന്ധി വര്‍ദ്ധിച്ച് വരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. വിലക്കയറ്റവുമായി ഒത്തുപോകുവാന്‍ കഴിയാതെ സ്വന്തം കുടുംബങ്ങളെ പോറ്റുവാനായി വായ്പ്പകളെടുത്തുകൂട്ടേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍.

ശിരോമണി അകാലി ദള്‍ പോലെയുള്ള കര്‍ഷക സൗഹൃദ രാഷ്ട്രീയപാര്‍ട്ടികള്‍ കാര്‍ഷിക ലോണുകള്‍ വെട്ടിചുരുക്കണമെന്ന എന്ന ആവശ്യ മുന്നോട്ട് വെച്ചിരുന്നെങ്കിലും പരിഹസിക്കപ്പെടുകയാണുണ്ടായത്. കര്‍ഷകര്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് ലോണുകള്‍ എടുക്കുന്നതെന്ന് വരെ പറയുന്നു. ക്രൂരമായ ഈ നിന്ദയും വിദ്വേഷവും കര്‍ഷകര്‍ ആത്മഹത്യയിലേക്ക് എറിയപ്പെടുമ്പോഴും അവസാനിക്കുന്നില്ല.

ഇതില്‍ അത്ഭുതപ്പെടുത്തുന്ന കാര്യമെന്താണെന്ന് വെച്ചാല്‍ ലക്ഷക്കണക്കിന് കോടികളുടെ കോര്‍പറേറ്റ് വായപ്കള്‍ ഒട്ടും ചിന്തിക്കാതെ തന്നെ സര്‍ക്കാര്‍ പേനയുടെ ഒറ്റ വര കൊണ്ട് എഴുതിത്തള്ളുന്നു എന്നതാണ്. കര്‍ഷകര്‍ ആത്മഹത്യ പോലുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുന്നതിനായി കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുന്നത് പോട്ടെ അത് കുറക്കുന്നതിനേക്കുറിച്ചോ, ഒടിഎസ് പോലുള്ള സ്‌കീമുകള്‍ കോണ്ടുവരുന്നതിനെപറ്റിയോ പോലും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കരിനിയമങ്ങള്‍ രാജ്യത്തിന്റെ അന്നദാതാക്കളുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാണ്. കര്‍ഷകരുടെ ജീവിത മാര്‍ഗം പൂര്‍ണ്ണമായും വരണ്ടുകൊണ്ടിരിക്കുമ്പോള്‍ അവര്‍ തെരുവിലിറങ്ങി പൊലീസുകാരുടെ ലാത്തിവീശും കണ്ണീര്‍ വാദകങ്ങളും ജലപീരങ്കികളും ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി കര്‍ഷകര്‍ കിലോമീറ്ററുകള്‍ താണ്ടി വീടും കുടുംബവും പാടവും വിളകളും ഉപേക്ഷിച്ചാണ് ഓരോ കോണുകളില്‍ നിന്നും രാജ്യ തലസ്ഥാനത്തേക്ക് എത്തുവാന്‍ ശ്രമിക്കുന്നത്.

തികഞ്ഞ ഉത്തരവാദിത്ത്വത്തോട്‌ കൂടിയാണ് കര്‍ഷകര്‍ പ്രക്ഷോഭത്തെ ജനാധിപത്യപരമായും സമാധാനപരമായും കൊണ്ടുപോകുന്നത്. ഇത് തീര്‍ത്തും അവിശ്വസനിയവും അത്ഭുതകരവുമാണ്‌. എന്നാല്‍ ചിലരുടെ ക്രൂരമായ ഗൂഢാലോചന കര്‍ഷക സമരത്തെ ദേശ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റിക്കഴിഞ്ഞു.

കേന്ദ്രഭരണത്തില്‍ അധിഷ്ടിതമായി നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ സ്വയം ഭരണാവകാശം ലഭിക്കുന്നതിനായി എന്റെ പാര്‍ട്ടിയാ ശിരോമണി അകാലി ദളിന്റെ അധ്യക്ഷനായിരുന്ന കാലം തൊട്ടെ ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് എനിക്ക് കടന്ന് പോകേണ്ടി വന്നിട്ടുള്ളത്. ഒരു സംസ്ഥാനത്തിന് അവരുവടെ ജനങ്ങളെ പോറ്റാനുള്ള കഴിവുണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പഞ്ചാബിന്റെ കാര്യത്തില്‍ അത് പ്രധാനമായും അവിടുത്തെ കര്‍ഷകരാണ്. ഈ പോരാട്ടങ്ങള്‍ക്കിടയില്‍, ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ജയിലില്‍ കിടന്നിട്ടുള്ള വ്യക്തി ഞാന്‍ തന്നെയായിരിക്കും.

കര്‍ഷകരും അവര്‍ ഓരോരുത്തരുടേയും ജീവിതമാര്‍ഗമായ, സര്‍ബത് ദ ഭാലയുടെ പാന്തിക് ആദര്‍ശവുമാണ് എന്റെ വ്യക്തിജീവിതത്തേയും പൊതുജീവിതത്തേയും നിര്‍വ്വചിച്ചത്. കര്‍ഷകരും അവര്‍ ഓരോരുത്തരുടേയും ജീവിതമാര്‍ഗമായ, സര്‍ബത് ദ ഭാലയുടെ പാന്തിക് ആദര്‍ശവുമാണ് എന്റെ വ്യക്തിജീവിതത്തേയും പൊതുജീവിതത്തേയും നിര്‍വ്വചിച്ചത്. കര്‍ഷകര്‍ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ മതവികാരമാണ്.

എനിക്കെന്തെല്ലാം ഉണ്ടോ അതെല്ലാം എനിക്ക് ഇവിടുത്തെ ജനങ്ങള്‍ നല്‍കിയതാണ്. ഞാന്‍ ഞാനായത് ജനങ്ങള്‍ കാരണമാണ്. പ്രത്യേകിച്ചും സാധാരണക്കാരായ കര്‍ഷകരുടെ പിന്തുണകൊണ്ട്. ഇന്ന് കര്‍ഷകന് അവന്റെ ആത്മാഭിമാനത്തിന് അപ്പുറത്തേക്കും നഷ്ടം സംഭവിക്കുമ്പോള്‍ പത്മവിഭൂഷണ്‍ ബഹുമതി വെച്ചുകൊണ്ടിരിക്കുന്നതില്‍ ഞാന്‍ ഒരര്‍ത്ഥവും കാണുന്നില്ല.

അതുകൊണ്ട് തന്നെ, ഈ ശൈത്യ കാലത്ത് തെരുവിലിറങ്ങി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ എനിക്ക് ലഭിച്ച പദ്മ വിഭൂഷന്‍ ബഹുമതി തിരികെ നല്‍കുകയാണ്.

കര്‍ഷകരെ അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടുകൂടെ അവരുടെ വാക്കുകള്‍ ശ്രദ്ധയോടും അനുകമ്പയോടും സ്‌നേഹത്തോടും കേള്‍ക്കാന്‍ ചെവികൊടുക്കണമെന്ന ആവശ്യവും ഞാന്‍ അങ്ങയ്ക്ക് മുന്നില്‍ വെയ്ക്കുകയാണ്. ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ കര്‍ഷകരില്‍ നിന്നും നിങ്ങള്‍ക്ക് ശക്തി ലഭിക്കുമെന്നാണ് ഒരു ശുപാപ്തി വശ്വാസി എന്ന നിലയില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത്.

എന്ന് വിശ്വസ്തതയോടെ,
എസ് പ്രകാശ് സിംഗ് ബാദല്‍
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി

Latest News