Top

‘150/ വാക്‌സിനിൽ വരുമാനം കിട്ടുമെങ്കിൽ ഏതൊരു രാജ്യത്തെക്കാളും കൂടിയ തുക അടയ്ക്കാൻ പറയുന്നത് എന്തിന്?’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ഫർഹാൻ അക്തർ

150 രൂപയ്ക്ക് വാക്‌സിൻ വിറ്റാൽ ലാഭം ലഭിക്കും എന്ന് പറയുമ്പോൾ ലോകത്തിൽ മറ്റേത് രാജ്യത്തെക്കാളും കൂടിയ തുകയ്ക്ക് വാക്കിന് വിൽക്കേണ്ട ആവശ്യമെന്താണ് എന്ന് ഫർഹാൻ ചോദിക്കുന്നു.

24 April 2021 12:30 AM GMT
ഫിൽമി റിപ്പോർട്ടർ

‘150/ വാക്‌സിനിൽ വരുമാനം കിട്ടുമെങ്കിൽ ഏതൊരു രാജ്യത്തെക്കാളും കൂടിയ തുക അടയ്ക്കാൻ പറയുന്നത് എന്തിന്?’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ഫർഹാൻ അക്തർ
X

കൊവിഡ് വാക്‌സിൻ വിഷയത്തിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചോദ്യം ഉന്നയിച്ച് ബോളിവുഡ് നടൻ ഫർഹാൻ അക്തർ. 150 രൂപയ്ക്ക് വാക്‌സിൻ വിറ്റാൽ ലാഭം ലഭിക്കും എന്ന് പറയുമ്പോൾ ലോകത്തിൽ മറ്റേത് രാജ്യത്തെക്കാളും കൂടിയ തുകയ്ക്ക് വാക്കിന് വിൽക്കേണ്ട ആവശ്യമെന്താണ് എന്ന് ഫർഹാൻ ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

150/ വാക്‌സിൻ എന്ന നിരക്കിൽ ലാഭം ലഭിക്കും എന്ന് നിങ്ങൾ പറയുമ്പോൾ ഏതൊരു രാജ്യത്തെക്കാളും വലിയ തുകയ്ക്ക് വിൽക്കേണ്ട ആവശ്യമെന്ത്. ദയവായി വിവരിക്കൂ.

ഫർഹാൻ അക്തർ

നേരത്തെയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചോദ്യം ചെയ്ത ഫർഹാൻ അക്തർ രംഗത്തെത്തിയിരുന്നു.‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയില്‍ കോവീഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് മനസിലാക്കിത്തരാന്‍ സാധിക്കുമോ? ഇനി അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരുമായി പങ്കുവെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി’എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടത്. ജനിതക മാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. 18 വയസിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഈ തീരുമാനം.

കേന്ദ്രത്തിന് കൊവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 150 രൂപക്ക് ലഭിക്കുന്നത് തുടരും. ഒരു ഷോട്ടിന് 750 മുതല്‍ 1,500 രൂപ വരെ വിലവരുന്ന വിദേശ വാക്‌സിനുകളെ അപേക്ഷിച്ച്
കൊവീഷീല്‍ഡ് വാക്‌സിനുകളുടെ ചെലവ് താങ്ങാന്‍ കഴിയുന്നതാണെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയ പ്രകാരം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രത്തിനും ബാക്കി വരുന്നത് സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യും. 18 വയസിന് മുകളിലുള്ളവര്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ 1.2 മില്യണ്‍ ഡോസ് വാക്‌സിന്‍ അധികം വേണം. ഇതിനകം പല സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിലാണ്.

അതേസമയം 24 മണിക്കൂറിനുള്ളിൽ 3.32 ലക്ഷം കൊവിഡ് കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ് രാജ്യം. 2263 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് 1.87 ലക്ഷമായി. രാജ്യത്തെ ആശുപത്രികളിലധികവും കടുത്ത ഓക്സിജൻ ക്ഷാമം നേരിടുകയാണ്. ഓക്സിജൻ ക്ഷാമം മൂലം ഡൽഹിയിലെ ഒരാശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ തടഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

കൊവിഡ് ഏറ്റവും ദുരിതം വിതച്ച രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളിൽ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 348 മരണങ്ങളും 24,331 പുതിയ കേസുകളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയാണ് കൊവിഡ് രോഗനിരക്കിൽ ഡൽഹിക്ക് തൊട്ടു പിന്നിൽ ഉള്ളത്.

ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തു. മെഡിക്കൽ ഓക്സിജന്റെ ആവശ്യകത വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യതയിൽ പ്രസ്തുത വ്യവസായമേഖല മുഴുവൻ ഉത്പാദന ശേഷിയും വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ കടുത്ത കൊവിഡ് പ്രതിസന്ധി ഭയന്ന് വിദേശരാജ്യങ്ങൾ ഇന്ത്യയുമായുള്ള യാത്രബന്ധങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. യുഎഇ യും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Next Story