ഫേസ്ബുക്ക്, ഇൻസ്റ്റ, ട്വിറ്റർ ബ്ലൂ ടിക്കുകൾ വിൽപ്പനക്ക്; കോടികളുടെ അധോലോക വ്യവസായത്തെക്കുറിച്ച്

സാമൂഹിക മാധ്യമങ്ങളിലെ ബ്ലൂ ടിക്കുകൾ ഇന്ന് സ്റ്റാറ്റസ് സിംബലുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ ഇപ്പോൾ അവയൊക്കെ പണം കൊടുത്ത് വാങ്ങാൻ കഴിയും. പണം വാങ്ങി ബ്ലൂ ടിക്കുകൾ തരപ്പെടുത്തിക്കൊടുക്കുന്ന കോടികളുടെ ബിസിനസ്സാണ് ലോകത്ത് നടക്കുന്നത്.

ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ വെരിഫൈഡ് അക്കൗണ്ടുകൾ സൂചിപ്പിക്കുന്നതാണ് ബ്ലൂ ടിക്കുകൾ. ഉപയോക്താക്കൾ ആധികാരികമാണെന്നും, അക്കൗണ്ടുകൾ സജീവമാണെന്നും, പ്രൊഫൈലുകൾ ശ്രദ്ധേയമാണെന്നും ഉറപ്പുവരുത്തിയതിന് ശേഷമാണ് ബ്ലൂ ടിക്കുകൾ അനുവദിച്ചു നൽകുന്നത്. അമിതാബ് ബച്ചനെപ്പോലെ.

എന്നാൽ ഇപ്പോൾ ഈ ബ്ലൂ ടിക്കുകൾ സ്വകാര്യ കമ്പോളങ്ങളിൽ പണം കൊടുത്തു വാങ്ങാൻ കഴിയും. 30000 മുതൽ ഒരു ലക്ഷം രൂപ വരെ ഫീസ് ഈടാക്കിയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും ഏജൻസികളും സാമൂഹിക മാധ്യമ പ്രൊഫൈലുകൾ ‘വെരിഫൈ’ ചെയ്‌തുകൊടുക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം പോലുള്ള രാജ്യങ്ങളിൽ ഈ ഫീസ് വളരെയധികം കൂടും. വെരിഫിക്കേഷൻ ബാഡ്‌ജുകൾ നേടിയെടുക്കാൻ സഹായിക്കും എന്നുള്ളതാണ് ഇവർ മുന്നോട്ടുവെക്കുന്ന വാഗ്‌ദാനം.

ചെറിയ ഗൂഗിൾ സെർച്ച് കൊണ്ടൊന്നും ലഭ്യമാകാത്ത തരത്തിൽ ശ്രദ്ധയോടെ രഹസ്യമായിട്ടാണ് ഈ ഏജൻസികളും വ്യക്തികളും പ്രവർത്തിക്കുന്നത്. എക്കണോമിക് ടൈംസ് പത്രം നടത്തിയ അന്വേഷണത്തിൽ ‘mpsocial.com, blackhatworld.com, swapd.co’ തുടങ്ങിയ വെബ്സൈറ്റുകൾ ഇത്തരത്തിൽ വലിയ ഫീസ് ഈടാക്കി ‘വെരിഫിക്കേഷൻ സേവനം’ നൽകുന്നതായി കണ്ടെത്തി. കൂടാതെ നിരവധി ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികളും സ്വകാര്യമായി ഈ സേവനം നൽകുന്നുണ്ട്.

ഫെയിംടിക് മീഡിയ എന്ന പ്രാദേശിക മാർക്കറ്റിങ്ങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏജൻസി തങ്ങൾ ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജുകളിലെ വെരിഫിക്കേഷൻ ലഭിക്കാൻ “സാങ്കേതിക സഹായം” നൽകുമെന്ന് പരസ്യമായി അവകാശപ്പെടുന്നുണ്ട്.

ബ്ലൂ ടിക്ക് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഏജൻസികളെയും വ്യക്തികളെയും ഒരു വർഷം 10 ലക്ഷത്തിന് മുകളിൽ ആളുകൾ ബന്ധപ്പെടാറുണ്ട് എന്നാണ് വ്യവസായ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് 3000 കോടി രൂപയുടെയുടെ വ്യവസായമാണ് ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്നതെന്നാണ് കണക്കുകൂട്ടൽ.

2017ൽ നിർത്തിവച്ചിരുന്ന വെരിഫിക്കേഷൻ സംവിധാനം പുനരാരംഭിക്കുന്നുവെന്ന് ട്വിറ്റർ പ്രഖ്യാപിച്ചതോടെ ഈ ആവശ്യവുമായി വരുന്നവരുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്.

എങ്ങനെയാണ് ഇവർ പ്രവർത്തിക്കുന്നത്?

ആധികാരികവും, സജീവവും, ശ്രദ്ധേയവുമായ പ്രൊഫൈലുകൾ ആകണമെന്ന് നിഷ്കർഷിച്ചാണ് ട്വിറ്ററും, ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമുമൊക്കെ വെരിഫിക്കേഷൻ റിക്വസ്റ്റുകൾ പരിഗണിക്കുന്നത്. നിരവധി തവണ സെർച്ച് ചെയ്യപ്പെട്ടതും വിവിധ സോർസുകളിൽ പരാമർശിച്ചിട്ടുള്ളവ ആകണമെന്നും നിബന്ധനയുണ്ട്.

‘ശ്രദ്ധിക്കപ്പെട്ട’ പ്രൊഫൈൽ ആകണം എന്നുള്ള മാനദണ്ഡമാണ് ഈ ഏജൻസികൾ പൊതുവെ ഉപയോഗിക്കുന്നത്. ജർവീ (jarvee.com) പോലെയുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ച് ലൈക്കുകളും ഫോളോവേഴ്‌സും നിരവധി കൃതിമ പ്രൊഫൈലുകളുടെ (ബോട്ടുകൾ) ഉപയോഗിച്ച് വർധിപ്പിക്കുന്നതുൾപ്പടെയുള്ള മാർഗത്തിലൂടെ പ്രൊഫൈലുകൾ ‘ശ്രദ്ധേയമാക്കി’ എടുക്കുന്നു. ശേഷം ഓൺലൈനും ഓഫ്‌ലൈനും ആയ മാർഗങ്ങളിലൂടെ ഉപയോക്താക്കളെക്കുറിച്ച് പണം നൽകി വിവിധ ലേഖനങ്ങൾ എഴുതിപ്പിക്കുന്നു. ഈ സ്‌പോൺസേർഡ് ലേഖനങ്ങളെ വെരിഫിക്കേഷൻ സമയത്ത് ഉപയോക്താക്കളെക്കുറിച്ചുള്ള വാർത്തകളാക്കി ഉയർത്തിക്കാണിക്കും. വെരിഫിക്കേഷൻ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഈ സാമൂഹ്യ മാധ്യമങ്ങൾ ഈ ലേഖനങ്ങളെ കൂടുതൽ പരിശോധിക്കാതെ മുഖവിലക്കെടുക്കുകയും ചെയ്യും.

ഈ അന്വേഷണത്തിന്റെ ഭാഗമായി തങ്ങളെക്കുറിച്ച് അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ വന്നത് അഭിമാനത്തോടെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌ത നിരവധി വെരിഫൈഡ് പ്രൊഫൈലുകളെ തിരിച്ചറിയുകയുണ്ടായി. പണം കൊടുത്ത് എഴുതിക്കപ്പെട്ടതാണെങ്കിലും അഭിമാനത്തോടെ പലരും സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്‌തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇക്കോണോമിക് ടൈംസ് ഈ വ്യക്തികളെ ബന്ധപ്പെട്ടപ്പോൾ 12 മണിക്കൂറിനുള്ളിൽ അവർ തങ്ങളുടെ പ്രൊഫൈൽ തിരുത്തി.

ഉപയോക്താവ് – ഒന്ന്
ഉപയോക്താവ് – രണ്ട്

ഇത്തരം പ്രൊഫൈലുകളെക്കുറിച്ച് ഇൻസ്റാഗ്രാമിനെ ധരിപ്പിച്ചതോടെ 24 മണിക്കൂറിനുള്ളിൽ അവരുടെ ബ്ലൂ ടിക്കുകൾ ഇൻസ്റ്റാഗ്രാം നീക്കം ചെയ്‌തു.

ഉപയോക്താവ് – മൂന്ന്
ഉപയോക്താവ് – നാല്

“റിപ്പോർട് ചെയ്യപ്പെടുന്നതനുസരിച്ച് ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ തീർച്ചയായും നടപടിയുമെടുക്കുമെന്ന്,” ഫേസ്ബുക് എക്കണോമിക് ടൈംസിനോട് വ്യക്തമാക്കി. “കൂടാതെ വെരിഫിക്കേഷന് വേണ്ടി ഒരിക്കലും ഞങ്ങൾ പണം ആവശ്യപ്പെടുകയോ വെരിഫിക്കേഷൻ നൽകാനായി ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യില്ല,” എന്നും കൂട്ടിച്ചേർത്തു.

ഇതുകാരണമായി തന്നെയാണ്, അക്രം താരിഖ് ഖാൻ എന്ന യുഎഇ ആസ്ഥാനമായ ബിസിനസുകാരനെ ഇത്തരം മാർഗങ്ങളിലൂടെ ബ്ലൂ ടിക്ക് ലഭിക്കുന്നതിൽ നിന്നും തടഞ്ഞത്. “എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വെരിഫിക്കേഷൻ നഷ്ടമായേക്കും എന്ന അവസ്ഥയിലാണ് ഇത്തരം മാർഗങ്ങൾ നിങ്ങളെ കൊണ്ടെത്തിക്കുന്നത്,” എന്ന് ഖാൻ അഭിപ്രായപ്പെടുന്നു. “ഞങ്ങൾ ഗൗരവമായി ബിസിനസ് ചെയ്യുന്നവർ ആയിരിക്കെ, ഇത് ഒരുപക്ഷെ വലിയ തിരിച്ചടിയും ആയേക്കാം,” അദ്ദേഹം തുടരുന്നു. അങ്ങേയറ്റം ആകാംക്ഷയുടെ പുറത്താണ് ഖാൻ ഈ ഏടാകൂടത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.

ഇപ്പോൾ വെരിഫിക്കേഷൻ നഷ്ടപ്പെട്ട പ്രൊഫൈലുകൾ ഇൻസ്റ്റാഗ്രാമിൽ പരസ്‌പരം സംവദിക്കുന്നതായും അന്വേഷത്തിൽ കണ്ടെത്തി. ഇതിൽ 213000 ഫോളോവെഴ്‌സുണ്ടായിരുന്ന ഒരു ഉപയോക്താവ് വെറും 136 പോസ്റ്റുകൾ മാത്രമാണ് ചെയ്‌തിരുന്നത്‌. മറ്റൊരാൾക്കാകട്ടെ 45000 ഫോളോവേഴ്സും രണ്ട് പോസ്‌റ്റും മാത്രം. ഇത് ഒരു പൊതു രീതിയാണെന്ന് പിന്നീട് വ്യക്തമായി. പണം കൊടുത്ത് വെരിഫിക്കേഷൻ നേടിയ ഇത്തരം പ്രൊഫൈലുകൾക്ക് എല്ലാം ആയിരക്കണക്കിന് ഫോളോവേഴ്‌സും എന്നാൽ ചുരുക്കം പോസ്‌റ്റുകളും മാത്രമായിരുന്നു. ഇവരെല്ലാവരും താന്താങ്ങളെക്കുറിച്ച പ്രസിദ്ധീകരിച്ച മാധ്യമ വാർത്തകൾ സ്വന്തം പ്രൊഫൈലുകളിൽ പിൻചെയ്ത് വെച്ചിരിക്കുകയുമാണ്. പോസ്റ്റുകളുടെ കമന്റുകളാകട്ടെ, നിരവധിയെണ്ണം ബ്ലൂ ടിക്കുകളുള്ള പ്രൊഫൈലുകളിൽ നിന്നുമായിരുന്നു.

ഒരു ബ്ലൂ ടിക്ക്, പല വ്യാഖ്യാനങ്ങൾ

പൊതു താത്പര്യാർത്ഥം പരിഗണിക്കേണ്ടതാനെന്നും, വ്യാജ പ്രൊഫൈലുകൾ ഉണ്ടാകുമെന്ന് കമ്പനികൾക്ക് ബോധ്യപ്പെടുന്ന ബ്രാൻഡുകൾക്കും, സംഘടനകൾക്കും, പ്രശസ്തരായ വ്യക്തികൾക്കുമാണ് ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും ഒക്കെ വെരിഫിക്കേഷൻ നൽകുന്നത്.

ട്വിറ്ററിലുള്ള വെരിഫിക്കേഷൻ ടാഗ് ആകട്ടെ, പ്രൊഫൈലുകൾ ആധികാരികമാണെന്ന് ആളുകളെ അറിയിക്കുക എന്നത് മാത്രമാണെന്ന് ട്വിറ്റർ വക്താവ് പറയുന്നു.

എന്നാൽ കൂടുതൽ ആളുകളും ബ്ലൂ ടിക്കിനെ ഒരു സ്റ്റാറ്റസ് സിംബലായാണ് കാണുന്നതെന്നാണ് സാമൂഹിക മാധ്യമ മാനേജ്‍മെന്റ് കമ്പനിയായ ക്രൗഡ്ഫയർ പ്രതിനിധി സ്നേഹ മെഹ്ത അഭിപ്രായപ്പെടുന്നത്.

“വീഡിയോ/ ഇന്റർനെറ്റ് കണ്ടന്റ് നിർമാതാക്കളായി ഉയർന്നുവരുന്ന നിരവധിയാളുകൾ ബ്ലൂ ടിക്ക് നേടാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. മറ്റ് കണ്ടെന്റ് നിർമാതാക്കളിൽ നിന്നും വേറിട്ടുനിൽക്കുമെന്നാണ് അവർ കരുതുന്നത്,” എന്ന് ഐപ്ലിക്സ് മാർക്കറ്റിംഗ് ഏജൻസിയുടെ സ്ഥാപക നീൽ ഗോഗിയ നിരീക്ഷിക്കുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി ആഡ്ലിഫ്റ്റിന്റെ സിഇഒ പ്രശാന്ത് പുരി പറയുന്നത് പ്രകാരം “മറ്റു ചിലർക്കാകട്ടെ, ഒരു ബ്ലൂ ടിക്ക് അർത്ഥമാക്കുന്നത് ആ ഉപയോക്താവിന് തങ്ങളുടെ മേഖലയിൽ ധാരണയുണ്ടെന്ന് ഈ പ്ലാറ്റ്ഫോമുകൾ അംഗീകരിക്കുന്നു എന്നുകൂടിയാണ്.”

പൂനെ നിവാസിയായ അഭിനന്ദൻ ഷായെ സംബന്ധിച്ചിടത്തോളം ബ്ലൂ ടിക്ക് അർത്ഥമാക്കുന്നത് തന്റെ അക്കൗണ്ട് സ്‌പാം അല്ല എന്നതിന്റെ അടയാളമാണ്. “ബ്ലൂ ടിക്കുള്ള അക്കൗണ്ടുകൾ പൊതുവെ മറുപടി നൽകാറില്ല, വെരിഫൈഡ് ആയവർ ഫോളോ ചെയ്യുമ്പോൾ അഭിമാനമായി കരുതുന്നവരുണ്ട്,” എന്നും ടെക്നോളജി പ്രൊഫഷണൽ ആയ ഷാ വിശദീകരിക്കുന്നു.

ഡൽഹി ആസ്ഥാനമായ വിശാഖ ഗോസ്വാമിയെ സംബന്ധിച്ചിടത്തോളം വെരിഫൈഡ് പ്രൊഫൈലുകൾ ഉത്തരവാദിത്തത്തോടെ പെരുമാറുന്നവയാണ്. “ഓൺലൈൻ കുറ്റകൃത്യങ്ങളുടെ സാധ്യത കുറവാണ്.”

എന്നാൽ ഈ ബ്ലൂ ടിക്കുകൾ ഇത്തരം മാർഗങ്ങളിലൂടെ ലഭിക്കുന്നത് ക്രിമിനൽ സ്വഭാവമുള്ളവർക്കാണെങ്കിൽ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ കള്ളത്തരത്തിലൂടെ വെരിഫൈഡ് ആയ പ്രൊഫൈലുകൾ സാമ്പത്തികമായോ ആരോഗ്യകരമായോ ഉപദേശങ്ങൾ നൽകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കിൽ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുകയാണെങ്കിൽ?

“ഇത് 2017 ലെ ക്രിപ്റ്റോ റാലിയുടെ സമയത്ത് ഇത് ട്വിറ്ററിനെ എങ്ങനെ ബാധിച്ചുവെന്ന് ഞാൻ കൃത്യമായി ഓർക്കുന്നു.” ബ്ലൂ ടിക്ക് നേടിയ ട്വിറ്റർ അക്കൗണ്ടുകൾ ക്രിപ്റ്റോ കറൻസിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു എന്ന് പാരീസ് ആസ്ഥാനമായ സാമൂഹിക മാധ്യമ മാനേജ്‌മന്റ് വിദഗ്ദ്ധൻ യുഗോ ആംസെല്ലം പറയുന്നു.

പുതിയ പഠനങ്ങൾ പ്രകാരം വെരിഫൈഡ് ആയ പ്രൊഫൈലുകൾ 2020ൽ വിശ്വാസ്യതയില്ലാത്ത വെബ്സൈറ്റുകളുടെ വാർത്തകൾ വലിയ അളവിൽ പ്രചരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പരിഹാരമെന്ത്

നിർമിത ബുദ്ധികൂടി ഉപയോഗിച്ച്, മനുഷ്യരുടെ സഹായത്തോടെ വേണം വെരിഫിക്കേഷനുള്ള അപേക്ഷകൾ പരിശോധിക്കാൻ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

“യന്ത്രസഹായത്തോടെയുള്ള പരിശോധനകൾക്ക് പുറമെ, മനുഷ്യരും പരിശോധിക്കുന്ന സംവിധാനം കൊണ്ടുവരാനാണ് ട്വിറ്റർ പദ്ധതിയിടുന്നത്.” എന്നാൽ ഓരോ പ്രൊഫൈലുകളുടെയും ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിന് നിരവധി ഘട്ടത്തിലെ പരിശോധനകൾ ആവശ്യമുണ്ട്, പ്രത്യേകിച്ച് വ്യാജവാർത്തകളുടെ ഈ കാലത്ത്. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് മറ്റൊരു പരിഹാരമായി കണക്കാക്കപ്പെടുന്നത്.

ഗോഗിയ അഭിപ്രായപ്പെടുന്നത് “മാധ്യമങ്ങളിലെ വാർത്തകൾ എന്നത് ഒരു മാനദണ്ഡമായി എടുക്കരുത് എന്നാണ്. “അതിനാലാണ് ഈ അധോലോക വ്യവസായം തഴച്ചു വളരുന്നത്,” അദ്ദേഹം പറയുന്നു. അർഹരായവർക്ക് മാത്രമേ ബ്ലൂ ടിക്ക് നൽകാൻ പാടുള്ളൂ. “വ്യക്തി വിവരങ്ങൾ അറിയിക്കുന്നതുപോലെ (KYC) നിസാരമായ പ്രക്രിയയാകണം അത്.”

ഇക്കണോമിക് ടൈംസ് പത്രം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിന്റെ സ്വതന്ത്ര പരിഭാഷ. വാർത്തയിൽ ഉപയോഗിച്ച ചിത്രങ്ങളും വിവരങ്ങളും പത്രത്തിന്റേതാണ്.

Latest News