Top

‘കാപ്റ്റനോ സഖാവോ അല്ല എനിക്കദ്ദേഹം വിജയേട്ടൻ’, ക്യാപ്റ്റൻ വിളി വിവാദത്തിൽ എ കെ ബാലൻ

ഞാൻ അദ്ദേഹത്തെ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്. സ്നേഹം കൊണ്ട് ആളുകൾ എന്തെല്ലാം വിളിക്കുന്നു’, എ കെ ബാലൻ പറഞ്ഞു

4 April 2021 1:14 AM GMT

‘കാപ്റ്റനോ സഖാവോ അല്ല എനിക്കദ്ദേഹം വിജയേട്ടൻ’, ക്യാപ്റ്റൻ വിളി വിവാദത്തിൽ എ കെ ബാലൻ
X

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ അഭിപ്രായവുമായി മന്ത്രി എ കെ ബാലൻ. ‘പിണറായി വിജയനെ ക്യാപ്റ്റൻ എന്നോ സഖാവെന്നോ വിളിച്ചോട്ടെ..അതിൽ എന്താണ് വിവാദം..? ഞാൻ അദ്ദേഹത്തെ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്. സ്നേഹം കൊണ്ട് ആളുകൾ എന്തെല്ലാം വിളിക്കുന്നു’, എ കെ ബാലൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനെ പിന്തുണച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും വന്നിരുന്നു. നേതൃനിരയിലെ അഗ്രഗാമിയാണ് പിണറായി വിജയനെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. മുഖ്യമന്ത്രി സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നിലയില്‍ തേതൃത്വം കൊടുക്കുകയാണ്. ആ നേതൃത്വ പാടവം സമൂഹം നോക്കിക്കാണുന്നുണ്ട് എന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണെന്നുമുള്ള സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെയായിരുന്നു എ വിജയരാഘവന്റെ പ്രതികരണം.

പിണറായി വിജയന്‍ ടീം ലീഡറാണെന്നും അതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നുമാണ് പി ജയരാജന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്റെ അടിസ്ഥാനം ഇതാണ് എന്നും, എന്നാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേപരമായാണ് ചര്‍ച്ചയാക്കിയതെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു.

എല്‍ഡിഎഫ് എന്ന കൂട്ടായ്മയ്ക്ക് ജനം നല്‍കിയ അംഗീകാരമായിട്ടാണ് തന്നെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ക്യാപ്റ്റന്‍ വിളിയെ വ്യക്തിപരമായിട്ടല്ല കാണേണ്ടത്. എല്‍ഡിഎഫ് എന്ന നിലയ്ക്കും മന്ത്രിസഭയുടെ കൂട്ടായ്മ എന്ന നിലയ്ക്കും കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞു എന്നൊരു പൊതുബോധം സമൂഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ മുഖ്യമന്ത്രി പറഞ്ഞു.

Next Story

Popular Stories