‘ബിജെപിയുമായി ഡീല്‍ ആര്‍ക്കെന്ന് എല്ലാവര്‍ക്കുമറിയാം’; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എന്തുപറഞ്ഞിട്ടും കാര്യമില്ലെന്ന് യെച്ചൂരി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ തള്ളി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുമായി ഡീല്‍ ഉള്ളത് ആര്‍ക്കാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് യെച്ചൂരി തിരിച്ചിടിച്ചു. എന്‍സിപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം യെച്ചൂരി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഇന്ന് പത്ര സമ്മേളനം വിളിക്കാനുള്ള അജണ്ട പി സി ചാക്കോയുടെ […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ തള്ളി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുമായി ഡീല്‍ ഉള്ളത് ആര്‍ക്കാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് യെച്ചൂരി തിരിച്ചിടിച്ചു. എന്‍സിപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം യെച്ചൂരി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഇന്ന് പത്ര സമ്മേളനം വിളിക്കാനുള്ള അജണ്ട പി സി ചാക്കോയുടെ വരവാണെന്നും മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ താല്പര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി ഇങ്ങനെ.
അവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. ആര്‍ക്കാണ് ബിജെപിയുമായി ഡീല്‍ ഉള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ആരാണ് ബിജെപിയിലേക്ക് പോകുന്നത്? ബിജെപിയില്‍ ചേരാന്‍ കോണ്‍ഗ്രസില്‍ നിന്ന് പോയവരുടെ എണ്ണമൊന്ന് പരിശോധിച്ച് നോക്കൂ.
സീതാറാം യെച്ചൂരി
ഓര്‍ഗനൈസറുടെ എഡിറ്ററായിരുന്ന ആളാണ് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അതു കൊണ്ടെന്താണ് എന്ന് യെച്ചൂരി പരിഹസിച്ചു. തെറ്റായ ഒരുപാട് വിവരങ്ങള്‍ പടര്‍ത്തുന്ന ഒരു മാഗസിനാണ് അത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു വിഷയമായി ഇത് ഉയര്ത്തുന്നതുകൊണ്ടൊന്നും സംഭവിക്കാന്‍ പോകുന്നില്ല. സത്യം എന്താണെന്ന് ജനങ്ങള്‍ക്കറിയാം. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്നും. കേരളത്തിലെ വോട്ടര്‍മാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഫല പ്രഖ്യാപനം വരുമ്പോള്‍ അത് കാണാമെന്നും യെച്ചൂരി പ്രതികരിച്ചു.
പി സി ചാക്കോ വന്നതില്‍ സന്തോഷമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നതിന്റെ സൂചനയാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ക്യാംപെയ്നുമായി ഞങ്ങള്‍ മുന്നോട്ടുപോകുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്ന് പി സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. നായനാര്‍ മന്ത്രിസഭയില്‍ ഞാന്‍ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എല്‍ഡിഎഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്. എന്‍സിപിയുടെ ഭാഗമായി ഞാന്‍ വീണ്ടും എല്‍ഡിഎഫില്‍ തിരിച്ചെത്തിയിരിക്കുന്നു. പാര്‍ലമെന്റിലും പാര്‍ലമെന്റ് കമ്മിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും ഞാനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചാക്കോ പ്രതികരിച്ചു.
ചെങ്ങന്നൂരില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഐഎമ്മെന്ന് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ പത്രാധിപരുമായ ആര് ബാലശങ്കര്‍ പറഞ്ഞത് വിവാദമായിരിക്കുകയാണ്. ചെങ്ങന്നൂരും ആറന്മുളയും സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം ചെയ്യാമെന്നായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പ്രതികരിച്ചു. ‘ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണെന്നും ബാലശങ്കര്‍ പറയുകയുണ്ടായി.