Top

യൂറോ കപ്പ് നോക്കൗട്ട് റൗണ്ടിന് ഇന്നു തുടക്കം; എറിക്‌സനു വേണ്ടി ഡെന്‍മാര്‍ക്ക് വെയ്ല്‍സിനെതിരേ, അപരാജിതകുതിപ്പ് തുടരാന്‍ അസൂറിപ്പട

ഗ്രൂപ്പ് ഘട്ടത്തിലെ ത്രില്ലറുകള്‍ക്കും പിഴകള്‍ക്കും ശേഷം യുറോ കപ്പ് ഇനി നോക്കൗട്ടിന്റെ മരണച്ചൂടിലേക്ക്. ഇന്ന് ആരംഭിക്കുന്ന പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ രാത്രി 9:30-ന് ഡെന്‍മാര്‍ക്ക് വെയ്ല്‍സിനെയും രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലി ഓസ്ട്രിയയെയും നേരിടും. കഴിഞ്ഞ യൂറോ കപ്പിന്റെ സെമിഫൈനല്‍ കളിച്ച ടീമാണ് ഗാരെത് ബെയ്ല്‍ നയിക്കുന്ന വെയ്ല്‍സ്. ആദ്യ പ്രീക്വാര്‍ട്ടറിനിറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ വൈകാരിക പിന്തുണയുള്ള ഡെന്‍മാര്‍ക്കിനെയാണ് നേരിടേണ്ടത്. യൂറോ 2021ന്റെ ആദ്യ മത്സരത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു […]

26 Jun 2021 12:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ കപ്പ് നോക്കൗട്ട് റൗണ്ടിന് ഇന്നു തുടക്കം; എറിക്‌സനു വേണ്ടി ഡെന്‍മാര്‍ക്ക് വെയ്ല്‍സിനെതിരേ, അപരാജിതകുതിപ്പ് തുടരാന്‍ അസൂറിപ്പട
X

ഗ്രൂപ്പ് ഘട്ടത്തിലെ ത്രില്ലറുകള്‍ക്കും പിഴകള്‍ക്കും ശേഷം യുറോ കപ്പ് ഇനി നോക്കൗട്ടിന്റെ മരണച്ചൂടിലേക്ക്. ഇന്ന് ആരംഭിക്കുന്ന പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ രാത്രി 9:30-ന് ഡെന്‍മാര്‍ക്ക് വെയ്ല്‍സിനെയും രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലി ഓസ്ട്രിയയെയും നേരിടും.

കഴിഞ്ഞ യൂറോ കപ്പിന്റെ സെമിഫൈനല്‍ കളിച്ച ടീമാണ് ഗാരെത് ബെയ്ല്‍ നയിക്കുന്ന വെയ്ല്‍സ്. ആദ്യ പ്രീക്വാര്‍ട്ടറിനിറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ വൈകാരിക പിന്തുണയുള്ള ഡെന്‍മാര്‍ക്കിനെയാണ് നേരിടേണ്ടത്. യൂറോ 2021ന്റെ ആദ്യ മത്സരത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണതോടെ ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ഡെന്‍മാര്‍ക്ക് പ്രിയ ടീമായി മാറിയിരിക്കുകയാണ്.

യൂറോപ്പിന്റെ നെറുകയില്‍ ടീമിനെ വീണ്ടും എത്തിക്കുകയെന്ന എറിക്‌സന്റെ ആഗ്രഹപൂര്‍ത്തീകരണം ലക്ഷ്യമിട്ട് വൈകാരികമായാണ് ഡെന്‍മാര്‍ക്ക് പന്തു തട്ടുന്നത്. ആദ്യ രണ്ടു മത്സരവും തോറ്റ ശേഷവും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ അവരെ പ്രചോദിപ്പിച്ചതും ആ വികാരമാണ്. ഇന്നു വെയ്ല്‍സ് ഭയക്കുന്നതും അതിനേത്തന്നെ.

ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം ഫിന്‍ലന്‍ഡിനോടും(1-0), രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തോടും(2-1) തോറ്റതോടെ ഡെന്‍മാര്‍ക്കിന്റെ യൂറോ സ്വപ്നങ്ങള്‍ അവസാനിച്ചുവെന്നു കരുതിയവരാണേറെ. എന്നാല്‍ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ കരുത്തരായ റഷ്യയെ 4-1ന് തകര്‍ത്ത് അവര്‍ അവിശ്വസനീയ മുന്നേറ്റം നടത്തുകയായിരുന്നു.

ആ ഒരൊറ്റ ജയം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ടാകുമെന്നു തീര്‍ച്ച. അതിനാല്‍ തന്നെ ഇന്ന് ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ആദ്യ പ്രീക്വാര്‍ട്ടറിനിറങ്ങുമ്പോള്‍ ജയം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. എട്ടു തവണ യൂറോ കപ്പ് നേടിയ ഡെന്‍മാര്‍ക്ക് 1992-ല്‍ കിരീടം നേടിയ ടീമാണ്. അന്ന് ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ച് കിരീടം നേടിയിട്ട് ഇന്ന് കൃത്യം 29 വര്‍ഷം തികയുമ്പോഴാണ് ഡെന്‍മാര്‍ക്ക് മറ്റൊരു യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്നത്.

നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് ഇതിനു മുമ്പ് 10 തവണ വെയ്ല്‍സുമായി മേജര്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആറിലും ജയം അവര്‍ക്കൊപ്പമായിരുന്നു. ഇതിനു മുമ്പ് അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത് 2018-ല്‍ യുവേഫ നേഷന്‍സ് ലീഗിലായിരുന്നു. അന്ന് 2-0ന് വെയ്ല്‍സിനെ തോല്‍പിക്കാന്‍ ഡെന്‍മാര്‍ക്കിനെ സഹായിച്ചത് ഇന്ന് ആശുപത്രി കിടക്കയിലുള്ള സൂപ്പര്‍ താരം എറിക്‌സന്റെ ഇരട്ടഗോളുകളാണ്.

എറിക്‌സന്റെ അഭാവത്തില്‍ മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ്, യൂസഫ് പോള്‍സണ്‍, പിയറി എമിലി ഹോയ്ബര്‍ഗ് എന്നിവരിലാണ് അവരുടെ പ്രതീക്ഷകളത്രയും. നായകന്‍ സൈമണ്‍ കെയര്‍ നയിക്കുന്ന പ്രതിരോധനിരയും കാസ്പര്‍ ഷ്‌മൈഷേല്‍ എന്ന വിശ്വസ്ത കാവല്‍ക്കാരനും വെയ്‌സിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

മറുവശത്ത് ഗാരെത് ബെയ്ല്‍ എന്ന ഒരൊറ്റയാളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വെയ്ല്‍സിന്റെ യൂറോ സ്വപ്‌നങ്ങള്‍. ബെയ്‌ലിനു പുറമേ മാത്യൂ സ്മിത്ത്, ആരോണ്‍ റാംസെ, ഡാനിയല്‍ ജയിംസ്, ഹാരി വില്‍സണ്‍, ഡൈലാന്‍ ലെവിറ്റ്, എന്നിവരുടെ ബൂട്ടുകളിലേക്കും വെയ്ല്‍സ് റ്റുനോക്കുന്നുണ്ട്.

രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ നേരിടാന്‍ ഇറങ്ങുന്ന ഇറ്റലിക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. യൂറോ കപ്പ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാര്‍ട്ടര്‍ കളിക്കുന്ന ഓസ്ട്രിയയ്‌ക്കെതിരേ മികച്ച ജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. അവസാന 31 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന അവര്‍ അപരാജിത കുതിപ്പ് തുടരാനുള്ള ശ്രമത്തിലാണ്.

പ്രതിരോധത്തിലൂന്നിയുള്ള പതിവു ശൈലിയില്‍ നിന്നു വ്യത്യസ്തമായി ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന അവര്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തുര്‍ക്കിയും(3-0), രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും(3-0) ഇറ്റാലിയന്‍ ആക്രമണണത്തിന്റെ ചൂടറിഞ്ഞപ്പോള്‍ മൂന്നാം മത്സരത്തില്‍ വെയ്ല്‍സിന്റെ വെല്ലുവിളിയും(1-0) അസൂറിപ്പടയ്ക്കു മുന്നില്‍ വിലപ്പോയില്ല.

ലോറെന്‍സോ ഇന്‍സിഗ്‌നെ, സിറോ ഇമ്മൊബൈല്‍, മാനുവല്‍ ലോക്കാറ്റെലി, മാര്‍ക്കോ വെരാറ്റി, ജോര്‍ജിഞ്ഞോ എന്നിവരാണ് ഇറ്റലിയുടെ ആക്രമണങ്ങള്‍ക്കു പിന്നില്‍. പ്രതിരോധത്തിന് നായകന്‍ ജോര്‍ജിയോ ചെല്ലീനി, ലിയോനാര്‍ഡോ ബൊനൂച്ചി, അലസാന്‍ഡ്രോ ഫ്‌ളോറന്‍സി, എന്നിവരടങ്ങുന്ന പ്രതിരോധനിരയും ബാറിനു കീഴില്‍ ഗ്യാന്‍ല്യൂയിജി ഡൊണ്ണാരുമ്മയും ചേരുമ്പോള്‍ പ്രതിരോധം സുശക്തം.

Next Story

Popular Stories