Top

‘ക്രിസ്ത്യന്‍ വിഭാഗത്തിന് 20 ശതമാനം നല്‍കിയത് ലീഗിന്റെ അനുമതിയോടെയല്ല, അവര്‍ വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല’; വിധിയില്‍ ഇടി മുഹമ്മദ് ബഷീര്‍

സച്ചാര്‍ കമ്മിറ്റി നൂറു ശതമാനം മുസ്ലീങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ക്രൈസ്തവരെ പിന്നീട് ചേര്‍ത്തതാണെന്നും ഇ ടി വിശദീകരിച്ചു.

29 May 2021 1:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ക്രിസ്ത്യന്‍ വിഭാഗത്തിന് 20 ശതമാനം നല്‍കിയത് ലീഗിന്റെ അനുമതിയോടെയല്ല, അവര്‍ വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല’; വിധിയില്‍ ഇടി മുഹമ്മദ് ബഷീര്‍
X

ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിയോജിപ്പറിയിച്ച് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. പദ്ധതി വിതരണത്തിന് 80: 20 എന്ന അനുപാതം കൊണ്ടുവന്നത് യുഡിഎഫ് അല്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അനുപാതം കൊണ്ടുവന്നത് പാലൊളി മന്ത്രിയായിരിക്കുമ്പോഴാണെന്ന് തെളിയിക്കാന്‍ ലീഗ് തയ്യാറാണെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ഭരണകാലത്താണെന്ന പാലൊളിയുടെ വാദത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് മുസ്ലീം ലീഗ് പ്രതികരണവുമായി രംഗത്തെത്തിയത്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി അവരെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നാണ് ഹൈക്കോടതി വിധിയോട് വിയോജിപ്പറിയിച്ച് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്. സച്ചാര്‍ കമ്മിറ്റി നൂറു ശതമാനം മുസ്ലീങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ക്രൈസ്തവരെ പിന്നീട് ചേര്‍ത്തതാണെന്നും ഇ ടി വിശദീകരിച്ചു. മുസ്ലീങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. 20 ശതമാനത്തില്‍ ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തിയത് മുസ്ലീം ലീഗിന്റെ അനുമതിയോടെയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് ലീഗി നേതാക്കള്‍ ആവശ്യപ്പെടുന്നത്. കക്ഷിയല്ലാത്തതിനാല്‍ ലീഗിന് അപ്പീല്‍ പോകുന്നത് സംബന്ധിച്ച് നിയമതടസങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഈ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് നല്‍കിയത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്.

Next Story