Covid 19

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം; പ്രതിവര്‍ഷം അടക്കേണ്ടത് 120 രൂപ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ആനുകൂല്യവുമായി ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ആശ്വാസ പദ്ധതി. 1948 ലെ ഇഎസ്‌ഐ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിത കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

അതനുസരിച്ച് തൊഴിലാളിയുടെ വേതനത്തിന്റെ 90 ശതമാനം വരെയുള്ള തുക ആശ്രിത കുടുംബങ്ങള്‍ക്ക് നിശ്ചിത അനുപാതത്തില്‍ വിഭജിച്ച് എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ ആനുകൂല്യം പ്രതിമാസം 1800 രൂപയായിരിക്കും.

മരണപ്പെട്ട തൊഴിലാളിയുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ വര്‍ഷത്തില്‍ 120 രൂപ അടച്ചാല്‍ ഇഎസ്‌ഐ ചികിത്സ ആനുകൂല്യം ലഭിക്കും. 24.03.2020 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക.

അതേസമയം, കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ടെന്നത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഡെല്‍റ്റാ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിയന്ത്രണങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നും മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദഗ്ധരുടെ ചര്‍ച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരു തരത്തിലുള്ള അലംഭാവവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രത്യാശ നല്‍കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്ക് വേണ്ട വാക്സിനേഷന്‍ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയില്‍ ആ പ്രായപരിധിയില്‍ പെട്ട കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കിത്തുടങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.

കേരളത്തില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിന്‍ ഇതുവരെ നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയില്‍ അതിന്റെ വിതരണം നമ്മള്‍ നടത്തുന്നുണ്ട്. അതിനു പുറമേ, ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വിധം ഒട്ടും തന്നെ പാഴായിപ്പോകാതെ വാക്സിന്‍ നമുക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നു. വാക്സിനേഷന്‍ കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: അക്രമികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

Covid 19 updates

Latest News