അര്‍ണബിന്റെ ഇറോട്ടോമാനിയ പരാമര്‍ശം; കങ്കണയുടെ മറുപടി

തനിക്ക് ഇറോട്ടോമാനിയ എന്ന മാനസികപ്രശ്നമുണ്ടെന്ന റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്.
ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നും വാട്‌സ്ആപ്പ് ചാറ്റുകള്‍ വായിച്ച് അത് പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു.

കങ്കണയുടെ വാക്കുകള്‍: ”ആരുടെയെങ്കിലും ചോര്‍ന്ന സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ കാണാന്‍ ഇതുവരെ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസിലാകില്ല. നിങ്ങള്‍ക്ക് കൂടുതല്‍ ഗോസിപ്പ് വേണോ? എന്തുകൊണ്ടാണ് ഹൃതിക് ഇത് പറഞ്ഞത്, എന്തുകൊണ്ടാണ് ബന്ധം തകര്‍ന്നത്? ഹൃതിക് ചങ്ങാതിയായ ശേഷം അര്‍ണബ് എന്റ സുഹൃത്തായത് എങ്ങനെ? ഈ ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിര്‍ത്തുക.”

2017 ഒക്ടോബര്‍ ഏഴാം തീയതി അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കുമായി ലൈംഗികമായി അടിമപ്പെട്ടു.’ എന്നാണ് അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റിലൂടെ പറയുന്നത്. കങ്കണ പരിധിവിടുന്നുണ്ടെന്നും ആളുകള്‍ക്ക് അവളെ പേടിയാണെന്നും അര്‍ണബ് ചാറ്റില്‍ പറയുന്നുണ്ട്. ചാറ്റിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ എന്താണ് ഇറോട്ടോമാനിയ എന്ന് സോഷ്യല്‍മീഡിയയിലെ ഒരുവിഭാഗം അന്വേഷിച്ച് തുടങ്ങി.

ഇറോട്ടോമാനിയയെക്കുറിച്ച് psychiatryhospital എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് ഇങ്ങനെ:

‘ഇറോട്ടോമാനിയ’ (Erotomania) എന്ന രോഗത്തിന്റെ മുഖമുദ്രയാണ്, താനുമായൊരു ബന്ധവുമില്ലാത്ത, സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ഒരാള്‍ക്ക് തന്നോടു പ്രേമമാണെന്ന ഡെല്യൂഷന്‍. ഇതു ബാധിച്ചവര്‍ സാങ്കല്‍പിക കമിതാവിനെ ഫോണ്‍ വിളിക്കുകയും സദാ പിന്തുടരുകയും നേരില്‍ക്കാണാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാം. ആ വ്യക്തി തന്നെ നിരീക്ഷിക്കുന്നുണ്ട്, പിന്തുടരുന്നുണ്ട്, സംരക്ഷിക്കുന്നുണ്ട് എന്നൊക്കെയവര്‍ വിശ്വസിക്കാം. ആളുടെ പ്രണയത്തിന്റെ തെളിവുകളായി മറ്റാര്‍ക്കും ബോദ്ധ്യമാകാത്ത കുറേക്കാര്യങ്ങള്‍ നിരത്താം. അങ്ങിനെയൊന്നുമില്ലെന്ന ആ വ്യക്തിയുടെതന്നെ തുറന്നുപറച്ചിലുകളെപ്പോലും പ്രണയത്തിന്റെ സൂചനകളെന്നു ദുര്‍വ്യാഖ്യാനിക്കാം. ചിലര്‍ ചൂണ്ടിക്കാട്ടുന്നതാകട്ടെ, മരിച്ചുപോയവരെയോ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത, തികച്ചും സാങ്കല്‍പികമായ കഥാപാത്രങ്ങളെയോ പോലുമാകാം.

ഇതു കൂടുതലും ബാധിക്കാറ് സ്ത്രീകളെയാണ്. പലപ്പോഴും പൊടുന്നനെയാണ് ഈ രോഗം തലപൊക്കാറ്. ചിലരിലിതു ദശാബ്ദങ്ങളോളം നിലനില്‍ക്കാം. ഇതു പിടിപെടുന്ന പുരുഷന്മാര്‍ ”കാമുകി”മാരോട് അക്രമാസക്തത കാണിക്കാം. സ്‌കിസോഫ്രീനിയയോ ഡെമന്‍ഷ്യയോ അമിതമദ്യപാനമോ ഉള്ളവരില്‍ ഇതു കാണപ്പെടാറുണ്ട്. ഏകാന്തത, സ്വയംമതിപ്പില്ലായ്ക, ജീവിത നൈരാശ്യം, ലൈംഗികചിന്ത, അക്രമാസക്തത എന്നിവയോടുള്ളൊരു പ്രതിരോധമെന്ന നിലക്ക് ചിലര്‍ ഈ ഡെല്യൂഷനിലേക്കു നീങ്ങാമെന്നാണ് ചില മനശ്ശാസ്ത്രജ്ഞരുടെ മതം. തന്നെ മുന്തിയ ഒരാള്‍ പ്രണയിക്കുന്നുണ്ടെന്ന തോന്നല്‍ നല്‍കുന്ന ആശ്വാസം പലരിലുമിത് വിട്ടുമാറാതെ നിലനില്‍ക്കാന്‍ ഇടയാക്കാം.