‘ആവശ്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ കേരളത്തില്‍ മാത്രം’; ഇ പി ജയരാജന്
കെഎംഎംഎല്ലില്‍ സ്ഥാപിച്ച പുതിയ ഓക്സിജന്‍ പ്ലാന്റില്‍ പ്രതിദിനം 7 ടണ്‍ വരെ ദ്രവീകൃത ഓക്സിജനാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവരെ ഉല്പാദിപ്പിച്ച 989.84 ടണ്‍ ദ്രവീകൃത ഓക്സിജനില്‍ 981.84 ടണ്ണും ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ മാത്രമാണ് ആവശ്യത്തില്‍ കൂടുതല്‍ ഓക്സിജനുള്ളതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. രാജ്യം ഓക്സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കാര്യക്ഷമമായി ഓക്സിജന്‍ വിതരണം സാധ്യമാക്കുന്ന ‘കേരള മോഡല്‍’ ചര്‍ച്ചയാകുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള മന്ത്രിയുടെ പ്രസ്താവന.
‘ആവശ്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ കേരളത്തില്‍ മാത്രം’, എന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആവശ്യത്തിൽ കൂടുതൽ ഓക്സിജൻ കേരളത്തിൽ മാത്രം
Posted by E.P Jayarajan on Saturday, 24 April 2021
ഗോവയ്ക്ക് 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ നല്‍കിയതിനുപിന്നാലെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കും ഓക്സിജന്‍ നല്കിയ കേരളത്തിന്റെ മാതൃക ദേശീയ തലത്തില്‍ ശ്രദ്ധനേടുകയാണ്.
മറ്റ് സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ക്ഷാമം നേരിട്ട ഘട്ടത്തില്‍ ഓക്സിജന്‍ മിച്ചം പിടിച്ച കേരളത്തിന്റെ മാതൃകയില്‍ കഞ്ചിക്കോട് കെഎംഎംഎല്ലിന്റെ 90 ടണ്‍ ഓക്സിജന്‍ പ്ലാന്റിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
പിണറായി സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായിയായിരുന്നു വ്യവസായ വകുപ്പിനു കീഴിലുള്ള ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്. വ്യാവസായിക ആവശ്യമായ ഓക്സിജന്‍ നിര്‍മ്മിക്കുകയും ശേഷിക്കുന്ന ഓക്സിജന്‍ ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുകയുമായിരുന്നു ഇതുവഴി ലക്ഷ്യം വെച്ചത്.
കൊവിഡ് കാലത്ത് വ്യവസായ വകുപ്പിന്റെ ഈ പ്ലാന്റ് കേരളത്തിന്റെ ഓക്സിജന്‍ ആവശ്യത്തില്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജന് ഫേസ്ബുക്കില്‍ പങ്കുവെച്ച വിവരങ്ങളനുസരിച്ച് കെഎംഎംഎല്ലില്‍ സ്ഥാപിച്ച പുതിയ ഓക്സിജന്‍ പ്ലാന്റില്‍ പ്രതിദിനം 7 ടണ്‍ വരെ ദ്രവീകൃത ഓക്സിജനാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവരെ ഉല്പാദിപ്പിച്ച 989.84 ടണ്‍ ദ്രവീകൃത ഓക്സിജനില്‍ 981.84 ടണ്ണും ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിന് ആവശ്യത്തിലധികം ഓക്സിജന്‍ ഉത്പാദിപ്പിക്കുവാന്‍ ഉള്ള കഴിവ് ഉണ്ടെന്നും കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിക്ക് സഹായമെത്തിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിന്ന് ഒരു എയര്‍ ലോഡ് ഓക്സിജനെങ്കിലും ഡല്ഹിയിലെത്തിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
‘ഏകദേശം പത്തുലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നുപോവുകയാണ്. നൂറുകണക്കിന് ആള്ക്കാര് ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്. കേരളത്തില്‍ നിന്നും ഒരു എയര്‍ ലോഡ് ഓക്സിജന്‍ എങ്കിലും എത്തിക്കാന്‍ ആയാല്‍ എത്രയോ ആള്‍ക്കാരുടെ ജീവന് രക്ഷിക്കാനാവും’, രമേശ് ചെന്നിത്തല പറഞ്ഞു.