Top

റോഷ്‌നി എങ്ങനെ കെ ആര്‍ മീരയായി; പ്രിയപ്പെട്ട അധ്യാപികയെ കുറിച്ച് എഴുത്തുകാരി

ചെല്ലമ്മ ടീച്ചര്‍ യാത്രയായി, തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു

13 Oct 2021 7:11 AM GMT
ഫിൽമി റിപ്പോർട്ടർ

റോഷ്‌നി എങ്ങനെ കെ ആര്‍ മീരയായി; പ്രിയപ്പെട്ട അധ്യാപികയെ കുറിച്ച് എഴുത്തുകാരി
X

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് കെ ആര്‍ മീര. എഴുത്തുകാരിയുടെ പ്രിയപ്പെട്ട അധ്യാപകയെക്കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധയമാകുന്നത്. റോഷ്‌നിയായിരുന്ന താന്‍ കെ ആര്‍ മീരയായി മാറിയതിന്റെ പിന്നില്‍ പ്രിയപ്പെട്ട അധ്യാപിക ചെല്ലമ്മ ടീച്ചര്‍ ആയിരുന്നുവെന്ന് മീര പറഞ്ഞു. ടീച്ചറുടെ മരണമറിയിച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ചുണ്ടുകള്‍ കടിച്ചു പിടിച്ചു മറയ്ക്കാന്‍ ശ്രമിച്ച ഭംഗിയുള്ള ആ ചിരി മാത്രം കണ്ണില്‍നിന്നു മായുന്നില്ലെന്ന് കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു.

കെ ആര്‍ മീരയുടെ വാക്കുകള്‍

അച്ഛനാണ് എനിക്കു 'മീര'യെന്നും അനിയത്തിക്കു 'താര'യെന്നും പേരിട്ടത്. അമ്മ കുറച്ചുകൂടി പരിഷ്‌കാരി ആയിരുന്നതിനാല്‍ 'റോഷ്‌നി', 'ചാന്ദ്‌നി' എന്ന പേരുകളാണു കണ്ടുവച്ചത്. വീട്ടില്‍ മീരയെന്നും റെക്കോര്‍ഡില്‍ റോഷ്‌നിയെന്നും പേരു വയ്ക്കാനായിരുന്നു തീരുമാനം. ആദ്യം പഠിച്ച നഴ്‌സറി സ്‌കൂളിലും പിന്നീടു മൂന്നാം ക്ലാസ് വരെ പഠിച്ച എം.എം.സി. പബ്ലിക് സ്‌കൂളിലും നാലാം ക്ലാസില്‍ പഠിച്ച ശാസ്താംകോട്ട ഗവണ്‍മെന്റ് സ്‌കൂളിലും റോഷ്‌നി ചന്ദ്രന്‍, റോഷ്‌നി രാമചന്ദ്രന്‍, മീര ചന്ദ്രന്‍, മീര രാമചന്ദ്രന്‍ എന്നിങ്ങനെ പല ആവിഷ്‌കാരങ്ങളും പരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അഞ്ചാം ക്ലാസില്‍ കടമ്പനാട് ഗേള്‍സ് ഹൈസ്‌കൂളില്‍ (ഇന്നത്തെ വിവേകാനന്ദ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍) ചേരാന്‍ അന്നത്തെ ഹെഡ് മിസ്ട്രസിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ പേരും ഇനീഷ്യലും തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു.

അച്ഛന്റെ ഗുരുനാഥ ആയിരുന്നു ഹെഡ് മിസ്ട്രസ് . 'രാമചന്ദ്രന്‍ പിള്ള ഇരിക്ക് ' എന്ന് അച്ഛനോട് ആജ്ഞാപിച്ചു. ഡി ബി കോളജില്‍ 'കടുവ'യെന്നും 'മീശ'യെന്നും ഇരട്ടപ്പേരുകളുള്ള കൊമ്പന്‍മീശക്കാരനായ അച്ഛന്‍ പരവശനായി, ഇരിക്കുന്നതായി അഭിനയിച്ചു. 'മീരയെന്നാണു പേര്, അല്ലേ?'ശാസ്താംകോട്ട സ്‌കൂളില്‍നിന്നു കിട്ടിയ ടിസിയില്‍ നോക്കി ഹെഡ് മിസ്ട്രസ് ചോദിച്ചു.'അതു വീട്ടില്‍ വിളിക്കുന്ന പേരാണ്. റോഷ്‌നി എന്നു മതിയെന്ന് ഇവളുടെ അമ്മ പറയുന്നു. 'അച്ഛന്‍ വിനയാന്വിതനായി മന്ത്രിച്ചു. ഹെഡ് മിസ്ട്രസ് എന്നെ ഒന്നു നോക്കി. 'മീര എന്ന പേരിനെന്താ കുഴപ്പം ? മീര എന്നുതന്നെ മതി. ഇനീഷ്യല്‍ എന്തു വേണം ?''ടീച്ചര്‍ തന്നെ തീരുമാനിച്ചാട്ടെ. ''കൊപ്പാറയുടെ കെ, രാമചന്ദ്രന്‍പിള്ളയുടെ ആര്‍ കെ.ആര്‍. എന്നു മതി. 'ഹെഡ് മിസ്ട്രസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ഞാന്‍ 'കെ.ആര്‍.മീര' ആയിത്തീര്‍ന്നു.

ആ ഹെഡ് മിസ്ട്രസിന്റെ പേരു കെ. എന്‍. ചെല്ലമ്മ എന്നായിരുന്നു. മുണ്ടും നേര്യതുമാണു പതിവു വേഷം. ചുരുണ്ട് ഇടതൂര്‍ന്ന മുടി ചിലപ്പോള്‍ അഴിച്ചിട്ടു തുമ്പു കെട്ടിയിട്ടിരിക്കും. ചിലപ്പോഴൊക്കെ പിന്നില്‍ പുട്ടപ് ചെയ്തു വയ്ക്കും. കയ്യില്‍ ഒരു ഭീകരന്‍ ചൂരല്‍ ഉണ്ടായിരിക്കും. അക്ഷരങ്ങള്‍ കടിച്ചു പൊട്ടിക്കുംവിധമാണു സംസാരം. മോണിങ് അസംബ്ലിക്കു മുമ്പു സ്‌കൂള്‍ വളപ്പില്‍ ഉയരുന്ന വലിയൊരു കലപിലാരവമുണ്ട്. ചെല്ലമ്മ ടീച്ചര്‍ വരാന്തയില്‍ ഇറങ്ങേണ്ട താമസം, സ്വിച്ച് ഓഫാക്കിയതുപോലെയാണ് പിന്‍ ഡ്രോപ് സൈലന്‍സ്. സ്‌കൂളിനു വേണ്ടി സമ്മാനങ്ങള്‍ നേടുമ്പോള്‍ അസംബ്ലിയില്‍ വച്ച് ടീച്ചര്‍ അഭിനന്ദിക്കും. പക്ഷേ, കടുപ്പത്തിനു കുറവില്ല. ഒരു ലോഹ്യവും പ്രതീക്ഷിക്കണ്ട. കാര്‍ക്കശ്യവും ഗൌരവവും ഗാംഭീര്യവും ഒഴികെ ഒരു വികാരവും ആ മുഖത്ത് ഉണ്ടാവില്ല. ടീച്ചറുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയ മിനിച്ചേച്ചി എന്റെ സീനിയര്‍ ആയി അവിടെ പഠിച്ചിരുന്നു. മൂത്തയാള്‍ ചന്ദ്രിക ചേച്ചി അന്ന് എന്‍ജിനീയറിങ്ങിനും രണ്ടാമത്തെയാള്‍ ബീനച്ചേച്ചി മെഡിസിനും പഠിക്കുകയായിരുന്നു. വീട്ടിലും ചെല്ലമ്മ ടീച്ചര്‍ ചൂരലുമായാണു നടക്കുന്നതെന്നും മിനിച്ചേച്ചിയും ചന്ദ്രിക ചേച്ചിയും ബീനച്ചേച്ചിയും 'അമ്മേ' എന്നല്ല, 'സാറേ' എന്നാണു വിളിക്കുന്നതെന്നും ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. (ചന്ദ്രിക ചേച്ചി വാട്ടര്‍ അതോറിറ്റിയില്‍ ചീഫ് എന്‍ജിനീയര്‍ ആയും ബീനച്ചേച്ചി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടറായും റിട്ടയര്‍ ചെയ്തു. മിനിച്ചേച്ചി കടമ്പനാട് കെ.ആര്‍.കെ.പി.എം. ബി.എച്ച്.എസ്. & വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ അധ്യാപികയാണ്. )

ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണു ചെല്ലമ്മ ടീച്ചര്‍ റിട്ടയര്‍ ചെയ്തത്. അക്കൊല്ലം ആനിവേഴ്‌സറിക്കു സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും നാലു ഹൌസുകളായി തിരിച്ചുള്ള മല്‍സരം നടന്നു. അതില്‍ ഒരു ഹൌസിന്റെ ചുമതല അന്നു സ്‌കൂള്‍ ലീഡര്‍ കൂടിയായിരുന്ന എനിക്കായി. വാശിയേറിയ മല്‍സരമാണ്. വ്യക്തിഗത ഇനങ്ങളിലെല്ലാം സമ്മാനം നേടിയാലും ഗ്രൂപ്പ് ഇനങ്ങളില്‍ പിന്നിലായാല്‍ ഹൌസ് ഒന്നാമത് എത്തുകയില്ല. നാടകമാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടാവുന്ന ഇനം. ഞാനാണെങ്കില്‍ അന്നോളം കര്‍ട്ടന്‍ വലിക്കാരിയായി പോലും ഒരു നാടകത്തിലും പങ്കെടുത്തിട്ടില്ല. പക്ഷേ, ഇത് ഹൌസിന്റെയും സ്‌കൂള്‍ ലീഡറുടെയും അഭിമാന പ്രശ്‌നമാണ്. പണ്ടെന്നോ ഏതോ ബാലപ്രസിദ്ധീകരണത്തില്‍ വായിച്ച ഒരു നാടകം ഓര്‍മയിലുണ്ടായിരുന്നു. പ്രധാന കഥാപാത്രം ഒരു സ്‌കൂള്‍ അധ്യാപികയാണ്. ക്ലാസിലെ ഒരു കുട്ടിയുടെ കയ്യിലെ പൊള്ളിയ പാട് അധ്യാപിക ശ്രദ്ധിക്കുന്നു. അവര്‍ കുട്ടിയോടു വിവരങ്ങള്‍ അന്വേഷിക്കുന്നു. അമ്മ മരിച്ചു പോയെന്നും അച്ഛന്‍ രണ്ടാമതു വിവാഹം കഴിച്ച സ്ത്രീ തന്നെ ദ്രോഹിക്കുകയാണെന്നും കുട്ടി വെളിപ്പെടുത്തുന്നു. അധ്യാപിക വളര്‍ത്തമ്മയെ വിളിച്ചു വരുത്തി സംസാരിച്ചു പ്രശ്‌നം പരിഹരിക്കുന്നു. അതു മനസ്സില്‍ വച്ചു ഞാന്‍ ഒരു നാടകം എഴുതി. എന്റെ നാടകത്തില്‍ ഞാന്‍ അധ്യാപികയെ ഹെഡ് മിസ്ട്രസ് ആക്കി. ആ റോളില്‍ ഞാന്‍ തന്നെ അഭിനയിച്ചു. വല്യമ്മൂമ്മയുടെ ഒരു മുണ്ടും നേര്യതും ഉടുത്തു മുടി നരപ്പിച്ചു കണ്ണട വച്ച് ചൂരലുമായി സ്റ്റേജിലേക്ക് ചാടിക്കയറി ചെന്ന് ഇടുപ്പില്‍ കൈ കുത്തി നിന്ന് 'ആരാടോ അവിടെ ബഹളമുണ്ടാക്കുന്നത് ' എന്ന് ഒരലര്‍ച്ച അലറിയതും ഒരു നിമിഷം പന്തല്‍ നിശ്ശബ്ദമാകുകയും തുടര്‍ന്ന് നീണ്ടു നിന്ന കയ്യടി ഉയരുകയും ചെയ്തു. മാര്‍ക്ക് ഇടാനിരുന്നവരും നാടകം കാണാനിരുന്നവരുമായ അധ്യാപകര്‍ പോലും ആസ്വദിച്ചു ചിരിച്ചു. എന്റെ കോണ്‍ഫിഡന്‍സ് കുതിച്ചുയര്‍ന്നു. വളര്‍ത്തമ്മയെ സ്‌കൂളില്‍ വിളിപ്പിച്ചു വിരട്ടി കുട്ടിയെ സ്വന്തം മകളായി സ്‌നേഹിച്ചു വളര്‍ത്തിക്കോളാം എന്ന് ഉറപ്പു വാങ്ങുന്നതാണു നാടകത്തിന്റെ ക്ലൈമാക്‌സ്. ദുഷ്ടയായ വളര്‍ത്തമ്മയായി അഭിനയിച്ചത് അനില വര്‍ഗീസ് എന്ന കുട്ടിയായിരുന്നു. ഹെഡ് മിസ്ട്രസും വളര്‍ത്തമ്മയും തമ്മില്‍ വലിയ വാക്‌പോരുണ്ട്. അവസാനം വളര്‍ത്തമ്മ ഹെഡ്മിസ്ട്രസിന്റെ കാല്‍ക്കല്‍ വീണു മാപ്പിരന്നു. കുട്ടികള്‍ ആര്‍ത്തു വിളിച്ചു കയ്യടിച്ചു. തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ കൈകള്‍ ഇടുപ്പില്‍ കുത്തി നിന്നു ഞാന്‍ വിജിഗീഷുവായി ലോകത്തെ ഒന്നു നോക്കി. അപ്പോഴാണ് പന്തലിന്റെ ഏറ്റവും പിന്നില്‍ രണ്ടു കയ്യും ഇടുപ്പില്‍ കുത്തി എന്നെ തുറിച്ചു നോക്കുന്ന ആള്‍ കണ്ണില്‍പ്പെട്ടത്.

ചെല്ലമ്മ ടീച്ചര്‍!

സകല ശക്തിയും കോണ്‍ഫിഡന്‍സും വാര്‍ന്ന് എന്റെ മുട്ടുകള്‍ കൂട്ടിയിടിച്ചു. ഞാന്‍ വെപ്രാളത്തോടെ ഒന്നു കൂടി നോക്കി. ചുണ്ടുകള്‍ കടിച്ചുപിടിച്ചു ചിരി മറച്ചു പിടിക്കാന്‍ പ്രയത്‌നിക്കുകയായിരുന്നു ടീച്ചര്‍. ടീച്ചറിന്റെ ചിരിക്ക് അപാര ഭംഗിയാണെന്ന് അന്ന് ആ വേദിയില്‍ നില്‍ക്കെ ഞാന്‍ മനസ്സിലാക്കി. മേയ്ക്കപ്പു തുടച്ചു കളഞ്ഞു കോസ്റ്റ്യൂമും വാരിക്കെട്ടി വീട്ടിലേക്കുള്ള പ്രൈവറ്റ്ബസില്‍ ഇടിച്ചു കയറി കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ നാടക മല്‍സര ഫലത്തിന്റെ അനൌണ്‍സ്‌മെന്റ് മൈക്കിലൂടെ കേട്ടു മികച്ച നാടകം, മികച്ച രചന, മികച്ച സംവിധാനം, മികച്ച അഭിനയം കെ ആര്‍ മീര. എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. ചെല്ലമ്മ ടീച്ചറിന്റെ മറച്ചു പിടിക്കാന്‍ പണിപ്പെട്ട ആ ചിരിക്കപ്പുറം എന്തു സമ്മാനമാണു ബാക്കിയുണ്ടായിരുന്നത് ?ചെല്ലമ്മ ടീച്ചര്‍ ഇന്നു യാത്രയായി. തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു. ചുണ്ടുകള്‍ കടിച്ചു പിടിച്ചു മറയ്ക്കാന്‍ ശ്രമിച്ച ഭംഗിയുള്ള ആ ചിരി മാത്രം കണ്ണില്‍നിന്നു മായുന്നില്ല.

Popular Stories

    Next Story