Top

'വുമൻ വിത്ത് എ മൂവീ ക്യാമറ' മെൽബൺ ചലച്ചിത്രമേളയിലേക്ക്

മെൽബണിൽ വച്ചു നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന് ആഗസ്റ്റ് 12ന് കൊടിയേറും.

4 Aug 2022 3:38 AM GMT
ഫിൽമി റിപ്പോർട്ടർ

വുമൻ വിത്ത് എ മൂവീ ക്യാമറ മെൽബൺ ചലച്ചിത്രമേളയിലേക്ക്
X

അടൽ കൃഷ്ണൻ എന്ന നവാഗത സംവിധായകനും സുഹൃത്തുക്കളും അയ്യായിരം രൂപ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് 'വുമൻ വിത്ത് എ മൂവി ക്യാമറ'. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ഡയലോഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ചലച്ചിത്രമേളകളിലും സിനിമ സ്‌ക്രീൻ ചെയ്തിരുന്നു.

ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കടന്നു പോകുന്ന ഒരു ദിവസം. ആ ദിവസം ഉണ്ടാകുന്ന ചില സംഭവങ്ങളും ചർച്ചകളും തുറന്നു പറച്ചിലുമൊക്കെയാണ് വുമന്‍ വിത്ത് എ മൂവി ക്യാമറ പറയുന്നത്. ഒരു ഡോക്യൂമെന്ററിയുടെ ഭാഗമായി സുഹൃത്തായ ആതിരയുടെ ജീവിതത്തിലെ ഒരു ദിവസം പകർത്താൻ മാധ്യമ വിദ്യാർത്ഥിനിയായ മഹിത ആതിരയുടെ വീട് സന്ദർശിക്കുന്നു. മഹിതയുടെ കയ്യിലുള്ള ക്യാമറയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആതിരയുടെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള പഠനം കേരളത്തിലെ സ്ത്രീകളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സങ്കീർണതകൾ അനാവരണം ചെയ്യുകയാണ്. ആതിരയുടെ ഭയം മുതൽ അവളുടെ കുടുംബബന്ധങ്ങളിലെ സങ്കീർണ്ണതകൾ വരെ മഹിതയുടെ ക്യാമറയിലൂടെ ചിത്രീകരിക്കപ്പെടുന്നു.


അതേസമയം മെൽബണിൽ വച്ചു നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന് ആഗസ്റ്റ് 12ന് കൊടിയേറും. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടിയ നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. നോമിനേഷൻ പട്ടികയിൽ മലയാളം ചിത്രങ്ങളായ 'മിന്നൽ മുരളി'യും, 'പക'യും ഉണ്ട്. മികച്ച ചിത്രത്തിനുള്ള നോമിനേഷനിലാണ് ഇരു ചിത്രങ്ങളും. തമിഴിൽ നിന്ന് 'ജയ് ഭീമും' കന്നഡയിൽ നിന്ന് 'പെഡ്രോ' എന്ന ചിത്രവും മത്സര രംഗത്തുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി വെർച്വലായി നടത്തിയിരുന്ന മേള ഇത്തവണ ജനങ്ങളുടെ നിറ സാന്നിധ്യത്തിൽ അരങ്ങേറും. ഓസ്‌ട്രേലിയൻ പ്രേക്ഷകർക്കായി ഓഗസ്റ്റ് 13 മുതൽ 30 വരെ പ്രത്യേക വെർച്വൽ പ്രോഗ്രാമിംഗും ഉണ്ടായിരിക്കും. ഈ വർഷം 23 ഭാഷകളിലായി നൂറിലധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പട്ടികയിൽ ഹിന്ദിയിൽ നിന്ന് രൺവീർ സിംഗ് നായകനായ '83', 'ബധായി ദോ', 'ഗംഗുഭായ് കത്തിയാവാഡി', 'സർദാർ ഉദ്ദം', 'ദി റേപ്പിസ്റ്റ്' എന്നീ ചിത്രങ്ങളും മലയാളത്തിൽ നിന്ന് 'മിന്നൽ മുരളി', 'പക' എന്നീ ചിത്രങ്ങളും തമിഴിൽ നിന്ന് 'ജയ് ഭീമും' ആണ് ഉള്ളത്.

story highlights: woman with a camera selected to melbourne film festival

Next Story

Popular Stories