Top

നിവിന്‍ പോളിക്ക് 158, ശ്വേത മേനോന് 176; 'അമ്മ' തെരഞ്ഞെടുപ്പിലെ വോട്ട് നില ഇങ്ങനെ

ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച മൂന്ന് പേര്‍ക്കും വിമത പാനലില്‍ നിന്നും മത്സരിച്ച ഒരാള്‍ക്കും തോല്‍വി ഏറ്റുവാങ്ങേണ്ടതായി വന്നു

20 Dec 2021 6:17 AM GMT
ഫിൽമി റിപ്പോർട്ടർ

നിവിന്‍ പോളിക്ക് 158, ശ്വേത മേനോന് 176; അമ്മ തെരഞ്ഞെടുപ്പിലെ വോട്ട് നില ഇങ്ങനെ
X

താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മത്സരാര്‍ത്ഥികളുടെ വോട്ടു വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്. ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച മൂന്ന് പേര്‍ക്കും വിമത പാനലില്‍ നിന്നും മത്സരിച്ച ഒരാള്‍ക്കും തോല്‍വി ഏറ്റുവാങ്ങേണ്ടതായി വന്നു. ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച ഹണി റോസ്, നിവിന്‍ പോളി, ആശ ശരത്ത് എന്നിവര്‍ക്കും വിമത പാനലില്‍ നിന്നും നാസര്‍ ലത്തീഫിനുമാണ് പരാജയം സംഭവിച്ചത്.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേരാണ് മത്സരിച്ചത്. ഔദ്യോഗിക പാനലില്‍ നിന്നും ശ്വേത മേനോനും ആശാ ശരത്തിനനും എതിരെ മത്സരിച്ച മണിയന്‍ രാജുവിന് 222 വോട്ടാണ് ലഭിച്ചത്. 176 വോട്ടോടെ ശ്വേത മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 153 വോട്ടുകള്‍ മാത്രമാണ് ആശ ശരത്തിന് നേടാനായത്.

11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഈ വിഭാഗത്തില്‍ പരാജയപ്പെട്ടത് ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ്. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. നാസര്‍ ലത്തീഫ്് 100 വോട്ടുകള്‍ മാത്രം നേടി.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് സുധീര്‍ കരമനയാണ്. താരത്തിന് 261 വോട്ടാണ് ലഭിച്ചത്. ലാല്‍ 212 വോട്ടും ലെന 234 വോട്ടും നേടി. മഞ്ജു പിള്ള-215, രചന നാരായണന്‍കുട്ടി-180, ബാബു രാജ്-242, സുരഭി-236, ടിനി ടോം-222, ടൊവിനോ തോമസ്-220, ഉണ്ണി മുകുന്ദന്‍-198, വിജയ് ബാബു-225 എന്നിങ്ങനെയാണ് വോട്ട് നില.

'അമ്മ'യുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.

Next Story