Top

'ജാതി നോക്കി ഒഴിവാക്കി എന്ന് പറയുന്നത് കഷ്ടമാണ്'; പന്തളം ബാലന്റെ പ്രതികരണത്തിന് മറുപടിയുമായി വിനയൻ

'സിനിമയിൽ ചിലപ്പോൾ ഷൂട്ട് ചെയ്ത രംഗങ്ങൾ, ഗാനങ്ങളൊക്കെ ഒഴിവാക്കേണ്ടി വരും'

13 Sep 2022 12:29 PM GMT
ഫിൽമി റിപ്പോർട്ടർ

ജാതി നോക്കി ഒഴിവാക്കി എന്ന് പറയുന്നത് കഷ്ടമാണ്; പന്തളം ബാലന്റെ പ്രതികരണത്തിന് മറുപടിയുമായി വിനയൻ
X

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പുതിയ ചിത്രത്തിൽ നിന്നും താൻ പാടിയ പാട്ട് ഒഴിവാക്കി എന്ന് ഗായകൻ പന്തളം ബാലൻ നടത്തിയ പ്രതികരണം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ദളിതനായ തന്റെ ഗാനം ഒഴിവാക്കിയ ശേഷം എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നൽകുന്നത് എന്നാണ് ബാലൻ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.

തിരക്കഥയിൽ വന്ന മാറ്റങ്ങൾ മൂലം ആ ഗാനത്തിന്റെ സാഹചര്യം സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. ഇത് ബാലനെ അറിയിച്ചിരുന്നു എന്നും ഇപ്പോൾ ഇത്തരമൊരു പ്രതികരണത്തിന്റെ അർത്ഥം മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

സിനിമയുടെ തിരക്കഥ ഒരുക്കുന്ന സമയം ബാലനെ കൊണ്ട് ഒരു ഗാനം പാടിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് എം ജയചന്ദ്രനെ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ രംഗം ഒഴിവാക്കേണ്ടി വന്നു. അത് ബാലനെ വിളിച്ച് അറിയിക്കുകയും ചെയ്തു. അടുത്ത പടത്തിൽ തന്നെ പരിഗണിക്കണം എന്ന് ബാലൻ പറഞ്ഞു. ഗായകൻ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട്.സിനിമയിൽ ചിലപ്പോൾ ഷൂട്ട് ചെയ്ത രംഗങ്ങൾ, ഗാനങ്ങളൊക്കെ ഒഴിവാക്കേണ്ടി വരുമെന്ന് വിനയൻ പറഞ്ഞു.

താൻ ജാതിയോ മതമോ നോക്കാതെ കലാകാരന്മാരെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ബാലന്റെ പ്രതികരണം കേട്ടപ്പോൾ അതിയായ വിഷമം തോന്നി. ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് കഷ്ടമാണ് എന്നും വിനയൻ കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് പന്തളം ബാലൻ വിനയനെതിരെ ആരോപണവുമായി എത്തിയത്. രണ്ട് വർഷത്തോളമായി താൻ കാത്തിരുന്നു. നങ്ങേലിയുടെയും അടിമത്തത്തിന്റെയും കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന തന്നെ പോലൊരു കലാകാരനെ ഒഴിവാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്ന് ബാലൻ ഫേസ്ബുക്കിൽ കുറിച്ചു.

story highlights: vinayan gives reply to the statement of panthalam balan

Next Story