Top

'വിക്രം', 'ധാക്കഡ്', 'ദി ഗ്രേ മാന്‍'; ജൂലൈയിലെ ഒടിടി റിലീസുകള്‍

1 July 2022 3:37 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രം, ധാക്കഡ്, ദി ഗ്രേ മാന്‍; ജൂലൈയിലെ ഒടിടി റിലീസുകള്‍
X

ബോളിവുഡ്, ഹോളിവുഡ്, സൗത്ത് സിനിമകളുടെ വന്‍ നിരയാണ് ഈ മാസം ഒടിടി റിലീസിന് കാത്തുനില്‍ക്കുന്നത്. അവയില്‍ തിയേറ്ററുകളിലെ വിജയത്തിന് ശേഷം എത്തുന്നവയും നേരിട്ട് ഒടിടി റിലീസ് ആയി എത്തുന്നവയുമായ സിനിമകളുണ്ട്. ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, വൂട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായാണ് സിനിമകളുടെ റിലീസ്. ബോളിവുഡ് ചിത്രങ്ങളായ ധാക്കഡ്, സാമ്രാട്ട് പൃഥ്വിരാജ്, ഗുഡ്‌ലക്ക് ജെറി എന്നിവയ്‌ക്കൊപ്പം വിക്രം, മേജര്‍ എന്നീ സൗത്ത് ഇന്ത്യന്‍ സിനിമകളും റിലീസിനുണ്ട്. മൂണ്‍ഫാള്‍, ഗ്രേ മാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളും ലിസ്റ്റിലുണ്ട്.

ധാക്കഡ്

തിയേറ്ററുകളിലെ വന്‍ പരാജയത്തിന് ശേഷമാണ് കങ്കണ റണൗത്ത് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ ഒന്ന് മുതല്‍ സീ 5ലൂടെ ചിത്രം സ്ട്രീം ചെയ്യുക. കുട്ടികളെ കടത്തുന്നതും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും ഇതിവൃത്തമായിട്ടുള്ള ധാക്കഡില്‍ ഏജന്റ് അഗ്‌നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. രസ്‌നീഷ് ഘായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, ദിവ്യ ദത്ത എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. മെയ് 20 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മാത്രമല്ല ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടി നേരിടേണ്ടിയും വന്നു.

സാമ്രാട്ട് പൃഥ്വിരാജ്

പൃഥ്വിരാജ് ചൗഹാന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചരിത്ര പ്രധാനമായ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ന് സ്ട്രീമിങ് ആരംഭിച്ചു. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ലഭ്യമാണ്. ചന്ദ്ര പ്രകാശ് ദിവേദിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 200 കോടി ബജറ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് 70 കോടിയില്‍ താഴെ മാത്രമാണ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്. ആഗോള ബോക്‌സ് ഓഫീസില്‍ 90 കോടിയില്‍ താഴെ മാത്രമാണ് സിനിമയുടെ കളക്ഷന്‍.

ഗുഡ്‌ലക്ക് ജെറി

ജാന്‍വി കപൂര്‍ നായികയായി എത്തുന്ന ഗുഡ് ലക്ക് ജെറി ഡയറ്ക്ട് ഒടിടി റിലീസ് ആണ്. ജൂലൈ 29 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. പങ്കജ് മട്ടയുടെ രചനയില്‍ സിദ്ധാര്‍ത്ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപക് ഡോബ്രിയാല്‍, മിതാ വസിഷ്ത്, നീരജ് സൂദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിക്രം

തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷമാണ് ലോകേഷ് കനകരാജ്, കമല്‍ഹാസന്‍ ചിത്രം 'വിക്രം' ഒടിടിയില്‍ എത്തുന്നത്. ജൂലൈ എട്ട് മുതലാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക. മെയ് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം ഇതിനോടകം 500 കോടിക്ക് അടുത്താണ് ആഗോളതലത്തില്‍ കളക്ട് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കി കഴിഞ്ഞു. കേരളത്തില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. സൂര്യ ചിത്രത്തിലെ ഒരു നിര്‍ണായക അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

മേജര്‍

പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'. തിയേറ്ററിലെ മോശമല്ലാത്ത പ്രകടനത്തിന് ശേഷം 'മേജര്‍' ഒടിടിയില്‍ റിലീസിന് എത്തുകയാണ്. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചത്. ആഗോളതലത്തില്‍ 62 കോടി കളക്ട് ചെയ്യാന്‍ മേജറിന് കഴിഞ്ഞു. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

മൂണ്‍ഫാള്‍

റോളണ്ട് എമെറിച്ചിന്റെ സയന്‍സ് ഫിക്ഷന്‍ സിനിമയായ മൂണ്‍ഫാള്‍ ജൂലൈ 1 ന് ലൈന്‍ഗേറ്റ് പ്ലേയില്‍ റിലീസ് ചെയ്യും. ഒരു നിഗൂഢ ശക്തി ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രനെ തട്ടിമാറ്റുന്നതും അത് ജീവിതവുമായി ബന്ധപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എമെറിച്ച് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 4നാണ് ചിത്രം തിയേറ്റർ റിലീസായി എത്തിയത്.

ദി ഗ്രേ മാന്‍

മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാന്‍'. ജൂലൈ 22ന് നെറ്റഫ്ളിക്‌സിലൂടെ സിനിമ റിലീസ് ചെയ്യുക. തെന്നിന്ത്യന്‍ താരം ധനുഷ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. ക്രിസ് ഇവാന്‍സും റയാന്‍ ഗോസ്ലിങ്ങും പ്രധാന വേഷത്തിലെത്തുന്നു. ആന്തോണി റൂസ്സോ ജോയ് റൂസ്സോ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലര്‍ ആയിരിക്കും. നെറ്റ്ഫ്‌ലിക്‌സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ് 'ദി ഗ്രേ മാന്‍'.

Story Highlights; Vikram, Dhakad, The Gray Man July OTT Releases

Next Story