Top

തീയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ 'അജഗജാന്തരം' ; ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ്

പൂജ അവധിക്ക് പുറത്തിറങ്ങാന്‍ തയ്യാറാവുന്ന 'അജഗജാന്തരം' 300ല്‍ പരം സ്‌ക്രീനുകളിലാണ് വരുന്നത്

13 Oct 2021 12:28 PM GMT
ജോയ്സി ജോണ്‍സണ്‍

തീയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ അജഗജാന്തരം ; ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ്
X

പൂരപറമ്പിലെ കൂട്ടത്തല്ലും പ്രശ്‌നങ്ങളുമായി മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ അരങ്ങേറുന്ന 'അജഗജാന്തരം' യു എ സര്‍ട്ടിഫിക്കറ്റ് നേടി. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്ന ചിത്രം തന്നെയായിരിക്കും അജഗജാന്തരം. ഉത്സവത്തില്‍ അരങ്ങേറുന്ന കൂട്ടത്തല്ലും കുഴപ്പങ്ങളുമൊക്കെ കേന്ദ്രീകരിച്ച് ഒരു ചിത്രം വളരെ അപൂര്‍വമായ ഒന്നാണ്. കുറെ നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ പൂരപറമ്പാക്കാന്‍ ഇതിലും നല്ല ഒരു തുടക്കം വേറെ ഉണ്ടാവുകയില്ല. പൂജ അവധിക്ക് പുറത്തിറങ്ങാന്‍ തയ്യാറാവുന്ന 'അജഗജാന്തരം' 300ല്‍ പരം സ്‌ക്രീനുകളിലാണ് വരുന്നത്.

ഉത്സവാന്തരീക്ഷത്തില്‍ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ട് ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ അജഗജാന്തരം, തീയേറ്ററുകളെ പഴയതു പോലെ പൂരപ്പറമ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Popular Stories

    Next Story